ഗോത്രവിഭാഗങ്ങളുടെ വോട്ട് ബാങ്ക്; തിരഞ്ഞെടുപ്പിനൊരുങ്ങി മേഘാലയും നാഗാലാന്റും,  ബിജെപിക്ക് നിര്‍ണായകം

ഗോത്രവിഭാഗങ്ങളുടെ വോട്ട് ബാങ്ക്; തിരഞ്ഞെടുപ്പിനൊരുങ്ങി മേഘാലയും നാഗാലാന്റും, ബിജെപിക്ക് നിര്‍ണായകം

ഇത്തവണത്തെ തിരഞ്ഞെടുപ്പ് ബിജെപിക്ക് നിര്‍ണായകമാണ്
Updated on
2 min read

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സെമിഫൈനല്‍ എന്ന നിലയിലാണ് രാജ്യത്തെ 9 സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ കണക്കാക്കുന്നത്. ത്രിപുര, മേഘാലയ, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. വളരെ ചെറിയ ജനസംഖ്യയുള്ളതും ഗോത്രവര്‍ഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നതുമായ സംസ്ഥാനങ്ങളാണ് ഇവ മൂന്നും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി വേരോട്ടം ഉണ്ടെങ്കില്‍പ്പോലും ഇത്തവണത്തെ തിരഞ്ഞെടുപ്പ് പാര്‍ട്ടിക്ക് നിര്‍ണായകമാണ്. സഖ്യകക്ഷികളുമായി ചേർന്നാണ് മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി ഭരണത്തിലെത്തിയത്. ഇത്തവണ അത് നിലനിർത്താൻ പറ്റുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

ഗോത്രവിഭാഗങ്ങളുടെ വോട്ട് ബാങ്ക്; തിരഞ്ഞെടുപ്പിനൊരുങ്ങി മേഘാലയും നാഗാലാന്റും,  ബിജെപിക്ക് നിര്‍ണായകം
ത്രിപുരയില്‍ ബിജെപിക്ക് 2018 ആവര്‍ത്തിക്കാതിരിക്കാന്‍ കാരണങ്ങള്‍ ഏറെയുണ്ട്, കിങ് മേക്കറാവാൻ ഗോത്ര വിഭാഗ പാർട്ടി

മേഘാലയിലും നാഗാലാന്റിലും 27 നാണ് തിരഞ്ഞെടുപ്പ് നടക്കുക. മേഘാലയിലുള്ള 60 സീറ്റുകളില്‍ 55 സീറ്റുകളിലും എസ്ടി സംവരണമാണ്. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ കോണ്‍റാഡ് സാങ്മയാണ് ഇപ്പോഴത്തെ മേഖാലയ മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ എന്‍പിപിക്ക് നിലവില്‍ 20 സീറ്റുകളും യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് (യുഡിപി) 8 സീറ്റുകളും പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ടിന് (പിഡിഎഫ് ) 2 സീറ്റുകളും ബിജെപിക്ക് 2 സീറ്റുകളുമാണ് ഉള്ളത്. 2 സീറ്റുകളില്‍ സ്വതന്ത്രരാണ് ജയിച്ചത്. പ്രതിപക്ഷമായ തൃണമൂല്‍ കോണ്‍ഗ്രസിന് 9 സീറ്റുകളും നിലവിലുണ്ട്. അതേസമയം പതിനാല് സീറ്റുകള്‍ ഇവിടെ ഒഴിഞ്ഞുകിടക്കുകയാണ്.

ഇത്തവണ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനത്തിലാണ് എന്‍പിപി

ഇത്തവണ 60 ല്‍ 58 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപിയെ ഞെട്ടിച്ചിരിക്കുകയാണ് എന്‍പിപി. സഖ്യകക്ഷിയായ ബിജെപിയുമായി സ്വാരസ്യത്തിലായിരുന്ന സാങ്മ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടുമെന്ന സൂചന നല്‍കിയിരുന്നു. പിന്നാലെ ഇത്തവണ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനത്തിലാണ് എന്‍പിപി. മുഖ്യമന്ത്രി കോണ്‍റാഡ് കെ സാങ്മ വെസ്റ്റ് ഗാരോ ഹില്‍സ് ജില്ലയിലെ സൗത്ത് ടുറയില്‍ നിന്നും ഉപമുഖ്യമന്ത്രിയായ പ്രെസ്റ്റോണ്‍ ടിന്‍സോംഗ് ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലയിലെ പൈനുര്‍സ്ലയില്‍ നിന്നുമാണ് മത്സരിക്കുക.

പാര്‍ട്ടിയില്‍ ചേര്‍ന്ന പത്തോളം നേതാക്കള്‍ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കി കോണ്‍റാഡ് സാങ്മ

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള നിരവധി എംഎല്‍എമാര്‍ എന്‍പിപിയില്‍ ചേര്‍ന്നുവെന്നും പാര്‍ട്ടി വളരുകയാണെന്നതിന്റെ സൂചനയാണ് ഇതെന്നും കഴിഞ്ഞ ദിവസം കോണ്‍റാഡ് സാങ്മ പ്രതികരിച്ചിരുന്നു. എന്‍പിപിയില്‍ ചേര്‍ന്ന നേതാക്കളാരും രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയല്ല മറിച്ച് ജനങ്ങളെ സേവിക്കുന്നതിനാണ് പാര്‍ട്ടിയില്‍ എത്തിയതെന്ന് പറഞ്ഞ സാങ്മ പാര്‍ട്ടിയില്‍ ചേര്‍ന്ന പത്തോളം നേതാക്കള്‍ക്കും സ്ഥാനാര്‍ത്ഥിത്വം നല്‍കിയിട്ടുണ്ട്.

ഇത്തവണ നാഗാലാന്റില്‍ കൂടുതല്‍ സീറ്റുകള്‍ നേടാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി ഉള്ളത്. നിലവിലെ ഭരണസഖ്യമായ യുണൈറ്റഡ് ഡെമോക്രാറ്റിക് അലയന്‍സില്‍ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (എന്‍ഡിപിപി), ബിജെപി, നാഗാ പീപ്പിള്‍സ് ഫ്രണ്ട്( എന്‍പിഎഫ്) എന്നീ പാര്‍ട്ടികളാണുള്ളത്. സംസ്ഥാനത്തെ 60 സീറ്റില്‍ 59 സീറ്റും എസ്ടി സംവരണമാണുള്ളത്.

ഈസ്റ്റേണ്‍ നാഗാലാന്റ് പീപ്പിള്‍സ് ഓര്‍ഗനൈസേഷന്‍ 'ഫ്രണ്ടിയര്‍ നാഗാലാന്റ് ' എന്ന പ്രത്യേക സംസ്ഥാനത്തിനായി ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ആദിവാസി വിഭാഗങ്ങളുടെ സംഘടനയാണ് ഈസ്റ്റേണ്‍ നാഗാലാന്റ് പീപ്പിള്‍സ് ഓര്‍ഗനൈസേഷന്‍. വിഷയത്തില്‍ തീരുമാനമായില്ലെങ്കില്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്നും ഈസ്റ്റേണ്‍ നാഗാലാന്റ് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കുന്നു. അതേസമയം ഈ വിഷയം പരിശോധിക്കുനന്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം മൂന്ന് സംഘത്തെ സംസ്ഥാനത്തേക്ക് അയക്കുകയും വിവിധ സംഘടനകളുമായി നിരവധി മീറ്റിംഗുകള്‍ നടത്തുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in