രാജസ്ഥാനിൽ പരിശീലനപ്പറക്കലിനിടെ മിഗ് 21 തകർന്നുവീണ് 3 മരണം

രാജസ്ഥാനിൽ പരിശീലനപ്പറക്കലിനിടെ മിഗ് 21 തകർന്നുവീണ് 3 മരണം

വിമാനം തകർന്നുവീണ പ്രദേശത്തുണ്ടായിരുന്ന മൂന്ന് പ്രദേശവാസികളാണ് മരിച്ചത്

രാജസ്ഥാനിൽ വ്യോമസേനയുടെ മിഗ് 21 വിമാനം തകർന്നുവീണ് മൂന്ന് മരണം. സൂറത്ത്ഗഡ് എയർബേസിൽനിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയായിരുന്നു വിമാനം തകർന്നുവീണത്. സാങ്കേതിക തകരാറാണെന്നാണ് പ്രാഥമിക വിവരം. വിമാനം തകർന്നുവീണ പ്രദേശത്തുണ്ടായിരുന്ന മൂന്ന് പ്രദേശവാസികളാണ് അപകടത്തിൽ മരിച്ചത്.

ജമ്മു കശ്മീരിലെ കശ്ത് വാഡിലെ വനത്തിനുള്ളിൽ ഇക്കഴിഞ്ഞ വ്യാഴാഴ്ച വ്യോമസേനയുടെ ഹെലികോപ്റ്റർ തകർന്നുവീണിരുന്നു

"ഇന്ന് രാവിലെ പതിവ് പരിശീലനത്തിനിടെ ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 വിമാനം സൂറത്ത്ഗഡിന് സമീപം തകർന്നുവീണു. പൈലറ്റ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. അപകട കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്," വ്യോമസേന ട്വീറ്റ് ചെയ്തു. പാരച്യൂട്ടിന്റെ സഹായത്തോടെയാണ് പൈലറ്റ് വിമാനത്തിൽനിന്ന് രക്ഷപ്പെട്ടത്.

വിമാനം തകർന്നുവീണ പ്രദേശത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ആളപായം ഒഴിവാക്കാൻ പൈലറ്റ് എല്ലാ ശ്രമങ്ങളും നടത്തിയിരുന്നുവെന്നും ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്താണ് വിമാനം ക്രാഷ് ലാൻഡ് ചെയ്തതെന്നും ബിക്കാനിർ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് പറഞ്ഞു.

ജമ്മു കശ്മീരിലെ കശ്ത് വാഡിലെ വനത്തിനുള്ളിൽ വ്യാഴാഴ്ച വ്യോമസേനയുടെ ഹെലികോപ്റ്റർ തകർന്നുവീണിരുന്നു. സാങ്കേതിക തകരാറായിരുന്നു അവിടെയും കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. അതിന് പിന്നാലെയാണ് പുതിയ സംഭവം. മിഗ് 21 വിമാനം ഇതിന് മുൻപും അപകടത്തിൽ പെട്ടിരുന്നു. കഴിഞ്ഞ വർഷം നടന്ന മിഗ് 21 അപകടത്തിൽ രണ്ട് പൈലറ്റുമാർ മരിച്ചിരുന്നു. അതും രാജസ്ഥാനിൽ തന്നെയായിരുന്നു.

logo
The Fourth
www.thefourthnews.in