മാർഗരറ്റ് ആല്‍വ
മാർഗരറ്റ് ആല്‍വ

സ്ത്രീ അവകാശങ്ങള്‍ക്കായി ഉറച്ചുനിന്ന മാർഗരറ്റ് ആല്‍വ

തദ്ദേശ തെരഞ്ഞെടുപ്പിൽ വനിതകൾക്ക് 33 ശതമാനം സംവരണം എന്ന ആശയം ആദ്യമായി മുന്നോട്ട് വയ്ക്കുന്നതും മാർഗരറ്റായിരുന്നു.

ഇന്ത്യയിലെ ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനുള്ള കളം ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. ഭരണ പക്ഷമായ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറിനെ കഴിഞ്ഞ ദിവസം തന്നെ നിശ്ചയിച്ചിരുന്നു. ഇതിന് പിന്നാലെ എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം പ്രതിപക്ഷ പാര്‍ട്ടികളുടെ പൊതു സ്ഥാനാര്‍ത്ഥിയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, മുന്‍ കേന്ദ്ര മന്ത്രിയുമായ മാർഗരറ്റ് ആല്‍വയെയും പ്രഖ്യാപിച്ചു.

കര്‍ണാടക സ്വദേശിയാണ് മാർഗരറ്റ് ആല്‍വ. ദീര്‍ഘകാലത്തെ പാര്‍ലമെന്ററി പ്രവര്‍ത്തനം പരിചയം ഇന്ത്യയിലെ പ്രമുഖ നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ച പാരമ്പര്യവുണ്ട് ഈ എണ്‍പതുകാരിക്ക്.

അഭിഭാഷകയായി തുടക്കം

1942 ഏപ്രിൽ 14 ന്‌ കർണാടകയിലെ മംഗളൂരുവിൽ ആയിരുന്നു മാർഗരറ്റിന്റെ ജനനം. വിദ്യാഭ്യാസ കാലം മുതലേ മികച്ച പ്രാസംഗികയായിരുന്ന മാർഗരറ്റ്, വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലും സജീവമായിരുന്നു. ബെംഗളൂരുവിലെ മൌണ്ട് കാർമൽ കോളേജിലെ ഡിഗ്രി പഠനത്തിന് ശേഷം ബെംഗളൂരു ഗവണ്മെന്റ് ലോ കോളേജിൽ നിന്നും നിയമ പഠനം പൂർത്തിയാക്കി അഭിഭാഷക ജോലിയിൽ പ്രവേശിച്ചു.

വിവിധ സംഘടനകൾക്കും എൻജിഒകൾക്കും വേണ്ടി പ്രവർത്തിച്ചിട്ടുണ്ട് ആ കാലയളവിൽ മാർഗരറ്റ് ആല്‍വ. കുട്ടികൾക്കും സ്ത്രീകൾക്കും വേണ്ടി മാർഗരറ്റ് ആരംഭിച്ച എൻ ജി ഓ ആണ് കരുണ.

നിയമപഠന കാലത്ത് സഹപാഠിയായിരുന്ന നിരഞ്ജൻ തോമസ് ആല്‍വയാണ് പിന്നീട് മാർഗരറ്റിന്റെ ജീവിതത്തിലും കൂട്ടായത്. ഇരുവർക്കും ഒരു പെൺകുട്ടിയും മൂന്ന് ആൺകുട്ടിയും അടക്കം നാല്‌ മക്കളുണ്ട്.

രാഷ്ട്രീയ ജീവിതം

1969 ലാണ് മാർഗരറ്റ് ആല്‍വ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. തന്റെ ഭർത്താവിന്റെയും കുടുംബത്തിന്റെയും സ്വാധീനം രാഷ്ട്രീയ പ്രവേശനത്തിൽ മാർഗരറ്റിന് നിര്‍ണായകമായി. കോൺഗ്രസിന്റെ പ്രവർത്തകരായ ഭർത്യ പിതാവ് ജോക്കിം ആല്‍വയും മാതാവ് വയലറ്റ് ആല്‍വയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സജീവ പ്രവർത്തകരായിരുന്നു.

കോണ്‍ഗ്രസിലെ ഇന്ദിരാ ഗാന്ധി പക്ഷത്തോട് ചേര്‍ന്ന് നിന്നായിരുന്നു മാർഗരറ്റിന്‍റെ വളര്‍ച്ച. കർണാടകയിലെ സംസ്‌ഥാന യൂണിറ്റിന്‍റെ ഭാഗമായി സംഘടന രാഷ്ട്രീയത്തിലും മാർഗരറ്റ് സ്വന്തം ഇടം കണ്ടെത്തി.

1975 മുതൽ 77 വരെ എഐസിസി ജോയിന്റ് സെക്രട്ടറിയായും 78 മുതൽ 1980 വരെ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയുമായിരുന്നു മാർഗരറ്റ്. പാര്‍ട്ടിയിലും സമൂഹത്തിലും വനിതകളുടെ ഉന്നമനത്തിനും പ്രാതിനിധ്യം ഉറപ്പാക്കുന്നതിലും നിരന്തരം മാർഗരറ്റ് ശബ്ദമുയര്‍ത്തി.

തദ്ദേശ തെരഞ്ഞെടുപ്പിൽ വനിതകൾക്ക് 33 ശതമാനം സംവരണം എന്ന ആശയം ആദ്യമായി മുന്നോട്ട് വയ്ക്കുന്നതും മാർഗരറ്റായിരുന്നു. 1989ലായിരുന്നു മാർഗരറ്റ് ഇത്തരം ഒരു ആവശ്യം മുന്നോട്ട് വയ്ക്കുന്നത്.

പാര്‍ലമെന്‍ററി പ്രവര്‍ത്തനം

1974 ലാണ് മാർഗരറ്റ് ആല്‍വ ആദ്യമായി പാര്‍ലമെന്‍റിലെത്തുന്നത്. കർണാടകയെ പ്രതിനിധീകരിച്ച് ആദ്യമായി രാജ്യസഭയിലേക്ക് എത്തിയ മാർഗരറ്റ് 1998 വരെ രാജ്യസഭയിൽ അംഗമായി തുടര്‍ന്നു.

1984 -85 കാലയളവിൽ പാർലമെൻററി കാര്യ മന്ത്രിയും, 1985 തൊട്ട് 89 വരെ രാജീവ്ഗാന്ധി മന്ത്രിസഭയിൽ സ്പോർട്സ് യുവജനകാര്യ മന്ത്രിയായും, നരസിംഹറാവു സര്‍ക്കാറില്‍ 1991 -96 വരെ പൊതുജനക്ഷേമ കാര്യ മന്ത്രിയായും പ്രവർത്തിച്ചു. 1999 ൽ പതിമൂന്നാമത് ലോക്സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഉത്തര കർണാടക മണ്ഡലത്തിൽ നിന്ന് വിജയിച്ചു.

ഗവര്‍ണര്‍ പദവിയില്‍

2009 ലാണ് മാർഗരറ്റ് ആല്‍വയെ തേടി ഗവര്‍ണര്‍ പദവിയെത്തുന്നത്. ഉത്തരാഖണ്ഡിലെ ആദ്യ വനിതാ ഗവർണ്ണർ ആയി ചുമതലയേറ്റ മാർഗരറ്റ് 2012 വരെ സ്ഥാനത് തുടർന്നു. 2012 ൽ രാജസ്ഥാൻ ഗവർണ്ണർ ആയി നിയമിതയായി അശോക് ഗെഹ്ലോട് മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നു അത്. കുറച്ച കാലം ഗുജറാത്ത്, ഗോവ സംസ്ഥാനങ്ങളുടെ ഗവർണ്ണർ പദവിയും അലങ്കരിച്ചു.

logo
The Fourth
www.thefourthnews.in