പ്രതിപക്ഷ നേതാവ് കസേരയില്‍ ആദ്യമായി; നവീന്‍ പട്‌നായിക്കിന്റെ പുതിയ റോള്‍, ബിജെഡി അതിജീവിക്കുമോ?

പ്രതിപക്ഷ നേതാവ് കസേരയില്‍ ആദ്യമായി; നവീന്‍ പട്‌നായിക്കിന്റെ പുതിയ റോള്‍, ബിജെഡി അതിജീവിക്കുമോ?

ഒഡിഷയില്‍ നവീന്‍ പട്‌നായിക്കും ബിജെഡിയും ആദ്യമായാണ് പ്രതിപക്ഷ നിരയിലിരിക്കുന്നത്

ബിജെപിയോടേറ്റ കനത്ത പരാജയത്തിന് ശേഷം ഒഡിഷയില്‍ നവീന്‍ പട്‌നായിക്കിന്റെ രാഷ്ട്രീയഭാവി എന്തായിരിക്കും എന്ന ചോദ്യം നിഴലിച്ചുനില്‍ക്കുകയാണ്. കഴിഞ്ഞദിവസം ചേര്‍ന്ന ബിജെഡി നിയമസഭകക്ഷി യോഗം അദ്ദേഹത്തിനൊരു പുതിയ ചുമതലയേല്‍പ്പിച്ചു, ഒഡിഷ നിയമസഭയുടെ പ്രതിപക്ഷ നേതാവ് സ്ഥാനം. 24 വര്‍ഷം മുഖ്യമന്ത്രി സ്ഥാനത്തിരുന്ന നവീന്‍ പട്‌നായിക് ഇനി പ്രതിപക്ഷ നേതൃസ്ഥാനത്തിരിക്കും. ഒരുതവണ പോലും ഇരുന്നു പരിചയമില്ലാത്ത കസേരയിലാണ് ഇനി നവീന്‍ പട്‌നായിക്കിന്റെ ഇരിപ്പ്.

രാഷ്ട്രീയ പ്രവേശനം മുതല്‍ വിജയിച്ചുമാത്രം പരിചയമുള്ള നേതാവായിരുന്നു നവീന്‍ പട്‌നായിക്. പിതാവ് ബിജു പട്‌നായിക്കിന്റെ മരണത്തെ തുടര്‍ന്ന് 1997-ല്‍ അസ്‌ക ലോക്‌സഭ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചുകൊണ്ടായിരുന്നു നവീന്റെ രാഷ്ട്രീയ പ്രവേശനം. അതേവര്‍ഷം തന്നെ ജനതാദള്‍ പിളര്‍ത്തി ബിജു ജനതാദള്‍ രൂപീകരിച്ച നവീന്‍, ഒഡീഷയില്‍ വളരെ പെട്ടെന്നാണ് ജനകീയനായി വളര്‍ന്നത്. എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നതിന് പിന്നാലെ എ ബി വാജ്‌പേയ് മന്ത്രിസഭയില്‍ അംഗമായി. 2000-ല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം കൈകോര്‍ത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയത്തുടക്കം. അന്ന് മുഖ്യമന്ത്രി കസേരയില്‍ കയറിയിരുന്ന നവീന്‍ പിന്നെ താഴെയിറങ്ങുന്നത് 24 വര്‍ഷം കഴിഞ്ഞാണ്.

ആവശ്യമുള്ളപ്പോള്‍ മാത്രം നിയമസഭയിലെത്തുകയും ചെറിയ പ്രസംഗങ്ങള്‍ നടത്തുകയും ചെയ്താണ് നവീന്‍ പട്‌നായിക്കിന് ഇതുവരേയുമുള്ള ശീലം. എന്നാല്‍, തകര്‍ന്നുപോയ പാര്‍ട്ടിയെ കൈപിടിച്ചു കയറ്റണമെങ്കില്‍ നവീന്‍ പട്‌നായിക്കിന് ഇനി നിയമസഭയില്‍ ഒരുപാട് വിയര്‍പ്പൊഴുക്കേണ്ടിവരും.

കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ബിജെപിയോട് ചേര്‍ന്നു നിന്നപ്പോഴും പരസ്പരം മത്സരിച്ചപ്പോഴും ജയിച്ചുമാത്രം ശീലിച്ച നവീന്‍ പട്‌നായിക്കിന്റെ പാര്‍ട്ടിക്ക് 24 വര്‍ഷത്തിന് ശേഷം പ്രതിപക്ഷത്തിരിക്കേണ്ടി വരുമ്പോള്‍ വെല്ലുവിളികള്‍ ഏറെയാണ്. ആവശ്യമുള്ളപ്പോള്‍ മാത്രം നിയമസഭയിലെത്തുകയും ചെറിയ പ്രസംഗങ്ങള്‍ നടത്തുകയും ചെയ്താണ് നവീന്‍ പട്‌നായിക്കിന് ഇതുവരേയുമുള്ള ശീലം. എന്നാല്‍, തകര്‍ന്നുപോയ പാര്‍ട്ടിയെ കൈപിടിച്ചു കയറ്റണമെങ്കില്‍ നവീന്‍ പട്‌നായിക്കിന് ഇനി നിയമസഭയില്‍ ഒരുപാട് വിയര്‍പ്പൊഴുക്കേണ്ടിവരും. നവീനെ പോലെ തന്നെ, ബിജെഡിയുടെ ഭൂരിഭാഗം എംഎല്‍മാരും പ്രതിപക്ഷ ബെഞ്ചില്‍ ആദ്യമായാണ് ഇരിക്കുന്നത്. മറ്റു പാര്‍ട്ടികളില്‍ നിന്ന് ബിജെഡി ക്യാമ്പിലെത്തിയവര്‍ മാത്രമാണ് ഈ അവസ്ഥയില്‍ നിന്ന് വിഭിന്നരായി നില്‍ക്കുന്നത്. പ്രതിപക്ഷത്തിരിക്കുന്ന ബിജെഡി എംഎല്‍എമാരുടെ ഈ 'ദുരവസ്ഥ' മുതലെടുക്കാന്‍ ബിജപിക്ക് അനായാസം സാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

പ്രതിപക്ഷ നേതാവ് കസേരയില്‍ ആദ്യമായി; നവീന്‍ പട്‌നായിക്കിന്റെ പുതിയ റോള്‍, ബിജെഡി അതിജീവിക്കുമോ?
'പിണറായി വിജയനെ ചൂണ്ടുവിരലില്‍ നിര്‍ത്തിയ കാലം'; അയവിറക്കി സിപിഐ, മുന്നണി മാറ്റം വീണ്ടും പാര്‍ട്ടിയില്‍ ചര്‍ച്ചയാകുന്നു

നവീന്‍ പട്‌നായിക്കിന്റെ പിതാവ് ബിജു പട്‌നായിക്കും പ്രതിപക്ഷ നേതാവ് സ്ഥാനത്തിരുന്നിട്ടുണ്ട്. എന്നാല്‍ ഒരേയൊരു വര്‍ഷം മാത്രമാണ് അദ്ദേഹം പ്രതിപക്ഷ നേതാവിന്റെ കസേരയില്‍ ഇരുന്നത്. 1995- നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോട് തോറ്റ ബിജു, 1996 വരെയാണ് പ്രതിപക്ഷ നേതൃസ്ഥാനത്തിരുന്നത്. 1997-ല്‍ അദ്ദേഹം ലോക്‌സഭയിലേക്ക് തിരഞ്ഞടുക്കപ്പെടുകയും അതേവര്‍ഷം മരിക്കുകയും ചെയ്തു.

നവീൻ പട്നായിക്
നവീൻ പട്നായിക്

മറുവശത്ത്, പ്രതിപക്ഷത്തും ഭരണപക്ഷത്തും ഒരുപോലെയിരുന്ന് നവീന്‍ പട്‌നായിക്കിന്റെ നീക്കങ്ങള്‍ പഠിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി. തന്നെ സഹായിക്കാനായി വിശ്വസ്തരായ ടീമിനെ തന്നെയാണ് നവീന്‍ പട്‌നായിക് കണ്ടെത്തിയിരിക്കുന്നത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളില്‍ പ്രധാനിയായ പ്രസന്ന ആചാര്യയെയാണ് നിയമസഭകക്ഷി ഉപനേതാവായി തിരഞ്ഞെടുത്തിരിക്കുന്നത്. മുന്‍ സ്പീക്കര്‍ പ്രമീള മല്ലിക് ആണ് പാര്‍ട്ടിയുടെ ചീഫ് വിപ്പ്.

കനത്ത തോല്‍വി ഏറ്റുവാങ്ങിയെങ്കിലും നവീന്‍ പട്‌നായിക് തന്നെയാണ് ഇപ്പോഴും ബിജെഡിയുടെ അവസാന വാക്ക്. തന്നെ നിയമസഭകക്ഷി നേതാവായി തിരഞ്ഞെടുത്ത വിവരം അദ്ദേഹം തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചതും.

കനത്ത തോല്‍വി ഏറ്റുവാങ്ങിയെങ്കിലും നവീന്‍ പട്‌നായിക് തന്നെയാണ് ഇപ്പോഴും ബിജെഡിയുടെ അവസാന വാക്ക്. തന്നെ നിയമസഭകക്ഷി നേതാവായി തിരഞ്ഞെടുത്ത വിവരം അദ്ദേഹം തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചതും. തോറ്റുപോയെങ്കിലും പാര്‍ട്ടിയുടെ വോട്ട് വിഹിതം കുറയാത്തതില്‍ നവീന്‍ പട്‌നായിക്കിന് ഇപ്പോഴും ആശ്വാസമുണ്ട്. 78 സീറ്റ് നേടിയ ബിജെപിക്ക് 40. ശതമാനം വോട്ടാണുള്ളത്. 51 സീറ്റില്‍ ഒതുങ്ങിയ ബിജെഡിക്ക് 40.22 ശതമാനം വോട്ടുണ്ട്.

പ്രതിപക്ഷ നേതാവ് കസേരയില്‍ ആദ്യമായി; നവീന്‍ പട്‌നായിക്കിന്റെ പുതിയ റോള്‍, ബിജെഡി അതിജീവിക്കുമോ?
യുജിസി-നെറ്റ് പരീക്ഷ റദ്ദാക്കിയത് എന്തിന്? ഉദ്യോഗാർഥികളെ കാത്തിരിക്കുന്നത് എന്ത്?

ആദിവാസി നേതാവിനെ മുഖ്യമന്ത്രിയാക്കിയും ജനപ്രിയ മുഖങ്ങളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയുമാണ് ബിജെപിയുടെ ഭരണത്തിലേക്കുള്ള കടക്കല്‍. നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രചാരണം ഏകോപിപ്പിച്ച ധര്‍മേന്ദ്ര പ്രധാന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയാണ് സന്താള്‍ വിഭാഗത്തില്‍നിന്നുള്ള നേതാവായ മോഹന്‍ ചരണ്‍ മാഞ്ചിയെ ബിജെപി മുഖ്യമന്ത്രിയാക്കിയത്.

മോഹൻ ചരണ്‍ മാഞ്ചിയെ അഭിനന്ദിക്കുന്ന നവീൻ
മോഹൻ ചരണ്‍ മാഞ്ചിയെ അഭിനന്ദിക്കുന്ന നവീൻ

അടിമുടി ആര്‍എസ്എസ് പ്രോഡക്ടാണ് മാഞ്ചി. കുട്ടിക്കാലം മുതല്‍തന്നെ ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകന്‍. ആദിവാസി മേഖല കേന്ദ്രീകരിച്ചായിരുന്നു മാഞ്ചിയുടെ പ്രവര്‍ത്തനങ്ങള്‍. ഇത് നാലാംതവണയാണ് മാഞ്ചി എംഎല്‍എയാകുന്നത്. ഒഡിഷ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഏകോപിപ്പിച്ചിരുന്നത് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ നേതൃത്വത്തിലായിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയാകുമെന്നായിരുന്നു ബിജെപി വൃത്തങ്ങളിലടക്കുള്ള പ്രതീക്ഷ. ബൈജയന്ത് പാണ്ഡ, മന്‍മോഹന്‍ സമല്‍, സുരേഷ് പൂജാരി എന്നിവരുടെ പേരുകളും ഉയര്‍ന്നുകേട്ടിരുന്നു. എന്നാല്‍, അപ്രതീക്ഷിതമായാണ് മാഞ്ചിയുടെ പേര് കേന്ദ്രനേതൃത്വം നിര്‍ദേശിച്ചത്.

മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയ സോഷ്യല്‍ എന്‍ജിനീയറിങ് മാതൃകയില്‍ ഒഡിഷയിലും രാഷ്ട്രീയ നീക്കം നടത്താനാണ് ബിജെപി ശ്രമിച്ചത്. 22 ശതമാനമാണ് ഒഡിഷയിലെ ആദിവാസി ജനസംഖ്യ. സന്താള്‍ വിഭാഗമാണ് പ്രധാന ആദിവാസി ഗോത്രം. രാഷ്ട്രപതി ദ്രൗപദി മുര്‍മുവും സന്താള്‍ വിഭാഗത്തില്‍നിന്നാണ്. ഝാര്‍ഖണ്ഡില്‍ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഈ നീക്കത്തിലൂടെ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. എന്നാല്‍ ക്രിസ്ത്യന്‍ മിഷണറി ഗ്രെഹാം സ്റ്റെയിന്‍സിന്റെയും രണ്ട് മക്കളുടെയും, കൊലപാതകിയായ ധാരാ സിങിനെ വിട്ടയക്കണം എന്നാവശ്യപ്പെട്ട് സമരം നടത്തിയ നേതാവ് കൂടിയാണ് മാഞ്ചി. ക്രിസ്ത്യാനികള്‍ക്ക് നേരെ നടന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് മുന്‍പ് ബിജെപിയുമായുള്ള ബന്ധം നവീന്‍ പട്‌നായിക് ഉപേക്ഷിച്ചതും. പരിചയമില്ലാത്ത സീറ്റിലിരുന്ന് മുങ്ങിക്കൊണ്ടിരിക്കുന്ന ബിജെഡിയെ രക്ഷിക്കാന്‍ നവീന്‍ എന്തെല്ലാം മാജിക് കാണിക്കുമെന്നാണ് ഒഡിഷ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

logo
The Fourth
www.thefourthnews.in