കാല്‍ വഴുതി വീണ് മമതാ ബാനര്‍ജിക്ക് ഗുരുതര പരുക്ക്; ചിത്രങ്ങള്‍ പുറത്തുവിട്ട് തൃണമൂല്‍ കോണ്‍ഗ്രസ്

കാല്‍ വഴുതി വീണ് മമതാ ബാനര്‍ജിക്ക് ഗുരുതര പരുക്ക്; ചിത്രങ്ങള്‍ പുറത്തുവിട്ട് തൃണമൂല്‍ കോണ്‍ഗ്രസ്

ഗൃഹോപകരണത്തില്‍ ശക്തിയായി തലയടിച്ചാണ് നെറ്റിയില്‍ ആഴത്തില്‍ മുറിവേറ്റതെന്നാണ് പ്രാഥമിക വിവരം

കാല്‍ വഴുതി വീണ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ഗുരുതര പരുക്ക്. നെറ്റിയുടെ മധ്യഭാഗത്ത് ആഴത്തില്‍ മുറിവേറ്റ മമതയെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ കഴിയുന്ന മമതയുടെ ചിത്രം തൃണമൂല്‍ കോണ്‍ഗ്രസ് തങ്ങളുടെ ഔദ്യോഗിക് എക്‌സ് അക്കൗണ്ടിലൂടെ പങ്കുവച്ചു. നെറ്റിയില്‍ നിന്ന് രക്തം വാര്‍ന്നൊഴുകുന്ന രീതിയില്‍ ആശുപത്രി കിടക്കയില്‍ കിടക്കുന്ന മമതയുടെ ചിത്രങ്ങളാണ് തൃണമൂല്‍ പുറത്തുവിട്ടത്.

''ഞങ്ങളുടെ അധ്യക്ഷ മമതാ ബാനര്‍ജിക്ക് ഗുരുതരമായി പരുക്കേറ്റു. അവരെ നിങ്ങളുടെ പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്തൂ'' എന്ന കുറിപ്പോടെയാണ് തൃണമൂല്‍ ചിത്രം പുറത്തുവിട്ടത്. ഇന്ന് തിരഞ്ഞെടുപ്പ് പരിപാടിക്ക് ശേഷം തന്റെ ഔദ്യോഗിക വസതിയില്‍ തിരിച്ചെത്തിയ മമത കാല്‍വഴുതി വീഴുകയായിരുന്നു.

വീഴ്ചയില്‍ സമീപത്തുള്ള ഗൃഹോപകരണത്തില്‍ ശക്തിയായി തലയടിച്ചാണ് നെറ്റിയില്‍ ആഴത്തില്‍ മുറിവേറ്റതെന്നാണ് പ്രാഥമിക വിവരം. നിലവില്‍ കൊല്‍ക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയിലാണ് മമത. അപകടനില തരണം ചെയ്തുവെന്നും കാര്യമായ മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

logo
The Fourth
www.thefourthnews.in