'കണ്ണൂർ എക്സ്പ്രസിന്റെ പേര് റാണി അബ്ബക്ക എന്നാക്കണം'; മംഗളുരുവിലേക്കുള്ള ട്രെയിനുകൾക്ക് പേരുമാറ്റം നിർദേശിച്ച്‌ കട്ടീൽ

'കണ്ണൂർ എക്സ്പ്രസിന്റെ പേര് റാണി അബ്ബക്ക എന്നാക്കണം'; മംഗളുരുവിലേക്കുള്ള ട്രെയിനുകൾക്ക് പേരുമാറ്റം നിർദേശിച്ച്‌ കട്ടീൽ

കന്നഡ നാടിന്റെ സംസ്കാരവും പാരമ്പര്യവും പ്രതിഫലിക്കുന്ന പേരുകൾ ട്രെയിനുകൾക്ക് നൽകണമെന്നാവശ്യപ്പെട്ട് ബിജെപി എം പി നളിൻ കുമാർ കാട്ടീൽ

കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ പ്രധാന റെയിൽവേ സെൻട്രൽ ആയ മംഗളുരുവിൽ നിന്ന് പുറപ്പെടുകയോ യാത്ര അവസാനിപ്പിക്കുകയോ ചെയ്യുന്ന ട്രെയിനുകൾക്ക് പേര് മാറ്റം നിർദേശിച്ച് ബിജെപി എം പി നളിൻ കുമാർ കാട്ടീൽ. കന്നഡ നാടിൻറെ സംസ്കാരവും പാരമ്പര്യവും പ്രതിഫലിക്കുന്ന പേരുകൾ ട്രെയിനുകൾക്ക് നൽകണമെന്നാവശ്യപ്പെട്ട് കാട്ടീൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നൽകി.

ട്രെയിനുകളുടെ നിലവിലെ പേരുകൾ സ്ഥലനാമങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാൽ യാത്രക്കാർക്ക് ആശയ കുഴപ്പമുണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് മാറ്റം നിർദേശിച്ചിരിക്കുന്നത്. ദക്ഷിണ കന്നഡ വഴി സർവിസ് നടത്തുന്ന ബെംഗളൂരു - മംഗളുരു - കണ്ണൂർ എക്സ്പ്രസ്സ് ട്രെയിനിന്റെ പേര് റാണി അബ്ബക്ക എക്സ്പ്രസ്സ് എന്നാക്കണമെന്നാണ് പ്രധാന ആവശ്യം. 16-ാം നൂറ്റാണ്ടിൽ പോർച്ചുഗീസ് അധിനിവേശത്തിനെതിരെ പടപൊരുതിയ, തുളുനാട് ഭരിച്ചിരുന്ന മഹാറാണി ആയിരുന്നു അബ്ബക്ക ചൗട്ട. ദക്ഷിണ കന്നഡ ജില്ല ഉൾപ്പെടുന്ന തീരദേശ കർണാടക മേഖലയിലെ പ്രശസ്ത വ്യക്തികൾ, സ്ഥലങ്ങൾ, നദികൾ തുടങ്ങിയവയുടെ പേരിൽ ട്രെയിനുകൾ അറിയപ്പെടുന്നത് പ്രദേശത്തെ ആളുകൾക്ക് അഭിമാനിക്കാൻ വകയാകുമെന്നാണ് ദക്ഷിണ കന്നഡ മണ്ഡലത്തെ ലോക്സഭയിൽ പ്രതിനിധീകരിക്കുന്ന നളിൻ കുമാർ കാട്ടീൽ റയിൽവേ മന്ത്രാലയത്തിനയച്ച കത്തിൽ പറയുന്നത് .

മംഗളുരു സെൻട്രൽ റെയിൽവേ സ്റ്റേഷൻ
മംഗളുരു സെൻട്രൽ റെയിൽവേ സ്റ്റേഷൻ

ബെംഗളൂരു - മൈസൂരു - മംഗളുരു ട്രെയിനിന്റെ പേര് മംഗളാദേവി എക്സ്പ്രസ്സ് എന്നാക്കുക, മംഗളുരു സെൻട്രലിൽ നിന്ന് ഗോവയിലെ മഡ്ഗാവിലേക്ക് സർവീസ് നടത്തുന്ന ട്രെയിനിന്റെ പേര് സൗപർണിക എക്സ്പ്രസ്സ് എന്നാക്കുക, മംഗളുരു - കോയമ്പത്തൂർ ഇന്റർസിറ്റിയെ തുളുനാട് ഇന്റർസിറ്റി എക്സ്പ്രസ്സ് ആക്കുക, ചെന്നൈ - മംഗളുരു എക്സ്പ്രസ്സ് തേജസ്വിനീ എക്സ്പ്രസ്സ് ആക്കി പുനഃനാമകരണം ചെയ്യുക എന്നിവയും കാട്ടീലിന്റെ ആവശ്യമാണ് . തിരുവനന്തപുരം - മംഗളുരു എക്സ്പ്രസ്സിന് കാരാവലി എക്സ്പ്രസ്സ് എന്നും മംഗളുരു - കാച്ചിഗുഡ എക്സ്പ്രസ്സിന് ഫാൽഗുനി എക്സ്പ്രസ്സ് എന്നും മംഗളുരു - വിജയപുരം എക്സ്പ്രസ്സിന് ഹേമാവതി എക്സ്പ്രസ്സ് എന്നും പെരുമാറ്റം നിർദേശിച്ചിട്ടുണ്ട്.

കർണാടക ബിജെപി അധ്യക്ഷൻ കൂടിയായ നളിൻ കുമാർ കാട്ടീൽ നേരത്തെയും ട്രെയിനുകളുടെ പെരുമാറ്റം നിർദേശിക്കുകയും കേന്ദ്ര സർക്കാർ അത് നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട് . ടിപ്പു സുൽത്താൻ എക്സ്പ്രസിന്റെ പേര് സംസ്ഥാന ബിജെപിയുടെ ആവശ്യപ്രകാരം അടുത്തിടെ ആയിരുന്നു കേന്ദ്ര സർക്കാർ പുനഃനാമകരണം ചെയ്ത് കൃഷ്ണരാജ വോഡയാർ എക്സ്പ്രസ്സ് ആക്കി മാറ്റിയത്. പുതിയ ആവശ്യവും കേന്ദ്ര റെയിൽവേ മന്ത്രാലയം പരിഗണിക്കാനാണ് സാധ്യത.

logo
The Fourth
www.thefourthnews.in