മണിപ്പൂര്‍: സംഘര്‍ഷം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തല്‍, സ്ഥിതി വിലയിരുത്തി അമിത് ഷാ

മണിപ്പൂര്‍: സംഘര്‍ഷം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തല്‍, സ്ഥിതി വിലയിരുത്തി അമിത് ഷാ

ബിജെപി എംഎല്‍എയ്ക്ക് നേരെ ആക്രമണം

മണിപ്പൂരില്‍ ദിവസങ്ങളായി തുടരുന്ന സംഘര്‍ഷങ്ങള്‍ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. സംഘര്‍ഷ സാധ്യത മുന്‍ കൂട്ടി കണ്ട് തടയുന്നതില്‍ വീഴ്ചയുണ്ടായയെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഇടഞ്ഞു നില്‍ക്കുന്ന വിഭാഗങ്ങളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചില്ലെന്നും ആക്ഷേപമുണ്ട്. മണിപ്പൂരിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ട് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അമിത് ഷാ ഭാഗമായത്. യോഗത്തിന് പിന്നാലെ സംസ്ഥാനത്തേക്ക് കൂടുതല്‍ കേന്ദ്ര സേനയെ നിയോഗിക്കാനും തീരുമാനിച്ചിരുന്നു. കേന്ദ്ര സായുധ സേനയുടെ 10 അധിക കമ്പനി ഉദ്യോഗസ്ഥരെയാണ് സംഘര്‍ഷ മേഖലയിലേക്ക് നിയോഗിച്ചത്.

സംഘര്‍ഷം തുടരുന്ന പ്രദേശങ്ങളില്‍ നിന്നും 11,000-ത്തിലധികം സാധാരണക്കാരെ സുരക്ഷിത മേഖലയിലേക്ക് മാറ്റിയതായും സൈന്യം അറിയിച്ചു. സൈന്യത്തിന്റെയും അസം റൈഫിള്‍സിന്റെയും നേതൃത്വത്തിലായിരുന്നു നടപടി. പലായനം ചെയ്തവര്‍ക്കായി ഭക്ഷണം, പാര്‍പ്പിടം, വൈദ്യസഹായം തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും സൈന്യം അറിയിച്ചു.

മണിപ്പൂരിലെ സംഘര്‍ഷങ്ങള്‍ക്കിടെ വെള്ളിയാഴ്ച ബിജെപി എംഎല്‍എയും ആക്രമിക്കപ്പെട്ടിരുന്നു. വുങ്കാഗിന്‍ വാള്‍ട്ടയാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഇദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മെയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട അക്രമ സംഭവങ്ങളില്‍ ഇതുവരെ പത്തോളം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിനായി ഇതിനോടകം പതിനായിരത്തോളം സുരക്ഷാ സൈനികരെയാണ് നിയോഗിച്ചിട്ടുള്ളത്.

മണിപ്പൂര്‍: സംഘര്‍ഷം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തല്‍, സ്ഥിതി വിലയിരുത്തി അമിത് ഷാ
വിവാദ ബില്‍: മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം; അഞ്ച് ദിവസത്തേക്ക് ഇന്റനെറ്റ് ബന്ധം വിച്ഛേദിച്ചു

ഗോത്ര മേഖലയുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണത്തില്‍ പ്രതിഷേധിച്ചാണ് സര്‍ക്കാരിനെതിരെ ജനങ്ങള്‍ രംഗത്തിറങ്ങിയത്. കൂടിയാലോചനയ്ക്ക് ശേഷം തയ്യാറാക്കിയ ബില്‍ അവതരിപ്പിക്കാതെ പുതിയ ബില്ലുകള്‍ നിയമസഭയില്‍ അവതരിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ തുടരുന്ന പ്രതിഷേധം അക്രമ സംഭവങ്ങളിലേക്ക് കടക്കുകയായിരുന്നു. തെറ്റുചെയ്യുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കാന്‍ ഉത്തരവ് ലഭിച്ചതായും സൈന്യത്തിന് ഫ്‌ളാഗ് മാര്‍ച്ച് ഓര്‍ഡര്‍ ലഭിച്ചതായും മണിപ്പൂര്‍ ഡിജിപി ഡുംഗല്‍ പറഞ്ഞു.

പ്രതിഷേധങ്ങള്‍ ആരംഭിച്ച മണിപ്പൂരിലെ ഇംഫല്‍ താഴ്വരയടക്കമുളള പ്രദേശങ്ങളില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും റോഡ് മാര്‍ഗവും വിമാന മാര്‍ഗവും കൂടുതല്‍ സേന വിന്യസിപ്പിക്കുന്നുണ്ട്. സുരക്ഷാ സേനയും സായുധ സംഘങ്ങളും തമ്മിലുളള ഏറ്റമുട്ടല്‍ പല പ്രദേശങ്ങളിലും നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, മണിപ്പൂരിലെ വിവിധ ജില്ലകളിലെ സംഘർഷങ്ങൾ തുടരുന്നതിനിടെ മോറെയിലും കാങ്‌പോക്പിയിലും സ്ഥിതി നിയന്ത്രണവിധേയമായതായി സൈന്യം അറിയിച്ചു. ഇംഫാലിലും ചുരാചന്ദ്‌പൂരിലും സാധാരണ നില പുനഃസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളും പുരോഗമിക്കുകയാണെന്നും സൈന്യം അറിയിച്ചു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മണിപ്പൂരിലേക്കുള്ള എല്ലാ ട്രെയിനുകളും നിർത്തലാക്കി. കൂടാതെ എല്ലാ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും അധികൃതർ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in