അണയാതെ തീ; മണിപ്പൂർ ശാന്തമാകാത്തത് എന്തുകൊണ്ട്?

അണയാതെ തീ; മണിപ്പൂർ ശാന്തമാകാത്തത് എന്തുകൊണ്ട്?

ഗോത്ര വിഭാഗങ്ങളും ഗ്രോത വിഭാഗങ്ങളല്ലാത്തവരും തമ്മിലുള്ള സംഘർഷമാണ് മണിപ്പൂരിൽ നടക്കുന്നത്.

മണിപ്പൂരിൽ ഇക്കഴിഞ്ഞ മെയ് മൂന്നിന് ആരംഭിച്ച ആഭ്യന്തര കലഹത്തിന് ഇനിയും അറുതി വന്നിട്ടില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ടെത്തി പ്രശ്നപരിഹാരത്തിന് ശ്രമിച്ചിട്ടും സംഘ‍ർഷത്തിന് അയവില്ല. കഴിഞ്ഞ മൂന്ന് ദിവസമായി ഇംഫാലിൽ സ്ഥിതി​ഗതികൾ ​ഗുരുതരമാണ്. ഭൂരിപക്ഷ-ന്യൂനപക്ഷ വിഭാഗങ്ങൾ തമ്മിലുള്ള ഭിന്നതയും വർധിച്ചുവരികയാണ്. ഗോത്ര വിഭാഗങ്ങളും ഗ്രോത വിഭാഗങ്ങളല്ലാത്തവരും തമ്മിലുള്ള സംഘർഷമാണ് മണിപ്പൂരിൽ നടക്കുന്നത്. എന്നാൽ ഇരുസമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം വഴിമാറി, രാഷ്ട്രീയ നേതൃത്വങ്ങളെയും പോലീസ് സ്‌റ്റേഷനുകളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളായി മാറുന്നു. ഓരോരുത്തർക്കും അതിന്റെ ഉത്ഭവത്തെക്കുറിച്ച് വ്യത്യസ്തമായ ധാരണയാണെന്ന വസ്തുതയാണ് സംഘർഷത്തിന്റെ സങ്കീർണത എടുത്തുകാണിക്കുന്നത്.

മേയ്തി വിഭാഗത്തിന്റെ പട്ടിക വർഗ പദവിയുമായി ബന്ധപ്പെട്ട തർക്കമാണ് മണിപ്പൂരിൽ കലാപത്തിലേക്കെത്തിയത്. മണിപ്പൂരിലെ ജനസംഖ്യയുടെ 64 ശതമാനമത്തോളം വരുന്ന ഗ്രോത്രേതര വിഭാഗമാണ് മേയ്തി. ഇവർ ഭൂരിഭാഗവും ഹിന്ദു സമുദായത്തിൽപ്പെട്ടതാണ്. 35 ശതമാനത്തോളം വരുന്ന നാഗ, കുകി വിഭാഗത്തിലുള്ള ഗോത്ര വിഭാഗക്കാർ ഭൂരിഭാഗവും ക്രിസ്‌ത്യൻ സമുദായത്തിൽപ്പെട്ടവരും. മണിപ്പൂരിലുണ്ടായ അക്രമ സംഭവങ്ങൾക്ക് പിന്നിൽ അരാംബൈ തെങ്കോൽ, മേയ്തി ലീപുൻ എന്നീ രണ്ട് സംഘടനകളാണെന്നാണ് ​ഗോത്രസംഘടനകൾ ആരോപിക്കുന്നത്.

പേരുകൾ മായ്ക്കപ്പെടുന്നു, വീടുകൾക്ക് തീവയ്ക്കുന്നു

കുകികളും മേയ്തികളും ഒന്നിച്ച് താമസിക്കുന്ന കോളനിയിൽ, മെയ് മാസത്തിലെ ആരംഭിച്ച അക്രമത്തിൽ കുകികളുടെ വീടുകൾ വൻതോതിൽ നശിപ്പിക്കപ്പെട്ടു. ദിവസങ്ങളായി തുടരുന്ന ഈ വംശീയ അക്രമത്തെത്തുടർന്ന് രണ്ട് സമുദായങ്ങളും തമ്മിൽ വൈകാരികവും ജനസംഖ്യാപരവുമായ തരത്തിൽ വേർതിരിവുണ്ടായി. ഇരു സമുദായങ്ങളിലും പെട്ട 120-ലധികം ആളുകൾ കൊല്ലപ്പെടുകയും 4,000-ത്തിലധികം വീടുകൾ കത്തിനശിക്കുകയും ചെയ്തു. കുകി ആധിപത്യമുള്ള മലയോര ജില്ലകളിൽ നിന്ന് മേയ്തികൾ വിട്ടുപോയപ്പോൾ, കുകികൾ മേയ്തി ആധിപത്യമുള്ള താഴ്‌വര വിട്ടു.

ഇംഫാലിൽ, ഇന്നും, മേയ്തികൾ കുകികളുടെ വസ്തുവകകൾ ലക്ഷ്യമിടുന്നത് തുടരുന്നു. മറ്റിടങ്ങളിൽ, കുകികൾ മേയ്തികളുടെ വസ്തുവകകൾ ലക്ഷ്യമിടുന്നു. ഇംഫാൽ നഗരത്തിന്റെ ഹൃദയഭാഗത്ത്, അക്രമികൾ തീയിട്ട ‘ഇവാഞ്ചലിക്കൽ ബാപ്റ്റിസ്റ്റ് കൺവെൻഷൻ ചർച്ച്’ന് മുന്നിൽ ‘പൈറ്റെ വെങ്’ എന്നെഴുതിയ ബോർഡുണ്ടായിരുന്നു. എന്നാൽ ഏകദേശം 100 മീറ്റർ അകലെ, റെസിഡൻഷ്യൽ കോളനിയുടെ പ്രവേശന കവാടത്തിൽ, ഒരു പുതിയ സൈൻ ബോർഡ് പ്രത്യക്ഷപ്പെട്ടു. ഏകദേശം ഒരാഴ്ച മുൻപ് സ്ഥാപിച്ച സൈൻ ബോർഡിൽ കോളനിയുടെ പേര് 'ക്വാകെയ്തൽ നിങ്തെംകോൾ' എന്നാക്കി മാറ്റിയിരിക്കുന്നു. 'പൈറ്റെ' ഒരു കുക്കി ഉപഗോത്രമാണ്, 'വെങ്' എന്നാൽ കോളനി എന്നാണ്. 'ക്വാകെയ്തൽ നിങ്തെംകോൾ' എന്നത് ഒരു മേയ്തി നാമമാണ്, "ഒരു മേയ്തി രാജകുമാരന്റെ വാസസ്ഥലം" എന്നാണ് അ‍ർത്ഥം.

എന്നാൽ പൈറ്റെ വെങ്, കോളനിയുടെ പേര് എന്നും ക്വാകെയ്തൽ നിങ്തെംകോൾ എന്നായിരുന്നുവെന്നും റവന്യൂ രേഖകളിൽ പോലും ഇത് രേഖപ്പെടുത്തിയിട്ടുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. “കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി നിരവധി കുകി രാഷ്ട്രീയക്കാർ, ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥർ, കൂടാതെ സർക്കാരുമായുള്ള സസ്പെൻഷൻ ഓഫ് ഓപ്പറേഷൻസ് (SoO) കരാറിലെ ഒരു വിമത ഗ്രൂപ്പിന്റെ നേതാവ് പോലും ഇവിടെ താമസിക്കുന്നുണ്ടായിരുന്നു. അവരെല്ലാം പൈറ്റെ സമുദായത്തിൽപ്പെട്ടവരായതിനാൽ, ഈ കോളനി പ്രാദേശികമായി പൈറ്റെ വെങ് എന്നറിയപ്പെടാൻ തുടങ്ങി. എന്നാൽ ഇത് ഈ സ്ഥലത്തിന്റെ ചരിത്രനാമമല്ല. അതുകൊണ്ടാണ് യഥാർത്ഥ പേര് ഇപ്പോൾ പുനഃസ്ഥാപിച്ചത്,"- ഒരു മേയ്തി അംഗം പറഞ്ഞു.

സമൂഹത്തിൽ നിന്ന് സ്വാധീനമുള്ള ആളുകൾ ഇവിടെ താമസിച്ചിരുന്നതിനാൽ മുൻപ് ഞങ്ങൾക്ക് ശബ്ദം ഉയർത്താൻ കഴിഞ്ഞില്ല. ഞങ്ങളുടെ ആധാർ കാർഡിൽ പോലും ക്വാകെയ്തൽ നിങ്തെംകോൾ എന്നാണുള്ളത്,” മറ്റൊരു അംഗം പറയുന്നു. കുക്കി നിവാസികൾക്ക് കോളനിയിലേക്ക് മടങ്ങാൻ കഴിയുമോ എന്ന ചോദ്യത്തിന് ഒരു അംഗം പറഞ്ഞു, “അത് അവരുടെ തീരുമാനമാണ്. പക്ഷേ അത് ഉടൻ സംഭവിക്കില്ല''.

ഏകദേശം 70 കിലോമീറ്റർ അകലെ, കുകി ആധിപത്യമുള്ള ചുരാചന്ദ്പൂരിൽ, മേയ്തി വിഭാ​ഗക്കാരുടെ വീടുകൾ കത്തിക്കുകയും ബുൾഡോസർ ഉപയോ​ഗിച്ച് തക‍ർക്കുകയും ചെയ്തു. പലയിടത്തും വീടുകൾ ഉണ്ടായിരുന്നിടത്ത് പരന്നുകിടക്കുന്ന ഭൂമി മാത്രമായി അവശേഷിക്കുന്നു. ചുരാചന്ദ്പൂർ എന്ന് പരാമർശിക്കുന്ന സൈൻബോർഡുകളും നാഴികക്കല്ലുകളും കറുപ്പ് നിറം പൂശി മായ്ക്കുകയും പകരം, നഗരത്തിന് കുകി പദമായ ‘ലാംക’ എന്ന് പേരിൽ പോസ്റ്ററുകൾ ഒട്ടിക്കുകയും ചെയ്തിട്ടുണ്ട്. അതുപോലെ, ഇംഫാൽ ഈസ്റ്റിലെ ന്യൂ ചെക്കോണിൽ, കഴിഞ്ഞ രണ്ട് ദിവസമായി കുകികളുടെ വസ്തുവകകൾ ലക്ഷ്യമിട്ട്, കോളനിയുടെ പേര് സൈൻ ബോർഡുകളിൽ കറുപ്പിച്ചിട്ടുണ്ട്. അതേസമയം, കുകികൾ താമസിക്കുന്ന പ്രധാന ന​ഗരമായ ചുരാചന്ദ്പൂരിൽ, കുകി വീടുകളുടെ നിരയ്ക്കിടയിൽ നിരവധി ഒഴിഞ്ഞ സ്ഥലങ്ങൾ കാണാം. ഈ സ്ഥലങ്ങളിൽ ബഹുനില മേയ്തി വീടുകൾ ഉണ്ടായിരുന്നു.

ജനസംഖ്യയുടെ ഭൂരിഭാഗവും മേയ്തി ജനതയാണെങ്കിലും, മണിപ്പൂരിന്റെ 10 ശതമാനം മാത്രമേ അവർ കൈവശപ്പെടുത്തിയിട്ടുള്ളൂ. ബാക്കിയുള്ള 90 ശതമാനം പ്രദേശത്തും നാഗകളും കുക്കികളും മറ്റ് ഗോത്രക്കാരുമാണ് താമസിക്കുന്നത്. മണിപ്പൂരിൽ നിലവിലുള്ള ഗോത്രവർഗ വിഭാഗങ്ങൾ പറയുന്നത് മേയ്തികൾക്ക് ജനസംഖ്യയിൽ മാത്രമല്ല, വലിയ രാഷ്ട്രീയ സ്വാധീനവും ഉണ്ടെന്നാണ്. കൂടാതെ, വായനയിലും എഴുത്തിലും മറ്റ് വിഷയങ്ങളിലും അവർ മുന്നിലാണ്. മണിപ്പൂരിലെ ആകെയുള്ള 60 എംഎൽഎമാരിൽ 40 എംഎൽഎമാരും മേയ്തി സമുദായത്തിൽപ്പെട്ടവരാണ്. ബാക്കിയുള്ള 20 പേർ നാഗാ, കുകി ഗോത്രങ്ങളിൽ നിന്ന് വിജയിച്ചു. ഇതുവരെയുള്ള 12 മുഖ്യമന്ത്രിമാരിൽ രണ്ട് പേർ മാത്രമാണ് ഈ ഗോത്രങ്ങളിൽപെട്ടവർ. അതുകൊണ്ട് മേയ്തി വിഭാഗത്തിന് ഗോത്രപദവി അനുവദിച്ചാൽ മറ്റുള്ളവർക്ക് തൊഴിലവസരങ്ങൾ കുറയുമെന്നാണ് മറ്റ് ഗേത്രവിഭാഗങ്ങൾ പറയുന്നത്. തങ്ങളെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്തണം എന്ന ആവശ്യം ഏറെക്കാലമായി മേയ്തി വിഭാഗക്കാർ ആവശ്യപ്പെടുന്നതാണ്.

ബിജെപിയും സമാധാന സമിതിയും പ്രധാനമന്ത്രിയുടെ മൗനവും

മണിപ്പൂർ സന്ദർശനത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എല്ലാ പാർട്ടികളുമായും ചർച്ച നടത്തി. 15 ദിവസത്തിനകം സമാധാനം പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പക്ഷേ, സ്ഥിതി കൂടിതൽ വഷളായി. സ്ഥിതി മെച്ചപ്പെടുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കുന്നില്ലെന്ന് വിദഗ്ധർ കുറ്റപ്പെടുത്തുന്നു. സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങളിൽ കേന്ദ്ര സർക്കാർ ഗൗരവം കാണിക്കുന്നില്ലെന്നാണ് മനുഷ്യാവകാശ പ്രവർത്തകരുടെ ആക്ഷേപം. മണിപ്പൂർ ഗവർണർ അനുസൂയ ഉകെയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ രൂപീകരിച്ച 51 അംഗ സമാധാന സമിതിക്കെതിരെയും വിമർശനം ഉയർന്നു. കുക്കി ഗോത്രത്തിന്റെ പരമോന്നത സംഘടനയായ ‘കുക്കി ഇംപ്’ സമാധാന സമിതി രൂപീകരണത്തിൽ എതി‍ർപ്പ് പ്രകടിപ്പിച്ചു. അതേസമയം, മേയ്തി സംഘത്തിന്റെ നേതൃത്വത്തിലുള്ള മണിപ്പൂർ ഇന്റഗ്രേഷൻ കോർഡിനേഷൻ കമ്മിറ്റിയും ഈ സമാധാന സമിതിയിൽ ചേരില്ലെന്ന് പ്രഖ്യാപിച്ചു. സംഘർഷം ഒരു മാസം പിന്നിട്ടിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

വടക്കുകിഴക്കൻ ഇന്ത്യ നേരിടുന്ന വിവേചനം ഇല്ലാതാക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ വന്നതുമുതൽ പറയുന്നത്. ഒരു കാലത്ത് അക്രമത്തിനും അശാന്തിക്കും പേരുകേട്ട വടക്കുകിഴക്കൻ സംസ്ഥാനം ഇപ്പോൾ വികസനത്തിന് സാക്ഷ്യം വഹിക്കുന്നതായി പറയപ്പെടുന്നു. എന്നാൽ മണിപ്പൂരിന് പുറമെ അസം, ത്രിപുര, മേഘാലയ, മിസോറാം എന്നിവിടങ്ങളിലും അക്രമസംഭവങ്ങൾ തുടരുകയാണ്. 2021 ഓഗസ്റ്റിൽ, അസം-മിസോറാം അതിർത്തിയിൽ നടന്ന അക്രമത്തിൽ അഞ്ച് അസം പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. 2021 ഒക്ടോബർ-നവംബർ മാസങ്ങളിൽ ത്രിപുരയിൽ ഹിന്ദു-മുസ്ലിം സംഘർഷം പൊട്ടിപ്പുറപ്പെട്ടു. 2022 നവംബറിൽ അസം-മേഘാലയ അതിർത്തിയിലാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഇതിൽ ആറുപേർ മരിച്ചു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ താമസിക്കുന്ന വിവിധ ജാതികളിൽപെട്ടവരുടെയും ആദിവാസി വിഭാഗങ്ങളുടെയും വികാരം ബിജെപി മനസ്സിലാക്കുന്നില്ലെന്ന് മനുഷ്യാവകാശ പ്രവർത്തകൻ കെ ഒ നീൽ ആരോപിച്ചു. അവരുടെ ഹിന്ദുത്വ അജണ്ട ഇവിടെ നടപ്പാക്കാൻ സാധിക്കില്ല. ഗുജറാത്ത്, യുപി മോഡൽ ഇവിടെ നടത്താനാണ് അവർ ആഗ്രഹിക്കുന്നതെന്നും എന്നാൽ അത് ഇവിടെ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ഇഷ്ടം മാനിക്കാതെയാണ് ബിജെപി അവരുടെ അജണ്ട നടപ്പിലാക്കുന്നതെങ്കിൽ ഇവിടുത്തെ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കുമെന്നും കെ ഒ നീൽ ചോദിക്കുന്നു.

logo
The Fourth
www.thefourthnews.in