ആക്രമണങ്ങള്‍ അവസാനിപ്പിക്കുക, അല്ലാത്തപക്ഷം അനന്തരഫലങ്ങള്‍ നേരിടേണ്ടിവരും; മുന്നറിയിപ്പുമായി മുഖ്യമന്ത്രി ബിരേന്‍ സിങ്

ആക്രമണങ്ങള്‍ അവസാനിപ്പിക്കുക, അല്ലാത്തപക്ഷം അനന്തരഫലങ്ങള്‍ നേരിടേണ്ടിവരും; മുന്നറിയിപ്പുമായി മുഖ്യമന്ത്രി ബിരേന്‍ സിങ്

അക്രമികള്‍ ആരാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കിലും അര്‍ധരാത്രിയോടെ ഗ്രാമത്തിലെ അഞ്ച് വീടുകള്‍ക്ക് തീയിട്ടതായി സമീപവാസികള്‍ പറഞ്ഞു

ഇംഫാല്‍ വെസ്റ്റില്‍ നടന്ന വെടിവെയ്പ്പില്‍ ഒരു സൈനികന് പരിക്കേറ്റതിനെ തുടര്‍ന്ന് അക്രമണം നടത്തുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്. ഇത്തരം സംഭവങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ അനന്തരഫലങ്ങള്‍ ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

'സുരക്ഷയെക്കുറിച്ചും ആക്രമണങ്ങള്‍ എങ്ങനെ തടയാം എന്നതിനെക്കുറിച്ചും ഞാന്‍ ഒരു അവലോകന യോഗം നടത്താന്‍ പോകുന്നു. ഇത്തരം സംഭവങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണം, അല്ലാത്തപക്ഷം അതിന്റെ ഭവിഷ്യത്തുകള്‍ നേരിടേണ്ടിവരും. ആയുധങ്ങളുമായി നില്‍ക്കുന്ന മെയ്തി ജനതയോട് അക്രമം അവസാനിപ്പിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്,''അദ്ദേഹം പറഞ്ഞു.

പടിഞ്ഞാറന്‍ ഇംഫാലിലെ കാന്റോ സബലില്‍ നിന്ന് ചിംഗമാങ് ഗ്രാമത്തിലേക്ക് ആയുധധാരികളായ അക്രമികള്‍ പ്രകോപനമില്ലാതെ വെടിയുതിര്‍ത്തപ്പോഴാണ് സൈനികന് പരിക്കേറ്റത്. അക്രമികള്‍ വീടുകള്‍ക്ക് തീവെക്കുകയും സൈനികര്‍ക്ക് നേരെ വെടിവെപ്പ് നടത്തുകയും ചെയ്തു. ഒരു സൈന്യത്തിന് നേരെ നടത്തിയ വെടിവെയ്പ്പില്‍ പരിക്കേറ്റ ജവാന്‍ ഇപ്പോള്‍ മിലിട്ടറി ആശുപത്രിയില്‍ ചികിത്സയിലാണ്.

അക്രമികള്‍ ആരാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കിലും അര്‍ദ്ധരാത്രിയോടെ ഗ്രാമത്തിലെ അഞ്ച് വീടുകള്‍ക്ക് തീയിട്ടതായി സമീപവാസികള്‍ പറഞ്ഞു. ലീമാഖോങ് സൈനിക പട്ടാളത്തില്‍ നിന്ന് നൂറ് മീറ്റര്‍ അകലെയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.

മെയ് 3 മുതല്‍ മണിപ്പൂരില്‍ നടക്കുന്ന അക്രമങ്ങള്‍ പ്രധാനമായും സംസ്ഥാനത്തെ മെയ്തി, കുകി-സോമി വിഭാഗങ്ങള്‍ക്കിടയിലായിരുന്നുവെങ്കിലും ഞായറാഴ്ച രാത്രി കത്തിച്ച വീടുകളിലൊന്ന് നാഗാ കുടുംബത്തിന്റേതാണ്.

താഴ്വരയിലെ ഇംഫാല്‍ വെസ്റ്റ് ജില്ലയുടെയും കാങ്പോക്പി ജില്ലയുടെയും അതിര്‍ത്തിയിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ വീടുകള്‍ക്ക് നേരെ ഒന്നിലധികം ആക്രമണങ്ങളും ഇംഫാലിനുള്ളില്‍ ആയുധശാലകള്‍ കൊള്ളയടിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

സംഘര്‍ഷത്തില്‍ അയവുണ്ടാക്കാത്ത പശ്ചാത്തലത്തില്‍ മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് ഇന്ന് ഡല്‍ഹിയിലേക്ക് തിരിച്ചു. പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തിന് മുന്‍പായി വിഷയം ചര്‍ച്ച ചെയ്യാനാണ് ബിരേന്‍ സിങിന്റെ നീക്കം.

അതേസമയം, പ്രശ്‌നത്തില്‍ ഇടപെടാത്ത പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തുന്നത്. മണിപ്പൂരില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ ശ്രദ്ധിക്കാതെ പ്രധാനമന്ത്രി വിദേശ സന്ദര്‍ശനം നടത്തുകയാണെന്നാണ് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറേ വിമര്‍ശിച്ചത്. സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കണമെന്നും സമാധാനം പുനസ്ഥാപിക്കണമെന്നുമാശ്യപ്പെട്ട് ആര്‍എസ്എസും രംഗത്തെത്തിയിരുന്നു.

logo
The Fourth
www.thefourthnews.in