'രണ്ടാമനെ വെട്ടി'; ഹരിയാന ബിജെപിയില്‍ കലഹം, വിശ്വാസം തെളിയിക്കാന്‍  നയാബ് സിങ് സെയ്‌നി

'രണ്ടാമനെ വെട്ടി'; ഹരിയാന ബിജെപിയില്‍ കലഹം, വിശ്വാസം തെളിയിക്കാന്‍ നയാബ് സിങ് സെയ്‌നി

സര്‍ക്കാരിന് 48 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ഗവര്‍ണറെ അറിയിച്ചതതായും സെയ്‌നി വ്യക്തമാക്കി

ഹരിയാനയില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നയാബ് സിങ് സെയ്‌നി നാളെ നിയമസഭയില്‍ വിശ്വാസവോട്ട് തേടും. നാളെ രാവിലെ 11 മണിക്ക് വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സ്പീക്കറോട് ആവശ്യപ്പെട്ടതായി സത്യപ്രതിജ്ഞയ്ക്ക് ശേഷം സെയ്‌നി പറഞ്ഞു. സര്‍ക്കാരിന് 48 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ഗവര്‍ണറെ അറിയിച്ചതതായും അദ്ദേഹം വ്യക്തമാക്കി.

മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ഹരിയാനയില്‍ സെയ്‌നിയുടെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. അഞ്ച് എംഎല്‍എമാരും ക്യാബിനറ്റ് മന്ത്രിമാരായി സത്യപ്രതജ്ഞ ചെയ്തു. ബിജെപിയുടെ കന്‍വര്‍ പാല്‍, മൂല്‍ചന്ദ് ശര്‍മ, ജയ്പ്രകാശ് ദലാല്‍, ബന്‍വാരി ലാല്‍, സ്വതന്ത്ര എംഎല്‍എ രഞ്ജിത് സിങ് ചൗട്ടാല എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.

അതേസമയം, ഖട്ടര്‍ മന്ത്രിസഭയിലെ രണ്ടാമനും ആഭ്യന്തരമന്ത്രിയുമായിരുന്ന അനില്‍ വിജ്ജിന് പുതിയ മന്ത്രിസഭയില്‍ അവസരം നല്‍കിയിട്ടില്ല. ഇതില്‍ അദ്ദേഹത്തിന് അമര്‍ഷമുണ്ടെന്നാണ് സൂചന. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് അനില്‍ എത്തിയിരുന്നില്ല. അനില്‍ വിജ്ജ് തൃപ്തനല്ലെന്നും അദ്ദേഹവുമായി ആശയവിനിമയം നടത്തി വരികയാണെന്നും മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു.

ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാല കയ്യാളിയിരുന്ന ഉപമുഖ്യമന്ത്രി സ്ഥാനം അനില്‍ വിജ്ജിന് ലഭിച്ചേക്കും എന്നായിരുന്നു സൂചനകള്‍. എന്നാല്‍, അവസാന നിമിഷം ബിജെപി കേന്ദ്ര നേതൃത്വം നിലപാട് മാറ്റുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സെയ്‌നിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കാന്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്നും അനില്‍ വിജ്ജ് ഇറങ്ങിപ്പോയി.

'രണ്ടാമനെ വെട്ടി'; ഹരിയാന ബിജെപിയില്‍ കലഹം, വിശ്വാസം തെളിയിക്കാന്‍  നയാബ് സിങ് സെയ്‌നി
സുപ്രീംകോടതി അന്ത്യശാസനം: ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി എസ്ബിഐ

ഉച്ചതിരിഞ്ഞ് രണ്ടരയോടെ ആയിരുന്നു നയാബ് സിങ് സെയ്‌നിയുടെ സത്യപ്രതിജ്ഞ. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഭണ്ഡാരു ദത്താത്രേയ സത്യവാചകം ചൊല്ലിക്കൊടുത്തു. രാജിവച്ച മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. ജെജെപിയിലെ നാലു എംഎല്‍എമാരും ചടങ്ങിന് എത്തി. ബിജെപി സംസ്ഥാന അധ്യക്ഷനും കുരുക്ഷേത്ര ലോക്സഭാ മണ്ഡലത്തിലെ എംപികൂടിയാണ് നയാബ് സിങ് സെയ്നി.

ലോക്സഭ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ബിജെപിയും ഉപമുഖ്യമന്ത്രിയായിരുന്ന ദുഷ്യന്ത് ചൗട്ടാല നയിക്കുന്ന ജെജെപിയും തമ്മില്‍ ധാരണയിലെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ബന്ധം വഷളായത്. ഇതിനുപിന്നാലെ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ എല്ലാ മന്ത്രിമാരോടും രാജിവെക്കാന്‍ ആവശ്യപ്പെട്ട ശേഷം ഗവര്‍ണറെ കണ്ട് രാജി സമര്‍പ്പിക്കുകയായിരുന്നു.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 10 സീറ്റുകളിലും ബിജെപി വിജയിച്ചിരുന്നു. ഇത്തവണയും പത്തു സീറ്റുകളില്‍ മത്സരിക്കാന്‍ ബിജെപി തീരുമാനിച്ചിരുന്നു. എന്നാല്‍, സഖ്യകക്ഷിയായ ജെജെപി രണ്ടു സീറ്റുകള്‍ ബിജെപിയോട് ആവശ്യപ്പെട്ടു. ഇതു നല്‍കാന്‍ ബിജെപി തയാറായില്ല. ഇതേത്തുടര്‍ന്നുള്ള തര്‍ക്കമാണ സഖ്യം തകരാന്‍ കാരണമായത്.

സ്വതന്ത്ര എംഎല്‍എമാരുടെ സഹായത്തോടെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും സൂചനകളെ തുടര്‍ന്ന് നാലു ജെജെപി എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കേറുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. രാഷ്ട്രീയ സാഹചര്യം നിരീക്ഷിക്കുന്നതിനായി കേന്ദ്ര മന്ത്രി അര്‍ജുന്‍ മുണ്ടയും ത്രിപുര മുന്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബും സംസ്ഥാനത്ത് എത്തിയിരുന്നു.

90 അംഗ നിയമസഭയിലേക്ക് 2019ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം മറികടക്കാന്‍ സാധിച്ചിരുന്നില്ല. 40 സീറ്റുകളില്‍ വിജയിച്ച ബിജെപിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. കോണ്‍ഗ്രസ്-31, ജെജെപി-10, സ്വതന്ത്രര്‍-ഏഴ്, ഹരിയാന ലോഖിത് പാര്‍ട്ടി (എച്ച്എല്‍പി)-1, ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍-ഒന്ന് എന്നിങ്ങനെയാണ് സീറ്റ് നില.

logo
The Fourth
www.thefourthnews.in