സുഖോയ്-മിറാഷ് അപകടം:
കൂട്ടിയിടിച്ചത് പോർവിമാനങ്ങളുടെ ചിറകുകളെന്ന് വ്യോമയാന മന്ത്രാലയം

സുഖോയ്-മിറാഷ് അപകടം: കൂട്ടിയിടിച്ചത് പോർവിമാനങ്ങളുടെ ചിറകുകളെന്ന് വ്യോമയാന മന്ത്രാലയം

സുഖോയ്, മിറാഷ് എന്നീ യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്

മധ്യപ്രദേശിൽ പരിശീലനപറക്കലിനിടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ തട്ടിയുണ്ടായതെന്ന് നിഗമനം. വിമാനങ്ങള്‍ക്ക് സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടോയെന്നും പരിശോധിക്കും. ഫ്‌ളൈ ഡാറ്റാ റെക്കോര്‍ഡുകള്‍ വിശദമായി പരിശോധിച്ച് വരികയാണെന്നും വ്യോമസേന വൃത്തങ്ങള്‍ വ്യക്തമാക്കി. അപകടകാരണം അവ്യക്തമായി തുടരുന്ന സാഹചര്യത്തില്‍ അന്വേഷണക്കോടതിയെ നിയമിച്ചിരുന്നു.

അതേസമയം, അപകടത്തിൽ പെട്ട ഇരു വിമാനങ്ങളുടെയും പെെലറ്റുമാർ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നവരായതിനാൽ അന്വേഷണം നടത്താതെ സംഭവത്തിൽ കൂടുതൽ വിശദീകരണം നടത്താനാവില്ലെന്നാണ് ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിന്‍റെ വിശദീകരണം.

മധ്യപ്രദേശിലെ മുറെെന ജില്ലയിൽ വെച്ച് കഴി‍ഞ്ഞ ദിവസം പരിശിലന പറക്കലിനിടെയാണ് സുഖോയ് 30, ഒരു മിറാഷ് 2000 എന്നീ യുദ്ധവിമാനങ്ങള്‍ അപകടത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തിൽ സുഖോയ് വിമാനത്തിന്റെ ഭാ​ഗങ്ങൾ 112 കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്ന രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിൽ ചെന്ന് വീണു. അപകടത്തിൽ ഒരു വിൻ കമാൻഡർ കൊല്ലപ്പെട്ടു. ഹനുമന്ത് റാവു സാരഥിയാണ് കൊല്ലപ്പെട്ടത്. വിമാനം തകരുന്നതിന് മുൻപ് ഇജെക്ഷൻ സംവിധാനത്തിലൂടെ പുറത്തുകടന്ന പെെലറ്റുമാർ പരിക്കുകളോടെ രക്ഷപ്പെട്ടു.

രണ്ടു വിമാനങ്ങളും ​ഗ്വാളിയറിലെ വ്യോമസേനാ താവളത്തിൽ നിന്ന് കഴി‍ഞ്ഞ ദിവസമാണ് പറന്നുയർന്നത്. ഇരു വിമാനങ്ങളും ഒരേ എയർ ബേസിൽ നിന്ന് പറന്നുയരുകയും, ഒരേ സമയം തകർന്നു വീഴുകയും അവയുടെ അവശിഷ്ടങ്ങൾ ഒരേ പ്രദേശത്ത് കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിൽ വിമാനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണെന്നായിരുന്നു പ്രാഥമിക നി​ഗമനം.

അപകടത്തിൽപ്പെട്ട മിറാഷ് 2000 ഒറ്റ എൻജിനും ഒരു സീറ്റുമുള്ള വിമാനമാണ്. സുഖോയ് 30ന് രണ്ട് എൻജിനും രണ്ട് സീറ്റുകളുമുണ്ട്.

അതേസമയം , പരിശീലനത്തിനിടെ ഇരു പെെലറ്റുമാരും തമ്മിൽ ആശയവിനിമയം നടത്തിയിരുന്നോ എന്നത് ചോദ്യചിഹ്നമാണ്. പരിശീലന പറക്കലാണെങ്കിലും അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാ​ഗമായി നിരവധി മുൻകരുതലുകൾ സ്വീകരിക്കാറുണ്ട്. അതേസമയം, കൂട്ടിയിടി തടയാൻ വ്യക്തമായ മാർഗനിർദ്ദേശങ്ങളുണ്ടെങ്കിലും യുദ്ധ പറക്കലിൽ, മാനദണ്ഡങ്ങൾ വളരെ വ്യത്യസ്തമാണ്.

കഴിഞ്ഞ ഏഴ് പതിറ്റാണ്ടിനിടെ ഇന്ത്യൻ സൈന്യത്തിൽ 62 വിമാനങ്ങൾ മിഡ്-എയർ കൂട്ടിയിടിയിൽ നഷ്ടപ്പെട്ടു. ഇതിൽ 11 മിഗ് 21 വിമാനങ്ങളും ഉൾപ്പെടുന്നു.

മിഡ്-എയർ കൂട്ടിയിടികളുടെ കാര്യത്തിൽ, യുദ്ധവിമാനം സിവിലിയൻ പാസഞ്ചർ വിമാനത്തേക്കാൾ വ്യത്യസ്ത സാഹചര്യങ്ങളിൽ പ്രവർത്തിക്കുമെന്ന് മുൻ ഐഎഎഫ് യുദ്ധവിമാന പൈലറ്റുമാർ വിശദീകരിച്ചു. സിവിലിയൻ വ്യോമാതിർത്തിയിൽ 1996-ൽ കസാഖ് വിമാനവും സൗദി അറേബ്യയുടെ വിമാനവും ഉൾപ്പെട്ട ചാർഖി ദാദ്രിയിൽ 349 പേർ കൊല്ലപ്പെട്ടിരുന്നു.

logo
The Fourth
www.thefourthnews.in