'ഇനി ഭർത്താവും മകളുമൊത്തുള്ള പുതിയ ജീവിതം'; 31 വർഷത്തിന് ശേഷം നളിനി ജയില്‍മോചിതയായി

'ഇനി ഭർത്താവും മകളുമൊത്തുള്ള പുതിയ ജീവിതം'; 31 വർഷത്തിന് ശേഷം നളിനി ജയില്‍മോചിതയായി

മുരുകന്‍, ശാന്തന്‍, റോബർട്ട് പയസ്, ജയകുമാർ എന്നിവരും ഇന്ന് പുറത്തിറങ്ങി

രാജീവ് ഗാന്ധി വധക്കേസില്‍ സുപ്രീംകോടതി വിട്ടയച്ച നളിനി ജയില്‍ മോചിതയായി. 31 വർഷത്തെ ജയില്‍വാസത്തിന് ശേഷമാണ് മോചനം. ഭര്‍ത്താവ് മുരുകന്‍ എന്ന ശ്രീഹരന്‍, സുധീന്ദ്ര രാജയെന്ന ശാന്തന്‍, റോബർട്ട് പയസ്, ജയകുമാർ എന്നിവരും ഇന്ന് പുറത്തിറങ്ങി. ആർ പി രവിചന്ദ്രനെയും ഇന്ന് മോചിപ്പിക്കും.

മുരുകനും ശാന്തനും ശ്രീലങ്കന്‍ പൗരന്മാരായതിനാല്‍ തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാംപിലേക്ക് മാറ്റും. രേഖകളില്ലാതെ തമിഴ്നാട്ടിലെത്തുന്ന വിദേശ പൗരൻമാരെ പാർപ്പിക്കുന്ന ക്യാംപാണിത്. ഭർത്താവും മകളുമൊത്തുള്ള പുതിയ ജീവിതമാണ് ഇനിയെന്ന് പുറത്തിറങ്ങിയ ശേഷം നളിനി പ്രതികരിച്ചു.

സമ്പൂർണ നീതി ഉറപ്പാക്കാന്‍ സുപ്രീംകോടതിക്കുള്ള പ്രത്യേകാധികാരം (ഭരണഘടനയുടെ 142-ാം വകുപ്പ്) പ്രയോഗിച്ച് കേസിലെ ഏഴാം പ്രതിയായ പേരറിവാളനെ കഴിഞ്ഞ മേയില്‍ മോചിപ്പിച്ചിരുന്നു. ഇതേ ഉത്തരവ് ബാക്കിയുള്ള കുറ്റവാളികള്‍ക്കും ബാധകമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കാലാവധി പൂർത്തിയാകും മുമ്പ് എല്ലാവരെയും വിട്ടയയ്ക്കാൻ നവംബർ 11ന് സുപ്രീം കോടതി ഉത്തരവിട്ടത്. നളിനിയെ കൂടാതെ, ശ്രീഹരന്‍, ശാന്തന്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍, ജയകുമാർ എന്നീ എല്ലാ പ്രതികളെയും വിട്ടയയ്ക്കാനായിരുന്നു വിധി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്ക് പലപ്പോഴായി ശിക്ഷ ജീവപര്യന്തമാക്കിയിരുന്നു. ഇതിലാണ് കോടതി ഇളവ് വിധിച്ചത്.

പ്രതികള്‍ 30 വര്‍ഷം ജയിലില്‍ കഴിഞ്ഞെന്നും ജയിലിലെ പെരുമാറ്റം തൃപ്തികരമാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. ഇവരെ മോചിപ്പിക്കണമെന്ന് തമിഴ്നാട് സര്‍ക്കാരും ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കിയിരുന്നു.

1991 മെയ് 21ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ എല്‍ടിടിയുടെ ചാവേര്‍ സ്‌ഫോടനത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. 1998ല്‍ കേസില്‍ 25 പേർക്ക് ടാഡ കോടതി വധശിക്ഷ വിധിച്ചിരുന്നു. 1999 മെയില്‍ മേല്‍ക്കോടതി വധശിക്ഷ ശരിവെക്കുകയും ചെയ്തു. 2000ല്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നളിനിയുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചത്. 2014ല്‍ സുപ്രീംകോടതി മറ്റ് ആറ് പ്രതികളുടെയും വധശിക്ഷ ജീവപര്യന്തമായി വെട്ടിച്ചുരുക്കി

logo
The Fourth
www.thefourthnews.in