ബംഗാളിൽ മോഷണം ആരോപിച്ച് സ്ത്രീകളെ അർധനഗ്നരാക്കി ആക്രമിച്ചു; സർക്കാരിനെതിരെ ബിജെപി

ബംഗാളിൽ മോഷണം ആരോപിച്ച് സ്ത്രീകളെ അർധനഗ്നരാക്കി ആക്രമിച്ചു; സർക്കാരിനെതിരെ ബിജെപി

ബംഗാളിലെ മാൽഡ ജില്ലയിലെ പകുവാഹത്താണ് സംഭവം

മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി ആൾക്കൂട്ട ആക്രമണത്തിന് ഇരയാക്കിയ വീഡിയോ പ്രചരിച്ചതിന് പിന്നാലെ, പശ്ചിമ ബംഗാളിലും സമാനമായ സംഭവമുണ്ടായെന്ന് റിപ്പോർട്ട്. രണ്ട് സ്ത്രീകളെ അർദ്ധനഗ്നരാക്കി ആൾക്കൂട്ടം ആക്രമിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. ബംഗാളിലെ മാൽഡ ജില്ലയിലെ പകുവാഹത്ത് പ്രദേശത്താണ് സംഭവം. സ്ത്രീകളെ മോഷണക്കുറ്റം ആരോപിച്ചാണ് നാട്ടുകാർ മർദിക്കുന്നതെന്ന് വീഡിയോ വ്യക്തമാക്കുന്നു.

ഇരുവരെയും സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ചെരുപ്പുകൊണ്ടും മറ്റും മർദിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയതിന് പിന്നാലെ, സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ ഡോ. സുകാന്ത മജുംദാർ രംഗത്തെത്തി. രണ്ട് ആദിവാസി സ്ത്രീകളെ നഗ്നരാക്കി ആൾക്കൂട്ടം അക്രമിച്ചിട്ടും, മമത ബാനർജി നിശബ്ദമായിരിക്കുന്നെന്ന് സുകാന്ത ട്വീറ്റ് ചെയ്തു. ട്വീറ്റിൽ ആക്രമണത്തിന്റെ വീഡിയോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എന്നാൽ ബിജെപി, സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണ് ശ്രമിക്കുന്നതെന്ന് പശ്ചിമ ബംഗാൾ മന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ ശശി പഞ്ച പറഞ്ഞു. മാൽഡയിലെ സംഭവത്തിൽ സർക്കാരിനെ പ്രതിചേർക്കേണ്ട ആവശ്യമില്ല. കടയിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചതിന് സ്ത്രീകള്‍ ഉള്‍പ്പെടെ ഇവരെ ആക്രമിക്കുകയായിരുന്നുവെന്നും പോലീസ് ഉടന്‍ സംഭവസ്ഥലത്ത് എത്തിയതായും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in