സവാരിക്കിടെ സ്വയംഭോഗം; 
ബെംഗളൂരുവിൽ മലയാളി യുവതിയുടെ പരാതിയിൽ റാപിഡോ ടാക്സി ഡ്രൈവർ അറസ്റ്റിൽ

സവാരിക്കിടെ സ്വയംഭോഗം; ബെംഗളൂരുവിൽ മലയാളി യുവതിയുടെ പരാതിയിൽ റാപിഡോ ടാക്സി ഡ്രൈവർ അറസ്റ്റിൽ

പരാതിക്കാധാരമായ സംഭവം നടന്നത് ഇലക്ട്രോണിക് സിറ്റിയിൽ

ബൈക്ക് ടാക്സിയിൽ യാത്ര ചെയ്യവേ ഡ്രൈവർ സ്വയംഭോഗം ചെയ്‌തെന്ന മലയാളി യുവതിയുടെ പരാതിയിൽ ബെംഗളൂരുവിൽ ഡ്രൈവർ അറസ്റ്റിൽ. റാപിഡോ ബൈക്ക് ടാക്സി സേവനം ബുക്ക് ചെയ്ത യുവതിക്കാണ് ദുരനുഭവം.

മണിപ്പൂർ കലാപത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിൽ സംഘടിപ്പിച്ച സാംസ്കാരിക കൂട്ടായ്മയിൽ പങ്കെടുത്തു മടങ്ങവെയാണ് സംഭവം. ബെംഗളൂരു ടൗൺഹാളിൽ നിന്ന് ഇലക്ട്രോണിക് സിറ്റിയിലേക്കായിരുന്നു യുവതി സർവിസ് ബുക്ക് ചെയ്തത്. ബുക്ക് ചെയ്ത വാഹനത്തിന് പകരം മറ്റൊരു ബൈക്കുമായി എത്തിയ ഡ്രൈവർ യാത്രാമധ്യേ ആളൊഴിഞ്ഞ ഇടത്തെത്തിയപ്പോൾ ആയിരുന്നു സ്വയംഭോഗം ചെയ്യാൻ തുടങ്ങിയത്. പരിഭ്രാന്തയായ യുവതി യാത്ര വഴിയിൽ അവസാനിപ്പിക്കുകയും വാഹനത്തിൽ നിന്ന് ഇറങ്ങുകയും ചെയ്തു. എന്നാൽ ബുക്കിങ് സമയത്ത് ലഭിച്ച യുവതിയുടെ നമ്പറിലേക്ക് ഇയാൾ നിരന്തരം മെസ്സേജ് അയക്കുകയും ഫോൺ വിളിക്കുകയുമായിരുന്നു.

റാപിഡോ ബൈക്ക് ടാക്സിക്കെതിരെ ഇത്തരത്തിൽ നിരവധി പരാതികൾ ഉയർന്നിട്ടും ശക്തമായ നടപടി ഉണ്ടാകുന്നില്ല

ഇതോടെ തനിക്കുണ്ടായ ദുരനുഭവം വിവരിച്ച് യുവതി സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റിട്ടു രംഗത്തു വന്നു. ഇയാൾ അയച്ച വാട്സ്ആപ് സന്ദേശങ്ങൾ ഉൾപ്പടെ ആയിരുന്നു പോസ്റ്റ്. പോസ്റ്റ് ബെംഗളുരു പോലീസിന്റെ ശ്രദ്ധയിൽ പെട്ടതോടെ റാപിഡോ ബൈക്ക് ടാക്സി സേവനദാതാക്കളുമായി ബന്ധപ്പെട്ട് ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. യുവതിയിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തിയ ബെംഗളൂരു ഈസ്റ്റ് ഡിവിഷൻ പോലീസ് അധികം വൈകാതെ ഡ്രൈവറെ അറസ്റ്റു ചെയ്തു.

റാപിഡോ ബൈക്ക് ടാക്സിക്കെതിരെ ഇത്തരത്തിൽ നിരവധി പരാതികൾ ഉയർന്നിട്ടും ശക്തമായ നടപടി ഉണ്ടാകുന്നില്ല എന്നതാണ് അവസ്ഥ. ബെംഗളൂരുവിലെ ഗതാഗത കുരുക്കിൽപെടാതെ വേഗത്തിൽ എത്തിച്ചേരാൻ അത്യാവശ്യ ഘട്ടങ്ങളിൽ സ്ത്രീകൾ ഉൾപ്പടെ നിരവധിപേർ ബൈക്ക് ടാക്സിയുടെ സഹായം തേടാറുണ്ട്.

logo
The Fourth
www.thefourthnews.in