ബോംബ് ഭീഷണി; മോസ്‌കോ - ഗോവ വിമാനം ഉസ്ബെക്കിസ്ഥാനിലേക്ക് വഴിതിരിച്ചുവിട്ടു

ബോംബ് ഭീഷണി; മോസ്‌കോ - ഗോവ വിമാനം ഉസ്ബെക്കിസ്ഥാനിലേക്ക് വഴിതിരിച്ചുവിട്ടു

രണ്ട് ആഴ്ച മുൻപ് മോസ്‌കോയിൽ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട അസൂര്‍ എയറിന്റെ ചാര്‍ട്ടേര്‍ഡ് വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ഗുജറാത്തിലെ ജാംനഗറിലെ വ്യോമസേന വിമാനത്താവളത്തില്‍ ഇറക്കിയിരുന്നു

മോസ്കോയിൽ നിന്ന് ഗോവയിലേക്ക് പോവുകയായിരുന്ന വിമാനം ബോംബ് ഭീഷണിയെ തുടർന്ന് വഴിതിരിച്ചുവിട്ടു. 240 യാത്രക്കാരുമായി പുറപ്പെട്ട റഷ്യൻ എയർലൈനിന് കീഴിലുള്ള എയർ അസൂർ വിമാനം AZV2463 ലാണ് ബോംബ് ഭീഷണി ഉണ്ടായത്. ഇതേ തുടർന്ന് ഇന്ത്യൻ വ്യോമ മേഖലയിൽ പ്രവേശിക്കുന്നതിന് മുൻപായി തന്നെ വിമാനം ഉസ്‌ബെസ്കിസ്ഥാനിലേക്ക് തിരിച്ച് വിട്ടു. ഗോവ വിമാനത്താവള ഡയറക്ടർക്കാണ് ഭീഷണി സന്ദേശം കിട്ടിയത്.

സൗത്ത് ഗോവയിലെ ഡാബോളിം വിമാനത്താവളത്തിൽ പുലർച്ചെ 4.30ന് ഇറങ്ങേണ്ട വിമാനമാണ് വഴി തിരിച്ചുവിട്ടത്. ബോംബ് ഭീഷണിക്ക് പിന്നാലെ ഗോവയിലെ ഡാബോളിം വിമാനത്താവളത്തിൽ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉസ്ബകിസ്ഥാനിൽ അടിയന്തരമായി ഇറക്കിയ വിമാനത്തിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ച് പരിശോധന തുടരുകയാണ്. റഷ്യയില്‍ നിന്നുള്ള വിമാനത്തിന് ബോംബ് ഭീഷണി നേരിടുന്നത് ഇത് രണ്ടാമത്തെ തവണയാണ്.  

"വിമാനത്തിൽ ബോംബ് വെച്ചിരിക്കുന്നതായി സൂചിപ്പിക്കുന്ന ഇ-മെയിൽ ഡാബോളിം എയർപോർട്ട് ഡയറക്ടർക്ക് ലഭിച്ചതിനെ തുടർന്നാണ് നടപടി. പുലർച്ചെ 12.30 ന് ആണ് ഇ-മെയിൽ ലഭിച്ചത്. ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് മുൻപ് തന്നെ വിമാനം വഴി തിരിച്ചുവിട്ടു. പുലർച്ചെ 4.30 ഓടെ ഉസ്ബെക്കിസ്ഥാനിൽ വിമാനം ഇറങ്ങി"-എയർപോർട്ട് അധികൃതരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. യാത്രക്കാരെ കൂടാതെ ഏഴ് ജീവനക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

രണ്ട് ആഴ്ച മുൻപ് മോസ്‌കോയിൽ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട അസൂര്‍ എയറിന്റെ ചാര്‍ട്ടേര്‍ഡ് വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ഗുജറാത്തിലെ ജാംനഗറിലെ വ്യോമസേന വിമാനത്താവളത്തില്‍ ഇറക്കിയിരുന്നു. ഗോവ എയര്‍ ട്രാഫിക് കണ്‍ട്രോളിനാണ് ബോംബ് ഭീഷണി സംബന്ധിച്ച വിവരം ലഭിച്ചത്. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ ബോംബോ, സംശയാസ്പദമായ വസ്തുക്കളോ കണ്ടെത്താനായില്ല. ജീവനക്കാർ അടക്കം 240-ലധികം യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. റഷ്യന്‍ നടന്‍ ഓസ്‌കാര്‍ കുച്ചേരയും വിമാനത്തിലുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് എയർവേയ്‌സിന്റെ ട്രെയിനി ടിക്കറ്റിങ് ഏജന്റ് പിടിയിലായിരുന്നു.

logo
The Fourth
www.thefourthnews.in