യുപിയില്‍ കൊലക്കേസ് പ്രതിയെ പോലീസ് വെടിവച്ചു കൊന്നു;  ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവം

യുപിയില്‍ കൊലക്കേസ് പ്രതിയെ പോലീസ് വെടിവച്ചു കൊന്നു; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവം

ബിഎസ്പി എംഎല്‍എയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ സാക്ഷി ഉമേഷ് പാലിനെ വെടിവച്ചു കൊന്ന സംഭവത്തിലെ പ്രതിയെയാണ് പോലീസ് വകവരുത്തിയത്.

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ കൊലക്കേസ് പ്രതിയെ പോലീസ് വെടിവച്ചുകൊന്നു. ബിഎസ്പി എംഎല്‍എയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ സാക്ഷി ഉമേഷ് പാലിനെ വെടിവച്ചു കൊന്ന സംഭവത്തിലെ പ്രതിയെയാണ് പോലീസ് വകവരുത്തിയത്. ഉമേഷ് പാല്‍ കൊലക്കേസ് പ്രതി ഉസ്മാന്‍ എന്ന വിജയ് ചൗധരി ആണ് മരിച്ചത്. ഇതേകേസിലെ മറ്റൊരു പ്രതി അര്‍ബാസിനെ കഴിഞ്ഞ 28ന് യുപി പോലീസ് സമാനമായ സാഹചര്യത്തില്‍ വകവരുത്തിയിരുന്നു. ഇതോടെ ആറ് പ്രതികളുള്ള കേസില്‍ രണ്ട് മുഖ്യ പ്രതികളെയാണ് പോലീസ് ഏറ്റുമുട്ടലിലില്‍ കൊലപ്പെടുത്തിയത്.

ഇന്ന് പുലര്‍ച്ചെ പ്രയാഗ്രാജിലെ കൗന്ധിയാരാ പോലീസ് സ്റ്റേഷന് മുന്‍പില്‍ വച്ചായിരുന്നു ഏറ്റുമുട്ടല്‍. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഉസ്മാന്‍ പൊലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഇയാള്‍ക്ക് വെടിയേറ്റു. പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. പ്രതി തോക്കുചൂണ്ടി നില്‍ക്കുന്ന ഫോട്ടോയുള്‍പ്പെടെ യുപി പോലീസ് പുറത്തുവിട്ടിട്ടുണ്ട്.

ഉമേഷ്പാൽ കൊലക്കേസിലെ ആറ് പ്രതികളിൽ ബാക്കിയുള്ള 4 പ്രതികൾക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് 2.5 ലക്ഷം രൂപയാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്.

2005ല്‍ ബിഎസ്പി എംഎല്‍എ ആയിരുന്ന രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസാക്ഷിയായിരുന്നു ഉമേഷ് പാൽ.

2005ല്‍ ബിഎസ്പി എംഎല്‍എ ആയിരുന്ന രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസാക്ഷിയായിരുന്നു ഉമേഷ് പാൽ. ഫെബ്രുവരി 24ന് പ്രയാഗ്‌രാജിലുള്ള തന്റെ വസതിക്കു മുൻപിൽ വച്ച് ആറ് പേർ ചേർന്നാണ് ഉമേഷ് പാലിനെയും സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപിനെയും വെടിവച്ചുകൊലപ്പെടുത്തിയത്. പോലീസ് ഏറ്റുമുട്ടലിൽ ആദ്യം കൊല്ലപ്പെട്ട അർബാസ് ആയിരുന്നു ആന്നേ ദിവസം പ്രതികൾ വന്ന വാഹനം ഓടിച്ചിരുന്നത്.

ഉമേഷ്പാൽ കൊലക്കേസിലെ ഒന്നാം പ്രതി ആസാദ് ഇപ്പോഴും ഒളിവിലാണ്. രാജുപാൽ കൊലക്കേസിലെ മുഖ്യ പ്രതികളിൽ ഒരാളും രാഷ്ട്രീയ നേതാവും ക്രിമിനല്‍ കേസ് പ്രതിയുമായ ആതിഖ് അഹമ്മദിന്റെ മകനാണ് ആസാദ്.

logo
The Fourth
www.thefourthnews.in