'ഭാരത് ന്യായ് യാത്ര'; ഉദ്ഘാടന വേദി നല്‍കാന്‍ നിബന്ധനവച്ച് മണിപ്പൂര്‍ സര്‍ക്കാര്‍, ഇംഫാലില്‍തന്നെ നടത്തുമെന്ന് കോണ്‍ഗ്രസ്

'ഭാരത് ന്യായ് യാത്ര'; ഉദ്ഘാടന വേദി നല്‍കാന്‍ നിബന്ധനവച്ച് മണിപ്പൂര്‍ സര്‍ക്കാര്‍, ഇംഫാലില്‍തന്നെ നടത്തുമെന്ന് കോണ്‍ഗ്രസ്

അതേദിവസംതന്നെ ഈ ഗ്രൗണ്ടില്‍ മുഖ്യമന്ത്രിയുടെ മറ്റൊരു പരിപാടി നടത്താനുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നടപടി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ന്യായ് യാത്രയുടെ ഉദ്ഘാടന സമ്മേളനത്തിന് നിശ്ചയിച്ചിരുന്ന വേദിക്ക് അനുമതി നല്‍കാന്‍ നിബന്ധനവച്ച് മണിപ്പൂര്‍ സര്‍ക്കാര്‍. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിബന്ധനകളെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. ചുരുക്കം ആളുകളെ പങ്കെടുപ്പിച്ച് പരിപാടി നടത്തണം എന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ''പരിപാടിക്ക് പൂര്‍ണമായി അനുമതി നിഷേധിച്ചിട്ടില്ല. അതേദിവസം തന്നെ ഈ ഗ്രൗണ്ടില്‍ മുഖ്യമന്ത്രിയുടെ മറ്റൊരു പരിപാടി നടത്താനുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നടപടി'', കെ സി വേണുഗോപാല്‍ അറിയിച്ചു.

''എന്തായാലും ഞങ്ങള്‍ പരിപാടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടേയും മറ്റു പാര്‍ട്ടികളുടേയും പരിപാടികള്‍ അവിടെ നടക്കുന്നുണ്ട്. പിന്നെ എന്തുകൊണ്ടാണ് ഞങ്ങളുടെ പരിപാടിക്ക് മാത്രം നിയന്ത്രണം'', കെ സി വേണുഗോപാല്‍ ചോദിച്ചു.

''കിഴക്ക് നിന്ന് പടിഞ്ഞാറേക്ക് യാത്ര തുടങ്ങുമ്പോള്‍ എങ്ങനെ മണിപ്പൂരിനെ ഒഴിവാക്കാനാകും? പിന്നെ എന്ത് സന്ദേശമാണ് ഞങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കുന്നത്?'', വേണുഗോപാല്‍ ചോദിച്ചു.

'ഭാരത് ന്യായ് യാത്ര'; ഉദ്ഘാടന വേദി നല്‍കാന്‍ നിബന്ധനവച്ച് മണിപ്പൂര്‍ സര്‍ക്കാര്‍, ഇംഫാലില്‍തന്നെ നടത്തുമെന്ന് കോണ്‍ഗ്രസ്
അഞ്ച് സംസ്ഥാനം, 59 സീറ്റ്, സമവാക്യങ്ങള്‍ വ്യത്യസ്തം; 'ഇന്ത്യ'യില്‍ എഎപി-കോണ്‍ഗ്രസ് സീറ്റ് ധാരണയുടെ ഭാവിയെന്ത്?

ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ഹട്ട കാംഗ്‌ജെയിബംഗിലെ പാലസ് ഗ്രൗണ്ടിലാണ് ജനുവരി 14-ന് യാത്രയുടെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. അനുമതി നല്‍കുന്നതില്‍ സര്‍ക്കാര്‍ നിബന്ധനവച്ച സാഹചര്യത്തില്‍, തൗബാല്‍ ജില്ലയിലെ സ്വകാര്യ ഗ്രൗണ്ടിലേക്ക് വേദി മാറ്റിയതായി പിസിസി അറിയിച്ചിരുന്നു. എന്നാല്‍, ഇംഫാലില്‍തന്നെ പരിപാടി നടത്തുമെന്നാണ് കെ സി വേണുഗോപാല്‍ അറിയിച്ചിരിക്കുന്നത്.

വേദി സംബന്ധിച്ച് മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിങുമായി പിസിസി അധ്യക്ഷന്‍ കെ മേഘചന്ദ്രയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, ഗ്രൗണ്ടിന് അനുമതി നല്‍കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതായി മേഘചന്ദ്ര പറഞ്ഞു. വേദിക്ക് അനുമതി നിഷേധിച്ചത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പ്രതികരിച്ചു.

നേരത്തെ, സ്ഥിതിവിവരങ്ങള്‍ വിശകലനം ചെയ്തതിനുശേഷം മാത്രമേ പരിപാടിക്ക് അനുമതി നല്‍കാന്‍ സാധിക്കുള്ളുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി ബീരേന്‍ സിങ് അറിയിച്ചിരുന്നു. ബസിലും കാല്‍നടയായും നടത്തുന്ന ഭാരത് ന്യായ് യാത്ര 6,713 കിലോമീറ്ററാണ് സഞ്ചരിക്കുന്നത്. 100 ലോക്‌സഭ മണ്ഡലങ്ങളും 337 നിയമസഭ മണ്ഡലങ്ങളും 66 ദിവസം കൊണ്ട് ജാഥ താണ്ടും. മാര്‍ച്ച് 20-ന് മുംബൈയിലാണ് സമാപനം. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുടേയും മുതിര്‍ന്ന നേതാക്കളുടേയും സാന്നിധ്യത്തില്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പ് ഉദ്ഘാടനം ചെയ്യുന്നത്.

logo
The Fourth
www.thefourthnews.in