മധ്യപ്രദേശില്‍ എല്‍പിജി ട്രെയ്നിന്റെ രണ്ട് വാഗണുകള്‍ പാളം തെറ്റി: ജാര്‍ഖണ്ഡില്‍ ട്രെയിന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

മധ്യപ്രദേശില്‍ എല്‍പിജി ട്രെയ്നിന്റെ രണ്ട് വാഗണുകള്‍ പാളം തെറ്റി: ജാര്‍ഖണ്ഡില്‍ ട്രെയിന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ബല്‍പൂര്‍ ജില്ലയിലെ ഷാഹ്പുര ഭിട്ടോണി ഏരിയയിലെ ഭാരത് പെട്രോളിയം ഡിപ്പോയ്ക്ക് സമീപമാണ് സംഭവം നടന്നത്

മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയില്‍ എല്‍പിജി ട്രെയ്നിന്‍റെ രണ്ട് വാഗണുകള്‍ പാളം തെറ്റി. വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഇന്നലെ രാത്രിയാണ് സംഭവം. റെയില്‍വേ ഫാക്ടറിക്കുള്ളില്‍ എല്‍പിജി ഇറക്കുന്നതിനായി എത്തിച്ചപ്പോഴാണ് സംഭവം. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് റയില്‍വേ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം തന്നെ പാളംതെറ്റിയ സ്ഥലത്ത് എത്തിയിരുന്നു. ജബല്‍പൂര്‍ ജില്ലയിലെ ഷാഹ്പുര ഭിട്ടോണി ഏരിയയിലെ ഭാരത് പെട്രോളിയം ഡിപ്പോയ്ക്ക് സമീപമാണ് സംഭവം നടന്നത്.

അതേസമയം, പാളം തെറ്റിയ സംഭവം റയില്‍വേയുടെ പ്രധാന ലൈന്‍ ഗതാഗതത്തെ ബാധിച്ചിട്ടില്ലെന്നും അധികൃതരുടെ സാന്നിധ്യത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. മെയിന്‍ ലൈനില്‍ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലാണ്.റയില്‍വേ അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ നടക്കുന്ന ഏക ട്രെയിന്‍ അപകടമല്ല ഇത്. റെയില്‍വേ ഗേറ്റില്‍ ട്രാക്ടര്‍ ഇടിച്ചതിനെ തുടര്‍ന്ന് ജാര്‍ഖണ്ഡിലെ ബൊക്കാറോയില്‍ വന്‍ ട്രെയിന്‍ അപകടം ഒഴിവായതായി റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. ഭോജുദിഹ് റെയില്‍വേ സ്റ്റേഷന് സമീപമുള്ള സന്താല്‍ഡിഹ് റെയില്‍വേ ക്രോസിംഗില്‍ ട്രാക്കിനും ഗേറ്റിനുമിടയില്‍ ട്രാക്ടര്‍ കുടുങ്ങുകയായിരുന്നു. ന്യൂഡല്‍ഹി-ഭുവനേശ്വര്‍ രാജധാനി എക്‌സ്പ്രസ് കടന്നുപോകുന്നതിന് മുന്‍പാണ് സംഭവം. ലോക്കോ പൈലറ്റ് ബ്രേക്ക് ചെയ്ത് ട്രെയിന്‍ നിര്‍ത്തിയതിനാല്‍ വന്‍ദുരന്തം ഒഴിവാകുകയായിരുന്നു.

ഒഡീഷയിലെ ബാലസോര്‍ ജില്ലയിൽ 278 പേരുടെ ജീവന്‍ അപഹരിക്കുകയും 1,100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ട്രെയിൻ ദുരന്തത്തിന്റെ ഞെട്ടലിലാണ് രാജ്യം. ബെംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, ഷാലിമാര്‍-ചെന്നൈ സെന്‍ട്രല്‍ കോറോമാണ്ടല്‍ എക്സ്പ്രസ്, ഗുഡ്സ് ട്രെയിന്‍ എന്നിവയുള്‍പ്പെടെ 3 ട്രെയിനുകള്‍ ഇടിച്ചാണ് അപകടമുണ്ടായത്.

logo
The Fourth
www.thefourthnews.in