ബാബരി മസ്ജിദ് 'മൂന്ന് മിനാരമുള്ള കെട്ടിടം' മാത്രമായി; അയോധ്യയെ കുറിച്ചുള്ള  പാഠഭാഗത്തിന് തിരുത്തുമായി എൻസിഇആർടി

ബാബരി മസ്ജിദ് 'മൂന്ന് മിനാരമുള്ള കെട്ടിടം' മാത്രമായി; അയോധ്യയെ കുറിച്ചുള്ള പാഠഭാഗത്തിന് തിരുത്തുമായി എൻസിഇആർടി

12-ാം തരത്തിലെ പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിലാണ് എൻസിഇആർടി മാറ്റം വരുത്തിയിരിക്കുന്നത്

അയോധ്യയെ കുറിച്ചും ബാബരി മസ്ജിദിനെ കുറിച്ചുമുള്ള പാഠഭാഗത്തിൽ തിരുത്തൽ വരുത്തി എൻസിഇആർടി. മാറ്റങ്ങൾ വരുത്തുന്നതിനൊപ്പം ചില ഭാഗങ്ങൾ ഒഴിവാക്കുകയും ചെയ്തു. 12-ാം തരത്തിലെ പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിലാണ് എൻസിഇആർടി മാറ്റം വരുത്തിയിരിക്കുന്നത്. ബാബരി മസ്ജിദിനെ പേരെടുത്ത് പരാമർശിക്കുന്നത് ഒഴിവാക്കി 'മൂന്ന് മിനാരമുള്ള കെട്ടിട'മെന്നാണ് പുസ്തകത്തില്‍ വിശേഷിപ്പിച്ചത്. കേന്ദ്ര സർക്കാരിന് നേതൃത്വം നൽകുന്ന ബിജെപി പ്രതിരോധത്തിലാകുന്ന ചിലഭാഗങ്ങൾ ഒഴിവാക്കുകയും ചെയ്തു.

എൽകെ അദ്വാനിയുടെ നേതൃത്വത്തിൽ ബിജെപി സംഘടിപ്പിച്ച രഥയാത്രയും, അതിന്റെ ഭാഗമായുണ്ടായ വർഗീയകലാപങ്ങളെയും കുറിച്ച് പറയുന്ന ഭാഗങ്ങൾ പുസ്തകത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതുപോലെ തന്നെ 1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർത്തതും, ശേഷം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ രാഷ്‌ട്രപതി ഭരണം പ്രഖ്യാപിച്ചതും, അയോധ്യയിൽ സംഭവിച്ച കാര്യങ്ങളുടെ പേരിൽ ബിജെപി ക്ഷമചോദിക്കുന്നതുമായ ഭാഗങ്ങളും എൻസിഇആർടി എടുത്തു മാറ്റി. മസ്ജിദ് പൊളിച്ചതാണെന്നു സൂചിപ്പിക്കുന്ന പ്രധാന ഭാഗങ്ങൾ എടുത്തു മാറ്റുകയും രാം ജന്മഭൂമി പ്രക്ഷോഭങ്ങളെ കുറിച്ചുള്ള കൂടുതൽഭാഗങ്ങൾ ഒഴിവാക്കുകയും ചെയ്ത പാഠപുസ്തകങ്ങളാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.

ബാബരി മസ്ജിദ് 'മൂന്ന് മിനാരമുള്ള കെട്ടിടം' മാത്രമായി; അയോധ്യയെ കുറിച്ചുള്ള  പാഠഭാഗത്തിന് തിരുത്തുമായി എൻസിഇആർടി
ബാബരി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവും പഠിക്കേണ്ട; പകരം രാമക്ഷേത്ര നിർമാണം പാഠ്യവിഷയത്തിൽ ഉൾപ്പെടുത്തി എന്‍സിഇആര്‍ടി

പഴയ പുസ്തകത്തിൽ ബാബരി മസ്ജിദ് 16-ാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തിയായ ബാബറിന്റെ ജനറൽ മിർ ബാഖി നിർമിച്ച മസ്ജിദാണെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ പുതിയ പുസ്തകത്തിൽ രാമന്റെ ജന്മസ്ഥലത്ത് 1528ൽ നിർമിക്കപ്പെട്ട 'മൂന്നു മിനാരങ്ങളുള്ള ഒരു കെട്ടിടം' ഉണ്ടായിരുന്നു. അതുമാത്രമല്ല ഈ കെട്ടിടത്തിൽ ഹിന്ദു ആരാധനയുടെ ഭാഗമായുള്ള ദൈവങ്ങളുടെ പ്രതിമകളുണ്ടെന്നും പാഠഭാഗത്ത് പറയുന്നു.

കഴിഞ്ഞ തവണത്തെ പാഠപുസ്തകത്തിൽ നാലുപേജുകളിലായി വിശദീകരിച്ച ഭാഗം ഇത്തവണ രണ്ട് പേജുകളിലേക്ക് ചുരുങ്ങി. കഴിഞ്ഞ തവണ നാലിൽ രണ്ടു പേജുകളും എൻസിഇആർടി ഉപയോഗിച്ചത് ഇരുവിഭാഗങ്ങളിലായി വർഗീയമായി ജനങ്ങൾ സംഘടിച്ചതെങ്ങനെയാണെന്നു വിശദീകരിക്കാനായിരുന്നു. ഇപ്പോൾ അയോധ്യ എന്ന് പെരുമാറിയ പഴയ ഫൈസാബാദ് ജില്ലാക്കോടതി 1986ൽ മസ്ജിദ് തുറന്നുകൊടുക്കാൻ തീരുമാനിച്ചതിൽ നിന്നാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നതെന്നും പഴയ പാഠപുസ്തകത്തിൽ പറഞ്ഞിരുന്നു.

ഗുജറാത്തിലെ സോമനാഥിൽ നിന്ന് അയോധ്യയിലേക്ക് ബിജെപി നേതാവ് അദ്വാനിയുടെ നേതൃത്വത്തിൽ നടന്ന രഥയാത്ര ആളുകളിലുണ്ടാക്കിയ വർഗീയമായ ചേരിതിരിവിനെ കുറിച്ചും, അങ്ങനെ ഒത്തുചേർന്ന കർസേവകരെ അണിനിരത്തി നടത്തിയ പ്രക്ഷോഭമാണ് മസ്ജിദ് തകർക്കുന്നതിലേക്ക് കാര്യങ്ങളെ എത്തിച്ചതെന്നും, ശേഷം 1993 ജനുവരിയിൽ വർഗീയലഹള നടന്നെന്നും മുമ്പത്തെ പാഠപുസ്തകം പറഞ്ഞിരുന്നു. ഈ ഭാഗങ്ങൾക്കൊപ്പംതന്നെ അന്ന് കർസേവയുടെ ഭാഗമായി പള്ളിപൊളിക്കുന്ന അവസ്ഥയുണ്ടായതിൽ ബിജെപി ഖേദം പ്രകടിപ്പിച്ചിരുന്നു എന്ന് പറയുന്ന ഭാഗവും പുതിയ പാഠപുസ്തകത്തിൽ കാണാനില്ല.

ഈ ഭാഗത്തെ തിരുത്തിയ പാഠഭാഗം ഇങ്ങനെയായി മാറി: "1986ൽ ഫൈസാബാദ് ജില്ലാ കോടതി 'മൂന്നുമിനാരമുള്ള കെട്ടിടം' ആരാധനയ്ക്കായി തുറന്നുകൊടുത്തതോടെ സ്ഥിതിഗതികൾ മാറി. ഈ കെട്ടിടം രാമന്റെ ജന്മ സ്ഥലത്തുള്ള ക്ഷേത്രം തകർത്ത് പണിതതാണെന്നാണ് കാലങ്ങളായി വിശ്വസിച്ച് പോന്നത്. മറ്റു നിർമാണപ്രവർത്തനങ്ങളൊന്നും പാടില്ല എന്ന നിബന്ധന നിലനിൽക്കുമ്പോൾ തന്നെയാണ് കെട്ടിടത്തിൽ ശിലാന്യാസം നടക്കുന്നത്. ഹിന്ദു വിഭാഗത്തിലുള്ളവർ രാമന്റെ ജന്മസ്ഥലം എന്ന വികാരം ഉയർത്തിപ്പിടിച്ചപ്പോൾ മുസ്ലിം വിഭാഗം ആ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശത്തിനു വേണ്ടി നിലകൊണ്ടു. രണ്ടു വിഭാഗങ്ങളും തമ്മിൽ ഉടമസ്ഥാവകാശത്തിന്റെ പേരിൽ തർക്കങ്ങളും നിയമ പോരാട്ടങ്ങളും നടന്നു. 1992ൽ കെട്ടിടം പൊളിച്ചത് ഇന്ത്യൻ ജനാധിപത്യം നേരിട്ട വലിയ വെല്ലുവിളിയാണെന്ന് ചില നിരീക്ഷകർ അഭിപ്രായപ്പെട്ടിരുന്നു."

ബാബരി മസ്ജിദ് 'മൂന്ന് മിനാരമുള്ള കെട്ടിടം' മാത്രമായി; അയോധ്യയെ കുറിച്ചുള്ള  പാഠഭാഗത്തിന് തിരുത്തുമായി എൻസിഇആർടി
NCERT പാഠപുസ്തകങ്ങൾ പുനഃപരിശോധിക്കാൻ പാനൽ; ആർഎസ്എസ് ബന്ധമുളള സംസ്‌കൃത ഭാരതിയുടെ സ്ഥാപക അംഗം ഉൾപ്പടെ 19 അംഗങ്ങൾ

അയോധ്യ കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയും പാഠപുസ്തകത്തിൽ പ്രത്യേകം പാമർശിക്കപ്പെടുന്നുണ്ട്. ഇന്ത്യ ഒരു ബഹുസ്വര സമൂഹമായതുകൊണ്ടും ഇവിടെ വ്യത്യസ്ത മതവിഭാഗങ്ങളുള്ളതുകൊണ്ടും തർക്കങ്ങൾ ഉണ്ടാകുമെന്നും, അത്തരം തർക്കങ്ങൾ നിയമപരമായി മാത്രമേ പരിഹരിക്കാനാവൂ എന്നും പറഞ്ഞുകൊണ്ടാണ് പുസ്തകം 2019 നവംബർ 9ന് പ്രസ്താവിക്കപ്പെട്ട അയോധ്യാ വിധിയെ പരാമർശിക്കുന്നത്. ഈ വിധിയുടെ അടിസ്ഥാനത്തിലാണ് ബാബരി മസ്ജിദ് നിന്ന സ്ഥലം രാമക്ഷേത്രം പണിയുന്നതിനായി ക്ഷേത്ര ട്രസ്റ്റിന് വിട്ടു നൽകിയത്. പള്ളി പണിയുന്നതിനായി സുന്നി സെൻട്രൽ വഖഫ് ബോർഡിന് മറ്റൊരു സ്ഥലം നൽകണമെന്നും കോടതി നിർദേശിച്ചിരുന്നു. "ഇത്തരത്തിലാണ് ജനാധിപത്യത്തിൽ തർക്കങ്ങൾ പരിഹരിക്കപ്പെടുന്നത്. പുരാവസ്തു ഗവേഷണത്തിലൂടെ കണ്ടെത്തുന്ന തെളിവുകളുടെയും ചരിത്രരേഖകളുടെയും അടിസ്ഥാനത്തിലാണ് പ്രശ്നം പരിഹരിക്കപ്പെട്ടത്. സുപ്രീംകോടതിയുടെ ഈ വിധി സമൂഹം വലിയ രീതിയിലാണ് സ്വീകരിച്ചത്. വളരെ വൈകാരികമായ ഒരു വിഷയത്തിൽ എങ്ങനെയാണ് സമവായത്തിലേക്കെത്തേണ്ടതെന്നതിനുള്ള മികച്ച ഉദാഹരണമാണ് ഇത്. ഇന്ത്യ ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ മൂല്യങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്."

പഴയ പാഠപുസ്തകത്തിൽ ഈ ഭാഗത്ത് രണ്ട് പത്രവാർത്തകളുടെ ചിത്രം നൽകിയിരുന്നു. ഒന്ന് 1992 ഡിസംബർ ആറിനിറങ്ങിയ പത്രത്തിൽ നിന്നുള്ളതാണ്. ബാബരി മസ്ജിദ് തകർത്ത് ഉത്തർപ്രദേശിലെ കല്യാൺ സിങ് സർക്കാരിന്നെ പിരിച്ചുവിട്ടു എന്നതായിരുന്നു അതിന്റെ തലക്കെട്ട്. രണ്ടാമത്തേത്, 1992 ഡിസംബർ 13ന് മുൻപ്രധാനമന്ത്രി എബി വാജ്‌പേയിപറഞ്ഞ ഒരു പ്രസ്താവനയെ കുറിച്ചുള്ള വാർത്തയായിരുന്നു. 'അയോധ്യ ബിജെപിയുടെ ഏറ്റവും മോശം കണക്കുകൂട്ടൽ' എന്നായിരുന്നു അതിന്റെ തലക്കെട്ട്. ഈ രണ്ട് പത്രവാർത്തകളുടെയും ചിത്രങ്ങൾ ഇപ്പോൾ പാഠപുസ്കത്തിലില്ല. ഇതുകൂടാതെ ഈ പാഠഭാഗത്ത് നിന്ന് ഒഴിവാക്കിയ മറ്റൊരു കാര്യംകൂടിയുണ്ട്.

1994 ഒക്ടോബര് 24 ന് മുഹമ്മദ് അസ്‌ലം വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ കേസിൽ അന്നത്തെ ചീഫ് ജസ്റ്റിസ് വെങ്കടാചലയ്യയും ജസ്റ്റിസ് ജിഎൻ റേയും, ബാബരി മസ്ജിദ് തകർത്തതിൽ കല്യാൺ സിങ്ങിനും ഉത്തരവാദിത്തമുണ്ടെന്നും, നിയമവാഴ്ച ഉയർത്തിപ്പിടിക്കാൻ സാധിക്കാത്തത് കോടതിയലക്ഷ്യമാണെന്നും, ഇത് രാജ്യത്തിന്റെ മതേതരത്വത്തെ ബാധിക്കുന്ന പ്രശ്നമായതിനാൽ കല്യാൺസിങ്ങിനെ ഒരുദിവസത്തേക്ക് തടവിൽ പാര്‍പ്പിക്കാന്‍ വിധിച്ചതായി സൂചിപ്പിക്കുന്ന ഈ ഭാഗവും ഒഴിവാക്കി.

അതിനുപകരം 2019 നവംബറിൽ പുറത്തുവന്ന വിധിന്യായത്തിന്റെ ഭാഗമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അത് ഇങ്ങനെയാണ്; "ഈ കോടതിയിലെ എല്ലാ ന്യായാധിപരും ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥരാണ്. ഭരണഘടന മതത്തിന്റെയോ വിശ്വാസത്തിന്റെയോ പേരിൽ ഒരു വിവേചനവും കൽപ്പിക്കുന്നില്ല. എല്ലാത്തരം വിശ്വാസങ്ങളെയും ഒരുപോലെയാണ് കാണുന്നത്.... ഇവിടെ പള്ളിപണിയുന്നതിനു മുമ്പ് നിലനിന്നത് ഹിന്ദു വിശ്വാസമാണ്. രാമജന്മഭൂമിയായി കണക്കാക്കുന്ന സ്ഥലത്താണ് പള്ളി പണിതതെന്ന് തെളിവുകളുടെയും ആധികാരിക രേഖകളുടെയും അടിസ്ഥാനത്തിൽ വ്യക്തമാണ്."

logo
The Fourth
www.thefourthnews.in