'ഒറ്റ ദിവസം, അഞ്ച് കേസുകൾ'; രാഷ്ട്രീയ പാർട്ടിയും നേതാക്കളും കോടതി കയറിയിറങ്ങിയ മാർച്ച് 22

'ഒറ്റ ദിവസം, അഞ്ച് കേസുകൾ'; രാഷ്ട്രീയ പാർട്ടിയും നേതാക്കളും കോടതി കയറിയിറങ്ങിയ മാർച്ച് 22

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ മുതൽ ബിജെപി നേതാവ് ശോഭ കരന്തലജെ വരെ ഇക്കൂട്ടത്തിൽ പെടുന്നു

2024 മാർച്ച് 22 എന്ന ഒരൊറ്റ ദിനം ഇന്ത്യയിലെ അങ്ങോളമിങ്ങോളമുള്ള കോടതികളിൽ കയറിയിറങ്ങിയത് നിരവധി രാഷ്ട്രീയ നേതാക്കളും പാർട്ടികളുമാണ്. രാഷ്ട്രീയ നേതാക്കളെ സംബന്ധിക്കുന്ന അഞ്ച് കേസുകളാണ് വെള്ളിയാഴ്ച കോടതിയുടെ പരിഗണനയിലെത്തിയത്. ചിലർക്ക് ആശ്വാസം ലഭിച്ചപ്പോൾ മറ്റുചില നേതാക്കൾക്കും രാഷ്ട്രീയ പാർട്ടികൾക്കും കോടതിവിധി നിരാശയാണ് സമ്മാനിച്ചത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ മുതൽ ബിജെപി നേതാവ് ശോഭ കരന്തലജെ വരെ ഇക്കൂട്ടത്തിൽ പെടുന്നു.

അരവിന്ദ് കെജ്‌രിവാൾ

ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ ഇഡി കസ്റ്റഡിയിൽ വിടാനായിരുന്നു കോടതി ഉത്തരവിട്ടത്. ഏറെ ട്വിസ്റ്റുകളായിരുന്നു കോടതിയിൽ സംഭവിച്ചത്. ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ഇ ഡി അറസ്റ്റ് ചെയ്ത കെജ്‌രിവാൾ, ജാമ്യഹർജിയുമായി ആദ്യം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. മൂന്നംഗ ബെഞ്ച് അപേക്ഷ പരിഗണിക്കാനിരിക്കെയാണ് ഹർജി പിൻവലിക്കുന്നത്. തുടർന്ന് ഡൽഹിയിലെ റോസ് അവന്യു കോടതിയിലേക്ക്. മൂന്നര മണിക്കൂർ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ പിന്നെയും വിധി പറയാനുള്ള കാത്തിരിപ്പ്. ഏറ്റവുമവസാനം കെജ്‌രിവാളിനെ ആറുദിവസത്തെ കസ്റ്റഡിയിൽ വിട്ടുകൊണ്ടുള്ള ഉത്തരവും കോടതി പുറപ്പെടുവിച്ചു.

'ഒറ്റ ദിവസം, അഞ്ച് കേസുകൾ'; രാഷ്ട്രീയ പാർട്ടിയും നേതാക്കളും കോടതി കയറിയിറങ്ങിയ മാർച്ച് 22
കെജ്‌രിവാളിന് വീണ്ടും തിരിച്ചടി; ഹർജി അടിയന്തിരമായി പരിഗണിക്കില്ലെന്ന് ഹൈക്കോടതി, ബുധനാഴ്ചത്തേക്ക് മാറ്റി

കെ കവിത

ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിതയാണ് കോടതിയിലെത്തിയ മറ്റൊരു രാഷ്ട്രീയ നേതാവ്. കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത അതേ മദ്യനയ അഴിമതി കേസിലായിരുന്നു കവിതയെയും അറസ്റ്റ് ചെയ്തത്. സുപ്രീംകോടതിയിൽ ജാമ്യഹർജിയുമായി എത്തിയെങ്കിലും ജസ്റ്റിസുമാരായ സഞ്ജിവ് ഖന്ന, എം എം സുന്ദരേഷ്, ബേല എം ത്രിവേദി എന്നിവരുടെ ബെഞ്ച്, വിചാരണകോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ടു.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പിഎംഎൽഎ) വകുപ്പുകൾക്കെതിരായ കവിതയുടെ ചലഞ്ചിൽ കോടതി നോട്ടീസ് പുറപ്പെടുവിക്കുകയും 'വിജയ് മദൻലാൽ വിധി' പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾക്കൊപ്പം ടാഗ് ചെയ്യുകയും ചെയ്തു.

'ഒറ്റ ദിവസം, അഞ്ച് കേസുകൾ'; രാഷ്ട്രീയ പാർട്ടിയും നേതാക്കളും കോടതി കയറിയിറങ്ങിയ മാർച്ച് 22
ഡൽഹി മദ്യനയ അഴിമതി കേസ്: ബിആര്‍എസ് നേതാവ് കെ കവിത അറസ്റ്റിൽ; കെജ്രിവാളിനും തിരിച്ചടി, നാളെ കോടതില്‍ ഹാജരാകണം

കോൺഗ്രസ്

കോൺഗ്രസാണ് വെള്ളിയാഴ്ച കോടതി കയറിയ രാഷ്ട്രീയ പാർട്ടി. തങ്ങൾക്കെതിരെ ആദായനികുതി വകുപ്പ് സ്വീകരിച്ച നടപടികൾക്കെതിരെയായിരുന്നു ഡല്‍ഹി ഹൈക്കോടതിയിലെ കോൺഗ്രസിന്റെ അപ്പീൽ. എന്നാൽ മൂന്ന് പെറ്റീഷനുകളും കോടതി തള്ളി. 2014-15, 2015-16, 2016-17 എന്നീ മൂന്ന് വർഷങ്ങളിൽ സ്വീകരിച്ച നടപടിയെയായിരുന്നു കോൺഗ്രസ് ചോദ്യം ചെയ്തത്. ഇതിന്റെ ഭാഗമായി കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ ആദ്യം മരവിപ്പിക്കുകയും പിന്നീട് പിഴ ഈടാക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് നേരിട്ട അപ്രതീക്ഷിത നടപടിയിൽ കോൺഗ്രസ് പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നു.

'ഒറ്റ ദിവസം, അഞ്ച് കേസുകൾ'; രാഷ്ട്രീയ പാർട്ടിയും നേതാക്കളും കോടതി കയറിയിറങ്ങിയ മാർച്ച് 22
ആദായനികുതി കേസിൽ കോൺഗ്രസിന് തിരിച്ചടി; ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി തള്ളി ഡൽഹി ഹൈക്കോടതി

ശോഭ കരന്തലജെ

രാമേശ്വരം കഫെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേരളത്തെയും തമിഴ്നാടിനെയും അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയതിന് ബിജെപി നേതാവ് ശോഭ കരന്തലജെക്കെതിരെ എഫ് ഐ ആർ എടുത്തിരുന്നു. വിദ്വേഷം പ്രചരിപ്പിക്കല്‍ ഉൾപ്പെടെയുള്ള വകുപ്പുകളായിരുന്നു കേന്ദ്ര സഹമന്ത്രിക്കെതിരെ ചുമത്തിയിരുന്നത്. ഇതിനെതിരെ അവർ കർണാടക ഹൈക്കോടതിയെ സമീപിക്കുകയും എഫ് ഐ ആർ സ്റ്റേ ചെയ്യാനുള്ള ഉത്തരവ് സമ്പാദിക്കുകയും ചെയ്തു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഫ്ലയിങ് സ്‌ക്വാഡ് ആയിരുന്നു ശോഭയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

'ഒറ്റ ദിവസം, അഞ്ച് കേസുകൾ'; രാഷ്ട്രീയ പാർട്ടിയും നേതാക്കളും കോടതി കയറിയിറങ്ങിയ മാർച്ച് 22
വിദ്വേഷ പരാമർശം: സ്റ്റാലിന്റെ പ്രതിഷേധത്തിന് പിന്നാലെ തമിഴ്‌നാടിനോട് മാത്രം മാപ്പുപറഞ്ഞ് കേന്ദ്രമന്ത്രി ശോഭ കരന്തലജെ

തേജസ്വി സൂര്യ

ആക്ഷേപകരമായ ട്വീറ്റുകൾ പോസ്റ്റ് ചെയ്തതിനും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിനും ബിജെപി എംപി തേജസ്വി സൂര്യയ്‌ക്കെതിരായ എഫ്ഐആറും കർണാടക ഹൈക്കോടതി വെള്ളിയാഴ്ച സ്റ്റേ ചെയ്തിരുന്നു. ശോഭ കരന്തലജെയുടെ കേസ് പരിഗണിച്ച ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത് തന്നെയായിരുന്നു ഈ കേസും പരിഗണിച്ചത്.

ന്യൂനപക്ഷങ്ങളെ അപകീർത്തിപ്പെടുത്തുന്നതും സമുദായങ്ങൾ തമ്മിൽ ശത്രുത വളർത്താനും ലക്ഷ്യമിട്ട് തേജസ്വി എക്‌സിൽ പോസ്റ്റ് ചെയ്തുവെന്നായിരുന്നു കേസ്.

logo
The Fourth
www.thefourthnews.in