'ഉദ്യോഗസ്ഥരെ പാർട്ടി  ഏജന്റാക്കുന്നു'; കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കണമെന്ന ഉത്തരവിനെതിരേ ഖാർഗെ

'ഉദ്യോഗസ്ഥരെ പാർട്ടി ഏജന്റാക്കുന്നു'; കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കണമെന്ന ഉത്തരവിനെതിരേ ഖാർഗെ

നടപടി 'സർക്കാർ സംവിധാനങ്ങളുടെ കടുത്ത ദുരുപയോഗമാണ്' എന്ന് ഖാർഗെ പ്രധാനമന്ത്രിക്കുള്ള രണ്ട് പേജ് കത്തിൽ കുറിച്ചു

കേന്ദ്ര സർക്കാരിൻറെ നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ ഉന്നത സർക്കാർ ഉദ്യോഗസ്ഥരെ ഉപയോഗിക്കുന്നതിനെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. എല്ലാ സിവിൽ സർവീസ് ഉദ്യോഗസ്ഥരും കേന്ദ്ര സർക്കാരിന്റെ കഴിഞ്ഞ ഒൻപത് വർഷത്തെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ നടപടി 'സർക്കാർ സംവിധാനങ്ങളുടെ കടുത്ത ദുരുപയോഗമാണ്' എന്ന് ഖാർഗെ പ്രധാനമന്ത്രിക്കുള്ള രണ്ട് പേജ് കത്തിൽ കുറിച്ചു.

വാർഷികാവധിയിൽ പ്രവേശിക്കുന്ന സൈനികർ സർക്കാർ പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നതിന് അവധിക്കാലം ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രാലയവും ഈ മാസമാദ്യം പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെയും കത്തിൽ പരാമർശമുണ്ട്. സിവിൽ സർവീസ് ഉദ്യോഗസ്ഥരെയും സൈനികരെയും രാഷ്ട്രീയത്തിൽനിന്ന് അകറ്റിനിർത്തേണ്ടത് അത്യാവശ്യമാണെന്നും ഉത്തരവുകള്‍ ഉടന്‍ പിന്‍വലിച്ച്‌ ജനാധിപത്യത്തെയും ഭരണഘടനെയും സംരക്ഷിക്കണമെന്നും ഖാർഗെ കത്തിൽ ആവശ്യപ്പെടുന്നു.

"'ഇന്ത്യ' മുന്നണയിലെ പാർട്ടികളുടെ മാത്രം വിഷയമല്ല, പൊതുജനങ്ങൾക്കും ആശങ്കയുളവാക്കുന്ന വലിയ വിഷയമാണിത്. ഉദ്യോഗസ്ഥരെ രാഷ്ട്രീയ പാർട്ടിയുടെ പ്രചാരകരാക്കുന്നത് സർക്കാർ സംവിധാനങ്ങളുടെ കടുത്ത ദുരുപയോഗമാണ്. സർക്കാർ ജീവനക്കാർ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമാകാൻ പാടില്ലെന്ന 1964ലെ കേന്ദ്ര സിവിൽ സർവീസ് ചട്ടങ്ങളുടെ വ്യക്തമായ ലംഘനമാണിത്. സർക്കാർ ഉദ്യോഗസ്ഥർ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാമെങ്കിലും നേട്ടങ്ങൾ എടുത്തുകാട്ടാൻ ഉപയോഗിക്കുന്നത് അവരെ ഭരണകക്ഷിയുടെ പ്രവർത്തകരാക്കുന്ന നടപടിയാണ്. നിലവിലെ സർക്കാരിന്റെ മാർക്കറ്റിങ് പ്രവൃത്തികൾക്ക് മുതിർന്ന ഉദ്യോഗസ്ഥരെ ഉപയോഗിച്ചാൽ അടുത്ത ആറുമാസത്തേക്ക് രാജ്യത്തെ ഭരണനിർവഹണം സ്തംഭിക്കും" ഖാർഗെ കത്തിൽ പറയുന്നു.

രാജ്യത്തിന് കാവൽ നിൽക്കാൻ ജവാന്മാരെ സജ്ജമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ആർമി ട്രെയിനിങ് കമാൻഡ്, സർക്കാർ പദ്ധതികൾ എങ്ങനെ പ്രോത്സാഹിപ്പിക്കാമെന്നതിനെക്കുറിച്ചുള്ള തിരക്കഥകളും പരിശീലന മാനുവലുകളും തയ്യാറാക്കുന്ന തിരക്കിലാണെന്നും പ്രധാനമന്ത്രിക്കയച്ച കത്തിൽ ഖാർഗെ കുറ്റപ്പെടുത്തുന്നു. "സൈനികരെ രാഷ്ട്രീയത്തിന് പുറത്തുനിർത്തേണ്ടത് ജനാധിപത്യത്തിന് അത്യന്താപേക്ഷിതമാണ്. ജവാന്മാരുടെ കൂറ് രാജ്യത്തോടും ഭരണഘടനയോടും ആയിരിക്കണം. സർക്കാർ പദ്ധതികളുടെ വിപണന ഏജന്റുമാരാകാൻ നമ്മുടെ സൈനികരെ നിർബന്ധിക്കുന്നത് സായുധ സേനയെ രാഷ്ട്രീയവൽക്കരിക്കുന്നതിനുള്ള അപകടകരമായ ചുവടുവെപ്പാണ്" ഒക്ടോബർ ഒൻപതിലെ സർക്കുലർ ചൂണ്ടിക്കാട്ടി ഖാർഗെ പറഞ്ഞു.

'ഉദ്യോഗസ്ഥരെ പാർട്ടി  ഏജന്റാക്കുന്നു'; കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കണമെന്ന ഉത്തരവിനെതിരേ ഖാർഗെ
പലസ്തീന് ഇന്ത്യയുടെ കൈത്താങ്ങ്; ജീവന്‍രക്ഷാ മരുന്നുകളടക്കമുള്ള സഹായവുമായി വിമാനം പുറപ്പെട്ടു

വിവിധ വകുപ്പുകളിലെ ജോയിന്റ് സെക്രട്ടറി, ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി എന്നീ റാങ്കിലുള്ള ഉദ്യോഗസ്ഥരെ രാജ്യത്തെ 765 ജില്ലകളിൽ സർക്കാർ പ്രചാരകരായി അയയ്ക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവിന്റെ പകർപ്പ് കോൺഗ്രസ് മീഡിയ വിഭാഗം മേധാവി പവൻ ഖേഡ എക്‌സിൽ പങ്കുവച്ചതിന് പിറകെയാണ് ഖാർഗെയുടെ കത്ത്.

logo
The Fourth
www.thefourthnews.in