ഡൽഹിയെ നടുക്കി കൊലപാതകം: മാതാപിതാക്കളെയും സഹോദരിയെയും മുത്തശ്ശിയെയും കഴുത്തറുത്ത് കൊന്നു, പ്രതി പിടിയില്‍

ഡൽഹിയെ നടുക്കി കൊലപാതകം: മാതാപിതാക്കളെയും സഹോദരിയെയും മുത്തശ്ശിയെയും കഴുത്തറുത്ത് കൊന്നു, പ്രതി പിടിയില്‍

പ്രതി മയക്കുമരുന്നിന് അടിമയാണെന്ന് ഡല്‍ഹി പോലീസ്

ഡൽഹിയിൽ കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ഡൽഹി പാലം റോഡിന് സമീപം നവംബര്‍ 22ന് രാത്രി 10.30ഓടെയാണ് സംഭവം. കുടുംബവഴക്കിനെ തുടര്‍ന്ന് പ്രതി കേശവ് (25) മാതാപിതാക്കളേയും സഹോദരിയേയും മുത്തശ്ശിയേയും കൊലപ്പെടുത്തുകയായിരുന്നു. മയക്കുമരുന്നിന് അടിമയായ ഇയാള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് പുനരധിവാസ കേന്ദ്രത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയതെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.

കൊലപാതകം നടത്തുമ്പോഴും പ്രതി മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നു എന്ന് അന്വേഷണ സംഘം

പ്രതിയുടെ മുത്തശ്ശി ദീവാന ദേവി (75), പിതാവ് ദിനേശ് (50), അമ്മ ദർശന, സഹോദരി ഉർവശി (18) എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയോടെ ഡൽഹി പാലം റോഡിന് സമീപമുള്ള വീട്ടിൽ നിന്നാണ് മൃതദേഹങ്ങൾ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കളുടെ മൃതദേഹം ശുചിമുറിയിലും മുത്തശ്ശിയുടേതും സഹോദരിയുടെതും രണ്ട് മുറികളിലായുമാണ് കണ്ടെത്തിയത്. മൂര്‍ച്ചയേറിയ വസ്തു ഉപയോഗിച്ച് കഴുത്ത് മുറിക്കുകയും ഒന്നിലധികം തവണ കുത്തി പരുക്കേല്‍പ്പിക്കുകയും ചെയ്തു. രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ ബന്ധുക്കള്‍ ചേര്‍ന്ന് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ദീപാവലി മുതല്‍ തൊഴില്‍ രഹിതനായിരുന്നു പ്രതി കേശവ്. കൊലപാതകം നടത്തുമ്പോഴും മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നു ഇയാളെന്ന് അന്വേഷണ സംഘം പറയുന്നു. കൊലയ്ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം നടന്നുവരികയാണ്.

logo
The Fourth
www.thefourthnews.in