മോദി എത്തും മുന്‍പ് മുംബൈയിലെ ചേരികള്‍ മറച്ചു; ദാരിദ്ര്യം കണ്ട് ചക്രവര്‍ത്തിയുടെ മനസ് നോവാതിരിക്കാനെന്ന് കോണ്‍ഗ്രസ്

മോദി എത്തും മുന്‍പ് മുംബൈയിലെ ചേരികള്‍ മറച്ചു; ദാരിദ്ര്യം കണ്ട് ചക്രവര്‍ത്തിയുടെ മനസ് നോവാതിരിക്കാനെന്ന് കോണ്‍ഗ്രസ്

വെള്ളത്തുണികള്‍ കൊണ്ട് ചേരികള്‍ മറച്ചതിന്റെ ദൃശ്യങ്ങൾ പുറത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുംബൈ സന്ദര്‍ശനത്തിന് മുന്നോടിയായി ചേരികള്‍ വെള്ളത്തുണികള്‍ കൊണ്ട് മറച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് കോണ്‍ഗ്രസ്. വന്ദേ ഭാരത് ട്രെയിനുകളും വിവിധ വികസന പദ്ധതികളും ഉദ്ഘാടനം ചെയ്യുന്നതിന് പ്രധാനമന്ത്രി എത്തും മുന്‍പായാണ് ചേരികള്‍ മറച്ചത്. ചക്രവര്‍ത്തി ദാരിദ്ര്യം കാണാതിരിക്കാനായാണ് സന്ദര്‍ശനത്തിന് മുന്നോടിയായി ചേരി മറച്ചതെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു.

' ചക്രവര്‍ത്തി മോദി മുംബൈയിലേക്ക് പോവുകയാണ്. അദ്ദേഹത്തിന്റെ കണ്ണുകള്‍ ദാരിദ്യം കാണാതിരിക്കാനായാണ് ക്രമീകരണങ്ങളൊരുക്കിയിരിക്കുന്നത്. ദാരിദ്ര്യം കണ്ട് ചക്രവര്‍ത്തിയുടെ ഹൃദയം അസ്വസ്ഥമാകാതിരിക്കാന്‍ എന്നത്തേയും പോലെ പാവപ്പെട്ടവരുടെ വീടുകള്‍ മറച്ചിട്ടുണ്ട്. ചക്രവര്‍ത്തി ഇത്തവണ ഉദാരമനസ്‌കനാണ്. അദ്ദേഹം ഗുജറാത്തിലേതുപോലെ മതിലുകള്‍ പണിതില്ല '. കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

നേരത്തെ മുംബൈയില്‍ ജി20 ഉച്ചകോടിക്കെത്തിയ വിദേശ പ്രതിനിധികളടക്കം യാത്ര ചെയ്യുന്ന വഴികളിലെ ചേരി പ്രദേശങ്ങള്‍ ഷീറ്റ് ഉപയോഗിച്ച് മറച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ചേരി പ്രദേശം മറച്ചതല്ലെന്നും നഗരത്തിന്റെ സൗന്ദര്യ വല്‍ക്കരണത്തിനായി ചെയ്തതാണെന്നുമായിരുന്നു നഗരസഭയുടെ വിശദീകരണം. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡോണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ഗുജറാത്തിലെ ചേരി പ്രദേശങ്ങള്‍ വലിയ മതിലുകള്‍ കെട്ടി മറച്ചതും വാര്‍ത്തയായിരുന്നു.

മുംബൈയിലെ ചേരി പ്രദേശങ്ങൾ ഷീറ്റുകൾ കൊണ്ട് മറക്കുന്നു
മുംബൈയിലെ ചേരി പ്രദേശങ്ങൾ ഷീറ്റുകൾ കൊണ്ട് മറക്കുന്നു
മോദി എത്തും മുന്‍പ് മുംബൈയിലെ ചേരികള്‍ മറച്ചു; ദാരിദ്ര്യം കണ്ട് ചക്രവര്‍ത്തിയുടെ മനസ് നോവാതിരിക്കാനെന്ന് കോണ്‍ഗ്രസ്
ജി20 ഉച്ചകോടി; ഒറ്റരാത്രികൊണ്ട് ഷീറ്റുകൾ കൊണ്ട് മറച്ച് മുംബൈ ചേരികൾ,കശ്മീർ ഗേറ്റിന് സമീപമുള്ള യാചകരെയും മാറ്റും

മുംബൈയില്‍ വന്ദേ ഭാരത് ട്രെയിനുകളും അടിസ്ഥാന വികസന പദ്ധതികളും മോദി ഉദ്ഘാടനം ചെയ്യും.

ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുംബൈയിലെത്തുന്നത്. മുംബൈ-സോലാപൂര്‍ വന്ദേ ഭാരത് ട്രെയിനും മുംബൈ-സായിനഗര്‍ ഷിര്‍ദി വന്ദേ ഭാരത് ട്രെയിനും, മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസില്‍ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. മോദി സന്ദര്‍ശനത്തോടനുബന്ധിച്ച് സിഎസ്ടി ഏരിയയിലും അന്ധേരിയിലും ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in