25 പ്ലേറ്റ് സമൂസയ്ക്ക് ഒന്നര ലക്ഷം രൂപ! : ഓൺലൈനിൽ സമൂസ ഓർഡർ ചെയ്‌ത ഡോക്‌ടർക്ക് കിട്ടിയത് എട്ടിന്റെ പണി

25 പ്ലേറ്റ് സമൂസയ്ക്ക് ഒന്നര ലക്ഷം രൂപ! : ഓൺലൈനിൽ സമൂസ ഓർഡർ ചെയ്‌ത ഡോക്‌ടർക്ക് കിട്ടിയത് എട്ടിന്റെ പണി

സൈറ്റിൽ നൽകിയ നമ്പറിൽ വിളിച്ചപ്പോൾ ഫോൺ എടുത്തയാൾ 1500 രൂപ മുൻകൂറായി നൽകാൻ ആവശ്യപ്പെട്ടിരുന്നു

ഓണ്‍ലൈനില്‍ സമൂസ ഓര്‍ഡര്‍ ചെയ്തതിന് പിന്നാലെ അക്കൗണ്ടിൽ നിന്ന് 1.40ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. മുംബൈയിലെ സിവിക് റൺ കെഇഎം ഹോസ്പിറ്റലിൽ സർജനായി ജോലി ചെയ്യുന്ന 27കാരനായ ഡോക്‌ടർക്കാണ് പണം നഷ്ടപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ 8.30 നും 10.30 നും ഇടയിലാണ് സംഭവം.

സിയോണിലെ ഗുരുകൃപ എന്ന ഹോട്ടലിൽ നിന്ന് സമൂസ ഓർഡർ ചെയ്തപ്പോഴാണ് ഡോക്ടർക്ക് 1.40 ലക്ഷം രൂപ നഷ്ടപ്പെട്ടത്. 25 പ്ലേറ്റ് സമൂസകളാണ് ഡോക്ടർ ഓർഡർ ചെയ്‌തത്. ഗൂഗിളിൽ ഹോട്ടലിന്റെ പേര് അന്വേഷിച്ച് തെറ്റായ വെബ്‌സൈറ്റിൽ നിന്ന് സമൂസകൾ ഓർഡർ ചെയ്യുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ''ഡോക്ടർ കഴിഞ്ഞ ദിവസം സഹപ്രവർത്തകരോടൊപ്പം ഒരു പിക്‌നിക് പ്ലാൻ ചെയ്യുകയും യാത്രയ്‌ക്കായി സമൂസ ഓർഡർ ചെയ്യുകയും ചെയ്‌തു. ഓൺലൈനിൽ ഭക്ഷണശാലയുടെ നമ്പർ കണ്ടെത്തി അദ്ദേഹം ഓർഡർ നൽകുകയായിരുന്നു. സൈറ്റിൽ നൽകിയ നമ്പറിൽ വിളിച്ചപ്പോൾ ഫോൺ എടുത്തയാൾ 1500 രൂപ മുൻകൂറായി നൽകാൻ ആവശ്യപ്പെട്ടിരുന്നു''- പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

തുടർന്ന് ഓർഡർ സ്ഥിരീകരിക്കാനുള്ള ഓപ്ഷനും പണം അയയ്ക്കാനുള്ള ബാങ്ക് അക്കൗണ്ട് നമ്പറും അടങ്ങുന്ന ഒരു വാട്സ് ആപ്പ് സന്ദേശം ഡോക്ടർക്ക് ലഭിച്ചു. ബാങ്ക് അക്കൗണ്ട് വഴി 1500 രൂപ ഡോക്ടർ നൽകുകയും ചെയ്തു. എന്നാൽ പേയ്‌മെന്റ് ലഭിച്ചില്ലെന്ന് ആരോപിച്ച് തട്ടിപ്പുകാർ, പേയ്‌മെന്റ് പ്രോസസ്സ് ചെയ്യുന്നതിന് ഗൂഗിൾ പേയിൽ 28807 എന്ന് ടൈപ്പ് ചെയ്യാൻ ഡോക്ടറോട് ആവശ്യപ്പെടുകയും അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുകയും ചെയ്തു. പിന്നാലെ അക്കൗണ്ടിൽ നിന്ന് 28,807 രൂപയും പിന്നീട് ഒന്നേമുക്കാൽ ലക്ഷം രൂപയും നഷ്ടപ്പെട്ടു. സംഭവത്തിൽ ഭോയ്‌വാഡ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ ഫയൽ ചെയ്തു.

അടുത്തിടെ ഇന്ത്യയിൽ ഓൺലൈൻ തട്ടിപ്പുകളിൽ വലിയ തോതിലുള്ള വർധനയാണ് കണ്ടുവരുന്നത്. പ്രശസ്തമായ സ്ഥാപനങ്ങളുടെ പേരിൽ ആൾമാറാട്ടം നടത്തി പണം തട്ടുന്ന സംഘങ്ങളും സജീവമാണ്. ഇത്തരം സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. പണം നൽകുന്നതിന് മുൻപായി ഇ മെയ്‌ലുകളോ മറ്റ് സന്ദേശങ്ങളോ ലഭിക്കുന്ന വിലാസങ്ങൾ കൃത്യമായി പരിശോധിക്കണം. ലോഗിൻ ക്രെഡൻഷ്യലുകൾക്കോ ​​സാമ്പത്തിക വിശദാംശങ്ങൾക്കോ ​​വേണ്ടിയുള്ള അപ്രതീക്ഷിത അഭ്യർത്ഥനകളിൽ ജാഗ്രത പാലിക്കണം.

ഏറ്റവും പുതിയ രീതിയിലുള്ള ഓൺലൈൻ തട്ടിപ്പുകളെയും വഞ്ചനകളെയും കുറിച്ച് അറിഞ്ഞിരിക്കുക എന്നതും പ്രധാനമാണ്. ഒരു ഓഫറിനെക്കുറിച്ചോ ലിങ്കുകളെ കുറിച്ചോ വെബ്‌സൈറ്റിനെക്കുറിച്ചോ നിങ്ങൾക്ക് സംശയങ്ങളുണ്ടെങ്കിൽ, പണം നൽകുന്നതിന് മുൻപ് എല്ലാ കാര്യങ്ങളും സമയമെടുത്ത് പരിശോധിച്ചുറപ്പിക്കുക. സുരക്ഷാ നമ്പറുകളോ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളോ പോലുള്ള വ്യക്തിഗത വിവരങ്ങൾ, അത്യാവശ്യമല്ലാതെ അവശ്വസിനീയമായ ഉറവിടങ്ങളുമായി പങ്കിടുന്നത് ഒഴിവാക്കുക. അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോ അറ്റാച്ച്‌മെന്റുകൾ ഡൗൺലോഡ് ചെയ്യുന്നതോ ഒഴിവാക്കുക. ഓൺലൈൻ വാങ്ങലുകൾ നടത്തുന്നതിന് മുൻപ് അല്ലെങ്കിൽ സുപ്രധാനമായ വിവരങ്ങൾ പങ്കിടുന്നതിന് മുൻപ്, വെബ്‌സൈറ്റിന്റെ ആധികാരികത പരിശോധിക്കുക.

logo
The Fourth
www.thefourthnews.in