സാമ്പത്തികം, ജനക്ഷേമം, വിവാദം; മന്‍മോഹന്‍ സിങ്ങിന്റെ പാർലമെന്റിലെ മൂന്ന് പതിറ്റാണ്ട്

സാമ്പത്തികം, ജനക്ഷേമം, വിവാദം; മന്‍മോഹന്‍ സിങ്ങിന്റെ പാർലമെന്റിലെ മൂന്ന് പതിറ്റാണ്ട്

ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളർച്ച കൈവരിക്കുന്ന രണ്ടാമത്തെ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറിയതും മന്‍മോഹന്‍ സർക്കാരിന്റെ കാലത്താണ്

മൂന്നരപ്പതിറ്റാണ്ടോളം നീണ്ട പാർലമെന്റ് സേവനത്തിനുശേഷം മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസിന്റെ സൗമ്യമുഖവുമായ ഡോ. മന്‍മോഹന്‍ സിങ് ഇന്നലെ രാജ്യസഭയുടെ പടികളിറങ്ങി. 1991-ലെ നരസിംഹ റാവു സർക്കാരില്‍ ധനകാര്യ മന്ത്രിയായാണ് മന്‍മോഹന്‍സിങ്ങിന്റെ രാഷ്ട്രീയ പ്രവേശനം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഐ)യുടെ ഗവർണറായും പ്ലാനിങ് കമ്മിഷൻ ഡെപ്യൂട്ടി ചെയർമാനായും ജനീവ ആസ്ഥാനമായുള്ള സ്വതന്ത്ര സാമ്പത്തികനയ വിദഗ്ധരുടെ കൂട്ടായ്മയായ സൗത്ത് കമ്മിഷന്റെ സെക്രട്ടറി ജനറലായും മികവ് തെളിയിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന് മന്ത്രിസഭയിലേക്കുള്ള വിളിയെത്തിയത്.

മന്ത്രിസഭയിലേക്കുള്ള നരസിംഹ റാവുവിന്റെ ക്ഷണത്തെ പിന്നീട് രസകരമായ രീതിയില്‍ മന്‍മോഹന്‍ തന്നെ വിവരിച്ചിട്ടുമുണ്ട്. "റാവു മന്ത്രിസഭ രൂപീകരണ ചർച്ചകളിലേക്ക് കടന്ന ദിവസം പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ എന്റെ അടുക്കലേക്ക് അയച്ചു. പ്രധാനമന്ത്രിക്ക്‌ എന്നെ ധനമന്ത്രിയാക്കാന്‍ താല്പര്യമുണ്ടെന്നായിരുന്നു ലഭിച്ച സന്ദേശം. ഞാന്‍ അത് കാര്യമാക്കിയില്ല. എന്നാല്‍ പിറ്റേന്ന് രാവിലെ റാവുവിന്റെ നേരിട്ടുള്ള ഇടപെടലുണ്ടായി. സത്യപ്രതിജ്ഞയ്ക്ക് തയാറായി രാഷ്ട്രപതി ഭവനിലേക്ക് എത്താനായിരുന്നു നിർദേശം. ഇതായിരുന്നു എന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം," ബ്രിട്ടീഷ് മാധ്യമ പ്രവർത്തകനായ മാർക്ക് ടുള്ളിയോട് മന്‍മോഹന്‍ സിങ് പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒരു തവണ മാത്രമാണ് മന്‍മോഹന്‍ സിങ് മത്സരിച്ചിട്ടുള്ളത്. 1999ല്‍ സൗത്ത് ഡല്‍ഹി മണ്ഡലത്തില്‍നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പടുകയായിരുന്നു. അന്ന് ബിജെപിയുടെ പ്രൊഫ. വിജയ് കുമാർ മല്‍ഹോത്രയോടായിരുന്നു മന്‍മോഹന്‍ സിങ്ങിന്റെ തോല്‍വി.

1991ല്‍ ധനമന്ത്രിയായി നാല് മാസത്തിനുശേഷമാണ് കോണ്‍ഗ്രസ് മന്‍മോഹന്‍ സിങ്ങിനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തത്. അഞ്ച് തവണയാണ് അസമിനെ പ്രതിനിധീകരിച്ച് മന്‍മോഹന്‍ സിങ് രാജ്യസഭയിലെത്തിയത്. 2019-ല്‍ രാജസ്ഥാനില്‍നിന്നാണ് മന്‍മോഹന്‍ പാർലമെന്റിലെത്തിയത്. ആരോഗ്യസ്ഥിതി ഗുരുതരമായ അവസാന കാലങ്ങളില്‍ വീല്‍ചെയറിലായിരുന്നു അദ്ദേഹം പാർലമെന്റിലെത്തിയത്.

സാമ്പത്തികം, ജനക്ഷേമം, വിവാദം; മന്‍മോഹന്‍ സിങ്ങിന്റെ പാർലമെന്റിലെ മൂന്ന് പതിറ്റാണ്ട്
ട്രേഡ് യൂണിയന്‍ രംഗത്തെ അതികായനായ ഒ ഭരതന്‍

91-ല്‍ ധനകാര്യ മന്ത്രിയായിരിക്കെയാണ് ഇന്ത്യയിലെ സാമ്പത്തിക ഉദാരവത്കരണത്തിന്റെ ശില്പിയെന്ന തലക്കെട്ട് മന്‍മോഹന്‍ സിങ്ങിന് ലഭിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച മന്ദഗതിയിലാക്കുകയും അഴിമതിക്ക് വഴിയൊരുക്കുകയും ചെയ്ത ലൈസന്‍സ് രാജ് റദ്ദാക്കിയതായിരുന്നു സുപ്രധാന നടപടികളിലൊന്ന്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഉദാരമാക്കി. പിന്നീട് പ്രധാനമന്ത്രി സ്ഥാനത്ത് (2004-09, 2009-14) എത്തിയപ്പോഴും വളർച്ചയെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള നടപടികളായിരുന്നു മന്‍മോഹന്‍ സിങ്ങിന്റെ ഭാഗത്തുനിന്നുണ്ടായത്. ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളർച്ച കൈവരിക്കുന്ന രണ്ടാമത്തെ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറിയത് മന്‍മോഹന്‍ സർക്കാരിന്റെ കാലത്താണ്.

മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി (മഹാത്മ ഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ഗ്യാരണ്ടി - എംഎന്‍ആർഇജിഎ) ഉള്‍പ്പെടെയുള്ള സാമൂഹികക്ഷേമ പദ്ധതികളുടെ തുടക്കവും മന്‍മോഹന്‍ സിങ് സർക്കാരിന്റെ കാലത്തായിരുന്നു. കുട്ടികള്‍ക്ക് സൗജന്യവും നിർബന്ധിതവുമായുള്ള വിദ്യാഭ്യാസ അവകാശം നല്‍കുന്ന നിയമം പാർലമെന്റ് പാസാക്കിയത് 2009-ലാണ്. 2010-ലാണ് നിയമം നിലവില്‍ വന്നത്. ഇതോടെ വിദ്യാഭ്യാസം കുട്ടികളുടെ മൗലിക അവകാശമായി കണക്കാക്കുന്ന ലോകത്തിലെ 135 രാജ്യങ്ങളിലൊന്നായി ഇന്ത്യയും മാറി. ഇന്തോ - അമേരിക്ക ആണവ കരാർ, വിവരാവകാശ നിയമം, ആധാറിന്റെ ആശയം അവതരിപ്പിച്ചതുമെല്ലാം മന്‍മോഹന്‍ സിങ്ങ് സർക്കാരിന്റെ സുപ്രധാന നീക്കങ്ങളില്‍ ഉള്‍പ്പെടുന്നു.

സാമ്പത്തികം, ജനക്ഷേമം, വിവാദം; മന്‍മോഹന്‍ സിങ്ങിന്റെ പാർലമെന്റിലെ മൂന്ന് പതിറ്റാണ്ട്
ഫാലി എസ് നരിമാൻ: നീതിയും ന്യായവും ഒപ്പം കൂട്ടിയ ജീവിതം

ഇന്തോ - അമേരിക്ക ആണവ കരാറിലായിരുന്നു മന്‍മോഹന്‍ സിങ് വലിയ രാഷ്ട്രീയ പരീക്ഷണം നേരിടേണ്ടി വന്നത്. ഒന്നാം മന്‍മോഹന്‍ സിങ് സർക്കാരിന്റെ കാലത്താണ് ആണവ കരാറിന്റെ തുടക്കം. 2005-ല്‍ മന്‍മോഹന്‍ സിങ്ങും അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോർജ് ബുഷും ചേർന്ന് ആണവക്കരാറില്‍ ഏർപ്പെടാനുള്ള കരാർ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ രാജ്യത്തെ ചില രാഷ്ട്രീയ പാർട്ടികളില്‍നിന്നും സാമൂഹിക പ്രവർത്തകരില്‍നിന്നും വലിയ എതിർപ്പ് മന്‍മോഹന്‍ സർക്കാരിന് നേരിടേണ്ടി വന്നു.

അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് അന്ന് യുപിഎ സർക്കാരിന്റെ ഭാഗമായിരുന്ന ഇടതു പാർട്ടികളുടെയും സമാജ്‍വാദി പാർട്ടി(എസ് ‍‌പി)യുടെയും എതിർപ്പായിരുന്നു. അന്നത്ത രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുള്‍ കലാമുമായുള്ള ചർച്ചയ്ക്കുശേഷം എസ്‌ പിയുടെ നിലപാടില്‍ മാറ്റമുണ്ടായി. പക്ഷേ, ഇടതുപക്ഷം ശക്തമായ എതിർപ്പ് തുടരുകയും സർക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തു.

ഇതോടെ ഭരണം നിലനിർത്താന്‍ മന്‍മോഹന്‍ സർക്കാരിന് ഭൂരിപക്ഷം തെളിയിക്കേണ്ട സ്ഥിതിയുണ്ടായി. വിശ്വാസ വോട്ടെടുപ്പില്‍ (275-256) വിജയിച്ച് ഭരണം നിലനിർത്താന്‍ മന്‍മോഹന്‍ സർക്കാരിനായി. പ്രതിപക്ഷത്തായിരുന്ന ബിജെപിയുടെ 10 എംപിമാർ യുപിഎ സർക്കാരിന് അനുകൂലമായായിരുന്നു അന്ന് വോട്ട് ചെയ്തത്. പിന്നീട് 2009ൽ ഇടതു പിന്തുണയില്ലാതെയാണ് മൻമോഹൻ സിങ് അധികാരത്തിലെത്തിയത്.

ഒരു വശത്ത് ചരിത്രപരമായ നേട്ടങ്ങളുടെ നീണ്ട നിരയുണ്ടെങ്കിലും വിമർശനങ്ങളും അഴിമതി ആരോപണങ്ങളും മന്‍മോഹന്‍ സർക്കാരിനെ തേടിയെത്തിയിട്ടുണ്ട്. അഴിമതി, വിലക്കയറ്റം തുടങ്ങിയ വലിയ വെല്ലുവിളികള്‍ ഭരണത്തിന്റെ അവസാനകാലത്ത് നേരിടേണ്ടി വന്നു. 2 ജി സ്പെക്ട്രം, കല്‍ക്കരി കുംഭകോണം, അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലിക്കോപ്റ്റർ അഴിമതി, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി എന്നിങ്ങനെ നീളുന്നു പട്ടിക.

സോണിയ ഗാന്ധിയുടെ കളിപ്പാവ മാത്രമാണ് മന്‍മോഹന്‍ സിങ് എന്ന് പ്രതിപക്ഷത്തിന്റെ പരിഹാസവും പിന്നാലെയെത്തി. അഴിമതി ആരോപണങ്ങളില്‍ മുങ്ങിയ മന്‍മോഹന്‍ സിങ് സർക്കാരിനെ തിരഞ്ഞെടുപ്പില്‍ ആധികാരികമായി മറികടന്നായിരുന്നു 2019ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ അധികാരത്തിലെത്തിയത്.

logo
The Fourth
www.thefourthnews.in