സഹപാഠികളെക്കൊണ്ട് അധ്യാപിക മുഖത്തടിപ്പിച്ച സംഭവം; കുട്ടിക്ക് നേരിട്ടെത്തി കൗണ്‍സിലിങ് നല്‍കണമെന്ന് സുപ്രീംകോടതി

സഹപാഠികളെക്കൊണ്ട് അധ്യാപിക മുഖത്തടിപ്പിച്ച സംഭവം; കുട്ടിക്ക് നേരിട്ടെത്തി കൗണ്‍സിലിങ് നല്‍കണമെന്ന് സുപ്രീംകോടതി

അധ്യാപികയായ തൃപ്ത ത്യാഗി ക്ലാസ്സിലെ മുസ്ലിം വിദ്യാർത്ഥിയെ സഹപാഠികളെകൊണ്ട് മുഖത്തടിപ്പിച്ച വീഡിയോ കഴിഞ്ഞ ഓഗസ്റ്റിലാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്

മുസഫർനഗറിൽ അദ്ധ്യാപിക സഹപാഠികളെകൊണ്ട് മുഖത്തടിപ്പിച്ച കുട്ടിക്ക് നേരിൽ കണ്ട് വിദഗ്ധരുടെ കൗൺസിലിങ്‌ നൽകണമെന്ന് സുപ്രീംകോടതി. നേരത്തെ തന്നെ കുട്ടിയുടെ മാനസികാരോഗ്യം നിലനിർത്താൻ കൗൺസിലിങ്‌ നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ കുട്ടി കൗൺസിലിങ്‌ കേന്ദ്രത്തിൽ എത്തുന്നില്ല എന്ന് യു പി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചതിനെ തുടർന്നാണ്, കുട്ടിയെ നേരിൽ കണ്ട് കൗൺസിലിങ്‌ നൽകാൻ നിർദേശം നൽകിയത്. മാനസികമായി തകർന്നുപോയ ഒരു കുട്ടി കൗൺസിലിങ്‌ കേന്ദ്രത്തിലേക്ക് വരുമെന്നാണോ നിങ്ങൾ കരുതുന്നതെന്ന് കോടതി യു പി വിദ്യാഭ്യാസ വകുപ്പിനോട് ചോദിച്ചു.

മുസ്ലിം വിദ്യാർത്ഥിയുടെ മുഖത്തടിക്കാൻ സഹപാഠികളോട് അദ്ധ്യാപിക ആവശ്യപ്പെടുന്നതും, അതനുസരിച്ച് വിദ്യാർഥികൾ കുട്ടിയുടെ മുഖത്തടിക്കുന്നതുമായ വീഡിയോ ഓഗസ്റ്റ് മാസമാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അതിനു ശേഷമാണ് സംഭവം ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്നതും, സുപ്രീംകോടതിയിലെത്തുന്നതും. വിചാരണ എത്രയും പെട്ടന്ന് പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് സാമൂഹികപ്രവർത്തകൻ തുഷാർ ഗാന്ധി നൽകിയ പൊതുതാല്പര്യ ഹർജി പരിഗണിക്കുന്നതിന്റെ ഭാഗമായാണ് കോടതി വീണ്ടും വിഷയത്തിൽ ഇടപെട്ടത്.

കഴിഞ്ഞ സെപ്റ്റംബറിൽ കേസ് പരിഗണിച്ചപ്പോൾ അന്വേഷണത്തിന്റെ പുരോഗതിയും എടുത്ത നടപടികളും ഉൾപ്പെടുന്ന റിപ്പോർട്ട് സമർപ്പിക്കാൻ മുസഫർനഗർ പോലീസിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. പോലീസിന്റെ റിപ്പോർട്ട് പരിശോധിച്ച കോടതി, എഫ് ഐ ആർ രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസം വരുത്തിയ കാര്യത്തിലും വർഗീയവിദ്വേഷം പരത്തുന്നതുമായി ബന്ധപ്പെട്ട വകുപ്പുകൾ ഒഴിവാക്കിയതിലും അതൃപ്തി പ്രകടിപ്പിച്ചു. ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്നും അവഹേളിക്കപ്പെട്ട വിദ്യാർത്ഥിക്കും സഹപാഠികൾക്കും ആവശ്യമായ കൗൺസിലിംഗ് സഹായങ്ങൾ നൽകണമെന്നും ഉത്തരവിൽ പറയുന്നു. വിദ്യാഭ്യാസ അവകാശ നിയമവും, ഭരണഘടനയുടെ അനുച്ഛേദം 21 എ പ്രകാരവുമുള്ള എല്ലാ സൗകര്യങ്ങളും കുട്ടിക്ക് ലഭ്യമാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

സഹപാഠികളെക്കൊണ്ട് അധ്യാപിക മുഖത്തടിപ്പിച്ച സംഭവം; കുട്ടിക്ക് നേരിട്ടെത്തി കൗണ്‍സിലിങ് നല്‍കണമെന്ന് സുപ്രീംകോടതി
മുസഫർനഗറിൽ അഞ്ചാം ക്ലാസുകാരനെ മുസ്ലിം സഹപാഠിയെക്കൊണ്ട് തല്ലിച്ചു; അധ്യാപികയെ അറസ്റ്റ് ചെയ്തു

വിദ്യാഭ്യാസ അവകാശ നിയമം പാലിക്കുന്ന കാര്യത്തിൽ പ്രഥമദൃഷ്ട്യാ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് കോടതി നിരീക്ഷിക്കുന്നത്. മതത്തിന്റെയും ജാതിയുടെയും പേരിൽ വിദ്യാർഥികൾ വിവേചനമനുഭവിക്കേണ്ടി വരുന്നതിനും, അത് മാനസിക സംഘർഷങ്ങൾക്ക് വഴിവെക്കുന്നതിനും ഇതാണ് കാരണമെന്നാണ് കോടതിയുടെ നിരീക്ഷണം. ഒരു പ്രത്യേക വിഭാഗത്തിൽ പെട്ടതിനെ പേരിൽ വിദ്യാർഥികൾ മാറ്റിനിർത്തപ്പെടുന്ന ചുറ്റുപാടിൽ നിലവാരമുള്ള വിദ്യാഭ്യാസമുണ്ടാകില്ല എന്നും കോടതി നിരീക്ഷിക്കുന്നു.

സംസ്ഥാന ആഭ്യന്തര വകുപ്പ് അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിച്ചെന്നും വിദ്യാഭ്യാസ വകുപ്പ് ഇപ്പോഴും അവരുടെ സത്യവാങ്മൂലം സമർപ്പിച്ചിട്ടില്ല എന്നും കോടതി അറിയിച്ചു. എന്നാൽ കോടതിയുടെ നിർദേശപ്രകാരം മത വികാരം വ്രണപ്പെടുത്തിയതിന് ഐ പി സി 295 എ വകുപ്പും ജുവനൈൽ ജസ്റ്റിസ് വകുപ്പും ഉൾപ്പെടുത്തിയതായി നിയമ ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചു. ഒരു ഐ ജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണം വിലയിരുത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്ന് അഡിഷണൽ സോളിസിറ്റർ ജനറലും കോടതിയെ അറിയിച്ചു.

സഹപാഠികളെക്കൊണ്ട് അധ്യാപിക മുഖത്തടിപ്പിച്ച സംഭവം; കുട്ടിക്ക് നേരിട്ടെത്തി കൗണ്‍സിലിങ് നല്‍കണമെന്ന് സുപ്രീംകോടതി
മുസ്ലിം വിദ്യാർഥിയെ മുഖത്തടിപ്പിച്ച സംഭവം: 'മനസാക്ഷിയെ ഞെട്ടിക്കുന്നത്,' എഫ്ഐആറില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി

ഗുണനപ്പട്ടിക തെറ്റിച്ചതിന്റെ പേരിൽ അധ്യാപികയായ തൃപ്ത ത്യാഗി ക്ലാസ്സിലെ മുസ്ലിം വിദ്യാർത്ഥിയെ മറ്റുള്ള വിദ്യാർത്ഥികളെ കൊണ്ട് തല്ലിച്ച വീഡിയോ കഴിഞ്ഞ ഓഗസ്റ്റിലാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കുട്ടിക്കെതിരെ അദ്ധ്യാപിക വർഗീയമായ പരാമർശങ്ങൾ നടത്തുന്നതും, മറ്റു വിദ്യാർത്ഥികളോട് മുഖത്തടിക്കാൻ ആവശ്യപ്പെടുന്നതും വിഡിയോയിൽ കൃത്യമായി കാണാമായിരുന്നു. അധ്യാപികയ്‌ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയർന്നതിനെ തുടർന്നാണ് അന്വേഷണം ശക്തമാകുന്നത്.

logo
The Fourth
www.thefourthnews.in