20 രൂപയുടെ പൊടി ഒരു കോടിയുടെ ലഹരി വസ്തുവായി; ജയിലിൽ കിടന്നത് 20 വർഷം

20 രൂപയുടെ പൊടി ഒരു കോടിയുടെ ലഹരി വസ്തുവായി; ജയിലിൽ കിടന്നത് 20 വർഷം

ഖുർഷിദ് എന്ന പോലീസ് കോൺസ്റ്റബിളിനെ കുടിശിക അടക്കാത്തതിന്റെ പേരിൽ അയ്യൂബ് വാടകവീട്ടിൽ നിന്ന് പുറത്താക്കിയിരുന്നു.

ഹെറോയിൻ കൈവശം വച്ചതിന് അറസ്റ്റിലാകുക, വർഷങ്ങൾ നീണ്ട തടവു ശിക്ഷയ്ക്ക് ശേഷം ജയിൽ മോചിതനാകുക. ഛത്തീസ്‌ഗഡ് സ്വദേശിയായ അബ്‌ദുള്ള അയ്യൂബിന്റെ ജീവിതത്തിൽ നടന്ന സംഭവമാണിത്. 2003 മാർച്ച് 14നാണ് ഒരു കോടി രൂപ വിലവരുന്നതെന്ന് കരുതുന്ന 25 ഗ്രാം ഹെറോയിൻ അയ്യൂബിന്റെ പക്കൽ നിന്ന് പോലീസ് കണ്ടെടുത്തത്. തുടർന്ന് നീണ്ട 20 വർഷത്തോളം അയ്യൂബ് ജയിലിൽ കിടന്നു.

പിന്നീട് 20 വർഷങ്ങൾക്കിപ്പുറം അയ്യൂബ് നിരപരാധിയാണെന്ന് കോടതിയിൽ തെളിയിക്കപ്പെട്ടു. കടകളിൽ വെറും 20 രൂപയ്ക്ക് വിൽക്കുന്ന പൊടിയായിരുന്നു ഇയാളുടെ പക്കൽ നിന്നും ലഹരി വസ്തു എന്ന പേരിൽ പോലീസ് പിടികൂടിയത്. അയ്യൂബിനോട് പ്രതികാരമുള്ള ആളുകൾ ചേർന്ന് നടത്തിയ കുരുക്കായിരുന്നു കെട്ടി ചമച്ച ലഹരിക്കേസ് എന്ന് അയ്യൂബിന്റെ അഭിഭാഷകൻ പ്രേം പ്രകാശ് ശ്രീവാസ്തവയ്ക്ക് കോടതിയിൽ തെളിയിക്കാനായി.

ഖുർഷിദ് എന്ന പോലീസ് കോൺസ്റ്റബിളിനെ കുടിശിക അടക്കാത്തതിന്റെ പേരിൽ അയ്യൂബ് വാടകവീട്ടിൽ നിന്ന് പുറത്താക്കിയിരുന്നു. അയ്യൂബിനോടുള്ള പ്രതികാരം തീർക്കാനായി സിറ്റി സർക്കിൾ പോലീസ് ഓഫീസർ അനിൽ സിംഗ്, പുരാനി ബസ്തി സ്റ്റേഷൻ ഓഫീസർ ലാൽജി യാദവ്, എസ്ഐ നർമ്മദേശ്വർ ശുക്ല എന്നിവരുമായി ഗൂഢാലോചന നടത്തി ഖുർഷിദ് വ്യാജ ലഹരി നിക്ഷേപിക്കുകയായിരുന്നു. മാത്രമല്ല എല്ലാ ഫോറൻസിക് തെളിവുകളും നശിപ്പിച്ചു.

എന്നാൽ വർഷങ്ങൾക്കിപ്പുറം വിചാരണയ്ക്കിടയിൽ ബസ്തിയിലെ ഫൊറൻസിക് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ പൊടിയിൽ ഹെറോയിൻ ഉണ്ടെന്ന് സ്ഥിരീകരിച്ചു. എന്നാൽ കോടതി ഈ സാമ്പിൾ വീണ്ടും ലഖ്‌നൗവിലെ ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കയച്ചപ്പോൾ പൊടി ഹെറോയിൻ അല്ലെന്ന് കണ്ടെത്തി. അന്തിമ പരിശോധനയ്ക്ക് വേണ്ടി കോടതി സാമ്പിൾ വീണ്ടും ഡൽഹിയിലെ ലബോറട്ടറിയിലേക്ക് അയച്ചു. പക്ഷെ അതിവിദഗ്ധമായി പോലീസ് തെളിവുകളെല്ലാം നശിപ്പിച്ചു.

തുടർന്ന് സാമ്പിൾ ഡൽഹിയിലെ ലബോറട്ടറിയിലേക്ക് അയച്ചു, അവിടെയും പോലീസ് തെളിവുകൾ നശിപ്പിക്കുകയായിരുന്നു. സംശയം തോന്നിയ കോടതി ലഖ്‌നൗവിൽ നിന്നുള്ള വിദഗ്ധരെ പരിശോധനയ്ക്കായി വിളിച്ചുവരുത്തിയപ്പോൾ സാമ്പിൾ വ്യാജമാണെന്നും പൊടി തവിട്ട് നിറമാണെന്നും സ്ഥിരീകരിച്ചു. ഹെറോയിന്റെ വെളുത്ത നിറത്തിന് ഏതു കാലാവസ്ഥയിലും വ്യത്യാസം വരുകയില്ലെന്നിരിക്കയാണ് പൊടി തവിട്ട് നിറമായി മാറിയത്. ഇതിനെത്തുടർന്ന് അയ്യൂബ് നിരപരാധിയാണെന്ന് ജസ്റ്റിസ് വിജയ് കുമാർ കത്യാർ അധ്യക്ഷനായ കോടതിക്ക് ബോധ്യമാവുകയും വെറുതെ വിടുകയുമായിരുന്നു. പോലീസ് കേസ് കെട്ടിച്ചമച്ചതാണെന്നും, കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയെന്നും കോടതി നിരീക്ഷിച്ചു.

logo
The Fourth
www.thefourthnews.in