ജി20: ചൈനീസ് സംഘത്തിന്റെ ബാഗില്‍ ദുരൂഹത; ഹോട്ടലില്‍ നാടകീയരംഗങ്ങള്‍,
സ്വകാര്യ ഇന്റർനെറ്റ് ആവശ്യം നിരാകരിച്ച് സുരക്ഷാസംഘം

ജി20: ചൈനീസ് സംഘത്തിന്റെ ബാഗില്‍ ദുരൂഹത; ഹോട്ടലില്‍ നാടകീയരംഗങ്ങള്‍, സ്വകാര്യ ഇന്റർനെറ്റ് ആവശ്യം നിരാകരിച്ച് സുരക്ഷാസംഘം

നയതന്ത്ര ബാഗേജുകളുടെ വിഭാഗത്തിൽ പെടുന്നതിനാൽ ഹോട്ടൽ ജീവനക്കാർക്ക് ഇവ പരിശോധിക്കാന്‍ സാധിച്ചില്ല.

ജി-20 ഉച്ചകോടിയ്ക്കായി ഇന്ത്യയിലെത്തിയ ചൈനീസ് പ്രതിനിധികൾ താമസിച്ച ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചുവെന്ന് റിപ്പോർട്ട്. പ്രതിനിധികൾ ഇന്ത്യയിലേക്ക് വന്നപ്പോൾ കൊണ്ടുവന്ന ബാഗും സ്വകാര്യ ഇന്റർനെറ്റിന്റെ ആവശ്യകതയും സംബന്ധിച്ചാണ് ഹോട്ടൽ ജീവനക്കാരിൽ സംശയം ജനിപ്പിച്ചിരിക്കുന്നത്.

ഡൽഹിയിലെ താജ് പാലസ് ഹോട്ടലിലാണ് ചൈനീസ് പ്രതിനിധി സംഘം താമസിച്ചിരുന്നത്. ഇവർ സൂക്ഷിച്ചിരുന്ന ബാഗിൽ സംശയാസ്പദമായ എന്തോ ഹോട്ടലിലെ ഒരു ജീവനക്കാരൻ കണ്ടെതിനെ തുടർന്നാണ് സംഭവവികാസങ്ങൾക്ക് തുടക്കമായത്. എന്നാൽ നയതന്ത്ര ബാഗേജുകളുടെ വിഭാഗത്തിൽ പെടുന്നതിനാൽ ഹോട്ടൽ ജീവനക്കാർക്ക് ഇവ പരിശോധിക്കാന്‍ സാധിച്ചില്ല. തുടർന്നുണ്ടായ നാടകീയമായ സംഭവങ്ങൾ 12 മണിക്കൂർ വരെ നീണ്ടിരുന്നതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

12 മണിക്കൂറുൾക്ക് ശേഷം ബാഗ് ചൈനീസ് എംബസിയിലേക്ക് അയക്കാൻ തീരുമാനിക്കുകയായിരുന്നു

സംശയം ഉണ്ടായതിനെ തുടർന്ന്, ഇവരുടെ കൈവശം ഉണ്ടായിരുന്ന ബാഗിനുള്ളിൽ എന്താണെന്ന് അറിയാനായി ഹോട്ടൽ അധികൃതർ ബാഗ് സ്കാൻ ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും ചൈനീസ് സംഘം ഇതിനെ എതിർക്കുകയായിരുന്നു. എന്നാൽ ഇതിനെ ഇന്ത്യൻ സുരക്ഷാ സംഘം അംഗീകരിച്ചില്ല. തുടർന്ന് 12 മണിക്കൂറുൾക്ക് ശേഷം ബാഗ് ചൈനീസ് എംബസിയിലേക്ക് അയക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ബാഗ് എംബസിയിലേക്ക് മാറ്റിയതോടെ എന്താണ് ബാഗിലുണ്ടായിരുന്നതെന്ന് സംബന്ധിച്ച് ഇപ്പോഴും ദുരൂഹത ഏറുകയാണ്.

കൂടാതെ, ഹോട്ടലിന്റെ ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിക്കാതെ ഇവർ സ്വകാര്യ നെറ്റ്‌വർക്ക് ഹോട്ടൽ ജീവനക്കാരോട് ആവശ്യപ്പെടുകയും ചെയ്തോതടെ ദുരൂഹത കൂടി. എന്നാൽ ചൈനീസ് പ്രതിനിധികളുടെ ഈ ആവശ്യം ഹോട്ടൽ അധികൃതർ നിരസിച്ചു. ഡൽഹിയിൽ നടന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനീസ് പ്രധാനമന്ത്രി ഷി ജിൻപിങ് എത്തിയിരുന്നില്ല. പകരം ലീ ക്വിയാങ്ങിനെയാണ് അദ്ദേഹം അയച്ചിരുന്നത്.

എന്നാൽ, വിഷയം വിവാദമായതോടെ പ്രതികരണവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കറും രംഗത്തെത്തി. ഓരോ രാജ്യത്തിനും തങ്ങളെ ഏത് തലത്തിൽ പ്രതിനിധീകരിക്കണമെന്ന് അവർക്ക് സ്വയം തീരുമാനിക്കാമെന്നതിനാൽ ഇപ്പോഴുണ്ടായ നീക്കങ്ങളെ നിസ്സാരമായി കാണുന്നില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. രാജ്യം എന്ത് നിലപാട് സ്വീകരിച്ചു എന്നതാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ജി20 ഉച്ചകോടിയിൽ ഇന്ത്യയുടെ സംയുക്ത പ്രസ്താവന ലോകത്തിന് നല്ല സൂചനയാണ് നൽകുന്നതെന്ന് ഉച്ചകോടിയ്ക്ക് ശേഷം ചൈന പ്രതികരിച്ചിരുന്നു.

logo
The Fourth
www.thefourthnews.in