ഇന്‍ഫ്ലുവന്‍സേഴ്സിനെ വിശ്വസിച്ച് 70% ഇന്ത്യക്കാര്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നു; റിപ്പോര്‍ട്ട്

ഇന്‍ഫ്ലുവന്‍സേഴ്സിനെ വിശ്വസിച്ച് 70% ഇന്ത്യക്കാര്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നു; റിപ്പോര്‍ട്ട്

പരസ്യം കാണുന്നവര്‍ കുറഞ്ഞത് ഒരു ഉത്പന്നമെങ്കിലും വാങ്ങുന്നു

രാജ്യത്ത് സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്സിന്റെ നിര്‍ദേശങ്ങളെ അടിസ്ഥാനമാക്കി പത്തിൽ ഏഴ് പേരും ഉത്പന്നങ്ങള്‍ വാങ്ങുന്നു. സമൂഹ മാധ്യമങ്ങളിൽ സ്വാധീനം ചെലുത്തുന്നവർ പരസ്യ മേഖലയിലും നിർണായക പങ്ക് വഹിക്കുന്നതായി അഡ്വെർടൈസിംഗ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. ഇന്‍ഫ്ലുവന്‍സേഴ്സിന്റെ നിര്‍ദേശങ്ങളോട് 90 ശതമാനം സബ്സ്ക്രൈബേഴ്സും പ്രതികരിക്കാറുണ്ട്. രാജ്യത്തെ പ്രധാന നഗരങ്ങളിലും ചെറു പട്ടണങ്ങളിലുമായി 18 വയസിന് മുകളിൽ പ്രായമുള്ളവരില്‍ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് അഡ്വെർടൈസിങ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ബ്രാൻഡുകളുടെ സുതാര്യതയും സത്യസന്ധതയും അടിസ്ഥാനമാക്കിയാണ് പലരും പരസ്യങ്ങളിൽ വിശ്വസിക്കുന്നത്. ഉള്ളടക്കങ്ങളും സമീപനരീതിയും ആകര്‍ഷകമായി സ്വാധീനിക്കപ്പെടുന്നവരുമുണ്ട്. ഉത്പന്നങ്ങളെ പറ്റിയുള്ള സുതാര്യതയില്ലായ്മ, അമിതമായ പ്രൊമോഷൻ, ആവർത്തിക്കുന്ന ഉള്ളടക്കങ്ങൾ എന്നിവ 30 ശതമാനം പേരെ പരസ്യങ്ങൾ കണ്ട് ഉത്പന്നം വാങ്ങുന്നതിൽ നിന്ന് മാറ്റി നിർത്തുന്നതിലേക്ക് നയിക്കുന്നു.

ഇന്‍ഫ്ലുവേഴ്സിനോടുള്ള ആളുകളുടെ ഇഷ്ടം അവര്‍ പരിചയപ്പെടുത്തുന്ന ബ്രാന്‍ഡുകള്‍ക്കും ലഭിക്കുന്നു. തിരിച്ച് ബ്രാന്‍ഡുകളുടെ പ്രമോഷനുകള്‍ ലഭിക്കുന്ന ഇന്‍ഫ്ലുവേഴ്സിനെ വിശ്വാസത്തിലെടുക്കുന്ന സാഹചര്യവുമുണ്ട്. 64 ശതമാനം പേരും ഇന്‍ഫ്ലുവന്‍സേഴ്സിലൂടെയാണ് പല ബ്രാന്‍ഡുകളുടേയും ഉത്പന്നങ്ങളുടെ ഭാഗമാകുന്നത്.

ഇൻഫ്ളുവൻസർ ട്രസ്റ്റ് റിപ്പോർട്ട് പ്രകാരം സമൂഹമാധ്യമത്തിൽ സ്വാധീനം ചെലുത്തുന്നവരെ 79 ശതമാനം പേർ വിശ്വസിക്കുന്നു. 30 ശതമാനം അവരിൽ പൂർണ വിശ്വാസവും, 49 ശതമാനം പേർക്ക് ഒരു പരിധിവരെ വിശ്വാസവും രേഖപ്പെടുത്തുന്നു. പ്രതികരിച്ചവരിൽ 91 ശതമാനം ആളുകളും പരസ്യത്തെ വിശ്വസിക്കുന്നുണ്ടെന്നതാണ് മറ്റൊരു വസ്തുത.

logo
The Fourth
www.thefourthnews.in