തീവ്രവാദത്തെക്കുറിച്ച് ചോദിക്കേണ്ടത് നിങ്ങളുടെ മന്ത്രിയോട്; പാക് മാധ്യമപ്രവര്‍ത്തകനോട് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

തീവ്രവാദത്തെക്കുറിച്ച് ചോദിക്കേണ്ടത് നിങ്ങളുടെ മന്ത്രിയോട്; പാക് മാധ്യമപ്രവര്‍ത്തകനോട് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

ലോകം കോവിഡ് പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ എവിടെ നിന്നാണ് ഏറ്റവും വലിയ ഭീഷണി ഉയര്‍ന്നതെന്ന് അന്താരാഷ്ട്ര സമൂഹം മറന്നിട്ടില്ലെന്നും ജയശങ്കര്‍

ന്യൂഡല്‍ഹി,കാബൂള്‍,പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്ന് തീവ്രവാദം വ്യാപിക്കുന്നത് ദക്ഷിണേഷ്യ എത്രനാള്‍ കാണേണ്ടി വരുമെന്ന പാക് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് രൂക്ഷമായ മറുപടി നല്‍കി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. നിങ്ങള്‍ ചോദ്യം ചോദിച്ചയാള്‍ മാറിപ്പോയെന്നും തീവ്രവാദത്തെക്കുറിച്ച് പാകിസ്താനിലെ മന്ത്രിയോടാണ് ചോദിക്കേണ്ടതെന്നും ജയശങ്കർ പറഞ്ഞു.

പാകിസ്താന്‍ എത്രകാലം തീവ്രവാദം തുടരുമെന്ന് അവിടെ നിന്നുള്ള മന്ത്രിമാര്‍ നിങ്ങളോട് പറയുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ആഗോള തീവ്രവാദ വിരുദ്ധ സമീപനം: വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ഇന്ത്യയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു ജയശങ്കറിന്റെ പ്രതികരണം.

ലോകം പാകിസ്താനെ കാണുന്നത് ഭീകരപ്രവര്‍ത്തനങ്ങളുടെ പ്രഭവ കേന്ദ്രമായാണെന്നും കഴിഞ്ഞ രണ്ട് വര്‍ഷമായി ലോകം കോവിഡ് പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ എവിടെ നിന്നാണ് ഏറ്റവും വലിയ ഭീഷണി ഉയര്‍ന്നതെന്ന് അന്താരാഷ്ട്ര സമൂഹം മറന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.'ഇന്ത്യയേക്കാള്‍ മികച്ച രീതിയില്‍ ഒരു രാജ്യവും ഭീകരവാദം ഉപയോഗിച്ചിട്ടില്ല' എന്ന പാകിസ്ഥാന്‍ വിദേശകാര്യ സഹമന്ത്രി ഹിന റബ്ബാനി ഖറിന്റെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

2011 ല്‍ അന്നത്തെ പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി റബ്ബാനി ഖറുമായുള്ള സമ്മേളനത്തില്‍ മുന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റന്‍ നടത്തിയ പ്രസ്താവനയും ജയശങ്കർ ഉദ്ധരിച്ചു. നിങ്ങളുടെ മുറ്റത്ത് പാമ്പുകളുണ്ടെങ്കില്‍ അവ നിങ്ങളുടെ അയല്‍ക്കാരെ മാത്രം കടിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല, ഒരു ദിവസം അവ തങ്ങളെ പാലൂട്ടി വളർത്തുന്നവരെയും കടിക്കും. ഹിലരി അന്ന് പറഞ്ഞത് പിന്നീട് സംഭവിക്കുന്നതും നമ്മള്‍ കണ്ടു. പക്ഷേ പാകിസ്താന്റെ പ്രശ്നം, ഒരിക്കലും നല്ല ഉപദേശം അവർ ചെവിക്കൊള്ളാറില്ല എന്നതാണ്- ജയശങ്കർ കൂട്ടിച്ചേർത്തു

പാകിസ്താന്‍ തെറ്റായ പ്രവൃത്തികള്‍ തിരുത്തി ഒരു നല്ല അയല്‍ക്കാരനാകാന്‍ ശ്രമിക്കണം, ലോകം മുഴുവന്‍ 'വിഡ്ഢികളല്ലെന്ന് തിരിച്ചറിയണമെന്നും ജയശങ്കര്‍ പറഞ്ഞു. 'ആ സംവാദം വഴി തിരിച്ചുവിട്ടാല്‍ നിങ്ങള്‍ക്ക് അതില്ലാതാക്കാന്‍ സാധിക്കില്ല. നിങ്ങള്‍ക്ക് ഇനി ആരെയും ആശയക്കുഴപ്പത്തിലാക്കാനും കഴിയില്ല. ആളുകള്‍ അത് മനസ്സിലാക്കിയിട്ടുണ്ട്. ലോകത്തെ മറ്റ് രാജ്യങ്ങളൊക്കെ സാമ്പത്തിക വളര്‍ച്ച, പുരോഗതി, വികസനം എന്നീ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ അതിനോട് സഹകരിക്കാനാണ് പാകിസ്താന്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

logo
The Fourth
www.thefourthnews.in