കൂടുതല്‍ ബലാത്സംഗങ്ങളും കൊലപാതകങ്ങളും; മണിപ്പൂരിൽനിന്ന് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കൂടുതല്‍ ബലാത്സംഗങ്ങളും കൊലപാതകങ്ങളും; മണിപ്പൂരിൽനിന്ന് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ജൂണിൽ തങ്ങൾക്ക് ഒന്നിലധികം പരാതികൾ ലഭിച്ചതായും നടപടി ആവശ്യപ്പെട്ട് സംസ്ഥാന ഭരണകൂടത്തെ സമീപിച്ചെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നും ദേശീയ വനിത കമ്മീഷൻ അധ്യക്ഷ രേഖ ശർമ പറഞ്ഞു

മണിപ്പൂരില്‍ കുകി സമുദായത്തിൽപെട്ട രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുന്ന വീഡിയോ വൈറലായതിന് പിന്നാലെ സംസ്ഥാനത്ത് നിന്ന് കൂടുതല്‍ ബലാത്സംഗങ്ങളുടെയും കൊലപാതകങ്ങളുടെയും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. മെയ് 4 നും 15 നും ഇടയില്‍ കുകി സമുദായത്തില്‍പ്പെട്ട സ്ത്രീകള്‍ക്കെതിരെ നടന്ന ലൈംഗികാതിക്രമം, ബലാത്സംഗം, കൊലപാതകം തുടങ്ങിയ കേസുകളുടെ വിശദാംശങ്ങളാണ് ഇന്ത്യ ടുഡേ പുറത്തുവിട്ടത്. ജൂണ്‍ 12 ന് ദേശീയ വനിത കമ്മീഷന് നല്‍കിയ പരാതിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. വീഡിയോ പുറത്തുവരുന്നതിന് ഒരു മാസം മുൻപ് പരാതി നൽകിയിട്ടും വനിത കമ്മീഷൻ നടപടിയെടുത്തില്ലെന്നാണ് റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നത്.

എന്നാൽ ജൂണിൽ തങ്ങൾക്ക് ഒന്നിലധികം പരാതികൾ ലഭിച്ചതായും നടപടി ആവശ്യപ്പെട്ട് സംസ്ഥാന ഭരണകൂടത്തെ സമീപിച്ചെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നും ദേശീയ വനിത കമ്മീഷൻ അധ്യക്ഷ രേഖ ശർമ പറഞ്ഞു. സംഭവത്തിൽ ജൂൺ 12 ന് കമ്മീഷന് പരാതി ലഭിച്ചെങ്കിലും നടപടിയൊന്നും എടുത്തിട്ടില്ലെന്ന മാധ്യമ റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അവർ.

വനിത കമ്മീഷന് ലഭിച്ച പരാതിയിൽ മെയ് നാലിന് കുകി സമുദായത്തിൽപ്പെട്ട രണ്ട് സ്ത്രീകൾ ബലാത്സംഗത്തിനിരയായതായി പറയുന്നു. മണിപ്പൂരിലെ കാങ്‌പോക്‌പി ജില്ലയിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള രണ്ട് സ്ത്രീകളെ മേയ്തി സമുദായത്തിൽപ്പെട്ട ആളുകൾ കൊള്ളയടിക്കുകയും മർദിക്കുകയും നഗ്‌നരാക്കി നടത്തുകയും ചെയ്തു. പൊതുസ്ഥലത്ത് വച്ച് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തുവെന്നും പരാതിയിൽ പറയുന്നു. ജൂലൈ 19നാണ് ഭീകരമായ ഈ കുറ്റകൃത്യത്തിന്റെ വീഡിയോ വൈറലായത്. പരാതി ഉയർന്നപ്പോൾ രണ്ട് സ്ത്രീകളെയും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.

മെയ് 4 ന് നടന്ന മറ്റൊരു സംഭവത്തിൽ, ഒരു നഴ്‌സിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളായ 22 കാരിയായ കുകി യുവതിയെയും സുഹൃത്തിനെയും 40 പേരടങ്ങുന്ന മേയ്തി ജനക്കൂട്ടം ആക്രമിക്കുകയും ബലാത്സംഗത്തിനിരയാക്കുകയും ചെയ്തു. മേയ് 5-ന് കാങ്‌പോക്‌പി ജില്ലയിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള ഇരുപത് വയസുള്ള രണ്ട് പെൺകുട്ടികൾ ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ടതിന്റെ വിശദാംശങ്ങളും പരാതിയിൽ പരാമർശിച്ചിട്ടുണ്ട്. ഇംഫാലിലെ കൊനുങ് മാമാങ് മേഖലയിലാണ് സംഭവം.

പരാതിയുടെ വിശദാംശങ്ങളനുസരിച്ച്, മേയ്തി സമുദായത്തിൽപ്പെട്ട അക്രമികൾ സ്ത്രീകളെ വലിച്ചിഴച്ച് മുറിയിൽ അടച്ചിട്ട് രണ്ട് മണിക്കൂറോളം പീഡിപ്പിക്കുകയായിരുന്നു. മുറി തുറന്ന് നോക്കിയപ്പോൾ രണ്ട് സ്ത്രീകളെയും രക്തത്തിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. ലൈംഗികാതിക്രമത്തിനിടെയാകാം ഇവർ കൊല്ലപ്പെട്ടതെന്നാണ് വിലയിരുത്തല്‍. ഇവരുടെ മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മെയ് 15 ന്, ഇംഫാലില്‍ നിന്ന് 18 കാരിയെ മേയ്തി ജനക്കൂട്ടം തട്ടിക്കൊണ്ടുപോയി. എതിര്‍ത്തതോടെ യുവതിയെ വെട്ടി നുറുക്കുമെന്ന് ഭീഷണിപ്പെടുത്തി. അവര്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. നാഗാലാൻഡിലെ കൊഹിമയിലെ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയതിന് ശേഷമാണ് യുവതിയെ ബലാത്സംഗം ചെയ്തതായി സ്ഥിരീകരിച്ചത്.

എന്നാൽ ജൂണിൽ ലഭിച്ച പരാതിക്ക് പുറമേ, മെയ് 29 ന് ഒരു കൂട്ടം സ്ത്രീകളിൽ നിന്ന് ദേശീയ വനിത കമ്മീഷന് മുൻപാകെ പരാതി ലഭിച്ചിരുന്നുവെന്നും രേഖ ശർമ വെളിപ്പെടുത്തി. വീഡിയോ പുറത്തുവന്നതിന് പിന്നാലെ താൻ സ്വമേധയ കേസെടുക്കുകയായിരുന്നുവെന്നും വിഷയത്തിൽ അധികൃതരോട് വിശദീകരണം തേടിയതായും രേഖ ശർമ പറഞ്ഞു.

അതേസമയം, പ്രതികളെ പിടികൂടുന്നതിനായി 12 അംഗ പോലീസ് സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം, കൊലപാതകം എന്നിവയ്ക്കാണ് പോലീസ് കേസെടുത്തത്.

logo
The Fourth
www.thefourthnews.in