എന്തിനാണ് കലാപങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നത്? പാഠപുസ്‌തകത്തിലെ ബാബരി മസ്ജിദ് 'തിരുത്തിൽ' എന്‍സിഇആര്‍ടി ഡയറക്ടർ

എന്തിനാണ് കലാപങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നത്? പാഠപുസ്‌തകത്തിലെ ബാബരി മസ്ജിദ് 'തിരുത്തിൽ' എന്‍സിഇആര്‍ടി ഡയറക്ടർ

അയോധ്യയെക്കുറിച്ചും ബാബരി മസ്ജിദിനെക്കുറിച്ചുമുള്ള പാഠഭാഗത്തില്‍ തിരുത്തല്‍ വരുത്തിയതില്‍ പ്രതികരണവുമായി എന്‍സിഇആര്‍ടി ഡയറക്ടര്‍ ദിനേശ് പ്രസാദ് സകലാനി
Published on

അയോധ്യയെക്കുറിച്ചും ബാബരി മസ്ജിദിനെക്കുറിച്ചുമുള്ള പാഠഭാഗത്തില്‍ തിരുത്തല്‍ വരുത്തിയതില്‍ പ്രതികരണവുമായി എന്‍സിഇആര്‍ടി ഡയറക്ടര്‍ ദിനേശ് പ്രസാദ് സകലാനി. കലാപങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നത് അക്രമകാരികളായ പൗരന്‍മാരെ സൃഷ്ടിക്കും എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. പാഠപുസ്തകത്തിലെ മാറ്റങ്ങള്‍ വാര്‍ഷിക പുനരവലോകനത്തിന്റെ ഭാഗമാണെന്നും അത് രാഷ്ട്രീയമായി വ്യാഖ്യാനിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''എന്തിനാണ് സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ കലാപങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നത്? അക്രമാസക്തരും വിഷാദരോഗികളുമായ വ്യക്തികളെയല്ല നമുക്കാവശ്യം. പോസിറ്റീവ് ആയിട്ടുള്ള പൗരന്‍മാരെ സൃഷ്ടിക്കുകയാണ് വേണ്ടത്. സമൂഹത്തില്‍ വിദ്വേഷം സൃഷ്ടിക്കാനും വിദ്വേഷത്തിന് ഇരകളാകാനും വിദ്യാര്‍ഥികളെ പഠിപ്പിക്കുകയാണോ നമ്മള്‍ ചെയ്യേണ്ടത്. അതാണോ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം? അവര്‍ വളരുമ്പോള്‍ പുസ്തകങ്ങളില്‍ നിന്ന് പഠിക്കട്ടെ. എന്തിനാണ് സ്‌കൂള്‍ ടെക്സ്റ്റ്ബുക്കില്‍ നിന്ന് പഠിപ്പിക്കുന്നത്? എന്താണ് നടന്നതെന്നും എന്തിനാണ് നടന്നതെന്നും അവര്‍ വളരുമ്പോള്‍ പഠിക്കട്ടെ. മാറ്റത്തിന് എതിരായ ബഹളങ്ങള്‍ അപ്രസക്തമാണ്'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

12-ാം തരത്തിലെ പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകത്തിലാണ് എന്‍സിഇആര്‍ടി മാറ്റം വരുത്തിയിരിക്കുന്നത്. ബാബരി മസ്ജിദിനെ പേരെടുത്ത് പരാമര്‍ശിക്കുന്നത് ഒഴിവാക്കി 'മൂന്ന് മിനാരമുള്ള കെട്ടിട'മെന്നാണ് പുസ്തകത്തില്‍ വിശേഷിപ്പിച്ചത്. കേന്ദ്ര സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന ബിജെപി പ്രതിരോധത്തിലാകുന്ന ചില ഭാഗങ്ങള്‍ ഒഴിവാക്കുകയും ചെയ്തു.

എല്‍കെ അദ്വാനിയുടെ നേതൃത്വത്തില്‍ ബിജെപി സംഘടിപ്പിച്ച രഥയാത്രയും, അതിന്റെ ഭാഗമായുണ്ടായ വര്‍ഗീയകലാപങ്ങളെയും കുറിച്ച് പറയുന്ന ഭാഗങ്ങള്‍ പുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതുപോലെ തന്നെ 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്തതും, ശേഷം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചതും, അയോധ്യയില്‍ സംഭവിച്ച കാര്യങ്ങളുടെ പേരില്‍ ബിജെപി ക്ഷമചോദിക്കുന്നതുമായ ഭാഗങ്ങളും എന്‍സിഇആര്‍ടി എടുത്തു മാറ്റി. മസ്ജിദ് പൊളിച്ചതാണെന്നു സൂചിപ്പിക്കുന്ന പ്രധാന ഭാഗങ്ങള്‍ എടുത്തു മാറ്റുകയും രാം ജന്മഭൂമി പ്രക്ഷോഭങ്ങളെക്കുറിച്ചുള്ള കൂടുതല്‍ ഭാഗങ്ങള്‍ ഒഴിവാക്കുകയും ചെയ്ത പാഠപുസ്തകങ്ങളാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.

എന്തിനാണ് കലാപങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നത്? പാഠപുസ്‌തകത്തിലെ ബാബരി മസ്ജിദ് 'തിരുത്തിൽ' എന്‍സിഇആര്‍ടി ഡയറക്ടർ
ബാബരി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവും പഠിക്കേണ്ട; പകരം രാമക്ഷേത്ര നിർമാണം പാഠ്യവിഷയത്തിൽ ഉൾപ്പെടുത്തി എന്‍സിഇആര്‍ടി

പഴയ പുസ്തകത്തില്‍ ബാബരി മസ്ജിദ് 16-ാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിയായ ബാബറിന്റെ ജനറല്‍ മിര്‍ ബാഖി നിര്‍മിച്ച മസ്ജിദാണെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ പുതിയ പുസ്തകത്തില്‍ രാമന്റെ ജന്മസ്ഥലത്ത് 1528ല്‍ നിര്‍മിക്കപ്പെട്ട 'മൂന്നു മിനാരങ്ങളുള്ള ഒരു കെട്ടിടം' ഉണ്ടായിരുന്നു. അതുമാത്രമല്ല ഈ കെട്ടിടത്തില്‍ ഹിന്ദു ആരാധനയുടെ ഭാഗമായുള്ള ദൈവങ്ങളുടെ പ്രതിമകളുണ്ടെന്നും പറയുന്നു.

കഴിഞ്ഞ തവണത്തെ പാഠപുസ്തകത്തില്‍ നാലുപേജുകളിലായി വിശദീകരിച്ച ഭാഗം ഇത്തവണ രണ്ട് പേജുകളിലേക്ക് ചുരുങ്ങി. കഴിഞ്ഞ തവണ നാലില്‍ രണ്ടു പേജുകളും എന്‍സിഇആര്‍ടി ഉപയോഗിച്ചത് ഇരുവിഭാഗങ്ങളിലായി വര്‍ഗീയമായി ജനങ്ങള്‍ സംഘടിച്ചതെങ്ങനെയാണെന്നു വിശദീകരിക്കാനായിരുന്നു. ഇപ്പോള്‍ അയോധ്യ എന്ന് പെരുമാറിയ പഴയ ഫൈസാബാദ് ജില്ലാക്കോടതി 1986-ല്‍ മസ്ജിദ് തുറന്നുകൊടുക്കാന്‍ തീരുമാനിച്ചതില്‍ നിന്നാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നതെന്നും പഴയ പാഠപുസ്തകത്തില്‍ പറഞ്ഞിരുന്നു.

ഗുജറാത്തിലെ സോമനാഥില്‍ നിന്ന് അയോധ്യയിലേക്ക് ബിജെപി നേതാവ് അദ്വാനിയുടെ നേതൃത്വത്തില്‍ നടന്ന രഥയാത്ര ആളുകളിലുണ്ടാക്കിയ വര്‍ഗീയമായ ചേരിതിരിവിനെക്കുറിച്ചും, അങ്ങനെ ഒത്തുചേര്‍ന്ന കര്‍സേവകരെ അണിനിരത്തി നടത്തിയ പ്രക്ഷോഭമാണ് മസ്ജിദ് തകര്‍ക്കുന്നതിലേക്ക് കാര്യങ്ങളെ എത്തിച്ചതെന്നും, ശേഷം 1993 ജനുവരിയില്‍ വര്‍ഗീയലഹള നടന്നെന്നും മുമ്പത്തെ പാഠപുസ്തകം പറഞ്ഞിരുന്നു. ഈ ഭാഗങ്ങള്‍ക്കൊപ്പംതന്നെ അന്ന് കര്‍സേവയുടെ ഭാഗമായി പള്ളിപൊളിക്കുന്ന അവസ്ഥയുണ്ടായതില്‍ ബിജെപി ഖേദം പ്രകടിപ്പിച്ചിരുന്നു എന്ന് പറയുന്ന ഭാഗവും പുതിയ പാഠപുസ്തകത്തില്‍ കാണാനില്ല.

ഈ ഭാഗത്തെ തിരുത്തിയ പാഠഭാഗം ഇങ്ങനെയായി മാറി: '1986ല്‍ ഫൈസാബാദ് ജില്ലാ കോടതി 'മൂന്നുമിനാരമുള്ള കെട്ടിടം' ആരാധനയ്ക്കായി തുറന്നുകൊടുത്തതോടെ സ്ഥിതിഗതികള്‍ മാറി. ഈ കെട്ടിടം രാമന്റെ ജന്മ സ്ഥലത്തുള്ള ക്ഷേത്രം തകര്‍ത്ത് പണിതതാണെന്നാണ് കാലങ്ങളായി വിശ്വസിച്ച് പോന്നത്. മറ്റു നിര്‍മാണപ്രവര്‍ത്തനങ്ങളൊന്നും പാടില്ല എന്ന നിബന്ധന നിലനില്‍ക്കുമ്പോള്‍ തന്നെയാണ് കെട്ടിടത്തില്‍ ശിലാന്യാസം നടക്കുന്നത്. ഹിന്ദു വിഭാഗത്തിലുള്ളവര്‍ രാമന്റെ ജന്മസ്ഥലം എന്ന വികാരം ഉയര്‍ത്തിപ്പിടിച്ചപ്പോള്‍ മുസ്ലിം വിഭാഗം ആ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശത്തിനു വേണ്ടി നിലകൊണ്ടു. രണ്ടു വിഭാഗങ്ങളും തമ്മില്‍ ഉടമസ്ഥാവകാശത്തിന്റെ പേരില്‍ തര്‍ക്കങ്ങളും നിയമ പോരാട്ടങ്ങളും നടന്നു. 1992-ല്‍ കെട്ടിടം പൊളിച്ചത് ഇന്ത്യന്‍ ജനാധിപത്യം നേരിട്ട വലിയ വെല്ലുവിളിയാണെന്ന് ചില നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു.'

അയോധ്യ കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയും പാഠപുസ്തകത്തില്‍ പ്രത്യേകം പാമര്‍ശിക്കപ്പെടുന്നുണ്ട്. ഇന്ത്യ ഒരു ബഹുസ്വര സമൂഹമായതുകൊണ്ടും ഇവിടെ വ്യത്യസ്ത മതവിഭാഗങ്ങളുള്ളതുകൊണ്ടും തര്‍ക്കങ്ങള്‍ ഉണ്ടാകുമെന്നും, അത്തരം തര്‍ക്കങ്ങള്‍ നിയമപരമായി മാത്രമേ പരിഹരിക്കാനാവൂ എന്നും പറഞ്ഞുകൊണ്ടാണ് പുസ്തകം 2019 നവംബര്‍ 9ന് പ്രസ്താവിക്കപ്പെട്ട അയോധ്യാ വിധിയെ പരാമര്‍ശിക്കുന്നത്. ഈ വിധിയുടെ അടിസ്ഥാനത്തിലാണ് ബാബരി മസ്ജിദ് നിന്ന സ്ഥലം രാമക്ഷേത്രം പണിയുന്നതിനായി ക്ഷേത്ര ട്രസ്റ്റിന് വിട്ടു നല്‍കിയത്. പള്ളി പണിയുന്നതിനായി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന് മറ്റൊരു സ്ഥലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. 'ഇത്തരത്തിലാണ് ജനാധിപത്യത്തില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടുന്നത്. പുരാവസ്തു ഗവേഷണത്തിലൂടെ കണ്ടെത്തുന്ന തെളിവുകളുടെയും ചരിത്രരേഖകളുടെയും അടിസ്ഥാനത്തിലാണ് പ്രശ്‌നം പരിഹരിക്കപ്പെട്ടത്. സുപ്രീംകോടതിയുടെ ഈ വിധി സമൂഹം വലിയ രീതിയിലാണ് സ്വീകരിച്ചത്. വളരെ വൈകാരികമായ ഒരു വിഷയത്തില്‍ എങ്ങനെയാണ് സമവായത്തിലേക്ക് എത്തേണ്ടതിന്റെ മികച്ച ഉദാഹരണമാണ് ഇത്. ഇന്ത്യ ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ മൂല്യങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്'.

എന്തിനാണ് കലാപങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നത്? പാഠപുസ്‌തകത്തിലെ ബാബരി മസ്ജിദ് 'തിരുത്തിൽ' എന്‍സിഇആര്‍ടി ഡയറക്ടർ
NCERT പാഠപുസ്തകങ്ങൾ പുനഃപരിശോധിക്കാൻ പാനൽ; ആർഎസ്എസ് ബന്ധമുളള സംസ്‌കൃത ഭാരതിയുടെ സ്ഥാപക അംഗം ഉൾപ്പടെ 19 അംഗങ്ങൾ

പഴയ പാഠപുസ്തകത്തില്‍ ഈ ഭാഗത്ത് രണ്ട് പത്രവാര്‍ത്തകളുടെ ചിത്രം നല്‍കിയിരുന്നു. ഒന്ന് 1992 ഡിസംബര്‍ ആറിനിറങ്ങിയ പത്രത്തില്‍ നിന്നുള്ളതാണ്. ബാബരി മസ്ജിദ് തകര്‍ത്ത് ഉത്തര്‍പ്രദേശിലെ കല്യാണ്‍ സിങ് സര്‍ക്കാരിനെ പിരിച്ചുവിട്ടു എന്നതായിരുന്നു അതിന്റെ തലക്കെട്ട്. രണ്ടാമത്തേത്, 1992 ഡിസംബര്‍ 13ന് മുന്‍പ്രധാനമന്ത്രി എബി വാജ്പേയിപറഞ്ഞ ഒരു പ്രസ്താവനയെ കുറിച്ചുള്ള വാര്‍ത്തയായിരുന്നു. 'അയോധ്യ ബിജെപിയുടെ ഏറ്റവും മോശം കണക്കുകൂട്ടല്‍' എന്നായിരുന്നു അതിന്റെ തലക്കെട്ട്. ഈ രണ്ട് പത്രവാര്‍ത്തകളുടെയും ചിത്രങ്ങള്‍ ഇപ്പോള്‍ പാഠപുസ്‌കത്തിലില്ല. ഇതുകൂടാതെ ഈ പാഠഭാഗത്ത് നിന്ന് ഒഴിവാക്കിയ മറ്റൊരു കാര്യംകൂടിയുണ്ട്.

1994 ഒക്ടോബര് 24 ന് മുഹമ്മദ് അസ്ലം വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് വെങ്കടാചലയ്യയും ജസ്റ്റിസ് ജിഎന്‍ റേയും, ബാബരി മസ്ജിദ് തകര്‍ത്തതില്‍ കല്യാണ്‍ സിങ്ങിനും ഉത്തരവാദിത്തമുണ്ടെന്നും, നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കാന്‍ സാധിക്കാത്തത് കോടതിയലക്ഷ്യമാണെന്നും, ഇത് രാജ്യത്തിന്റെ മതേതരത്വത്തെ ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ കല്യാണ്‍സിങ്ങിനെ ഒരുദിവസത്തേക്ക് തടവില്‍ പാര്‍പ്പിക്കാന്‍ വിധിച്ചതായി സൂചിപ്പിക്കുന്ന ഈ ഭാഗവും ഒഴിവാക്കി.

അതിനുപകരം 2019 നവംബറില്‍ പുറത്തുവന്ന വിധിന്യായത്തിന്റെ ഭാഗമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അത് ഇങ്ങനെയാണ്; 'ഈ കോടതിയിലെ എല്ലാ ന്യായാധിപരും ഭരണഘടനാ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ബാധ്യസ്ഥരാണ്. ഭരണഘടന മതത്തിന്റെയോ വിശ്വാസത്തിന്റെയോ പേരില്‍ ഒരു വിവേചനവും കല്‍പ്പിക്കുന്നില്ല. എല്ലാത്തരം വിശ്വാസങ്ങളെയും ഒരുപോലെയാണ് കാണുന്നത്. ഇവിടെ പള്ളിപണിയുന്നതിനു മുമ്പ് നിലനിന്നത് ഹിന്ദു വിശ്വാസമാണ്. രാമജന്മഭൂമിയായി കണക്കാക്കുന്ന സ്ഥലത്താണ് പള്ളി പണിതതെന്ന് തെളിവുകളുടെയും ആധികാരിക രേഖകളുടെയും അടിസ്ഥാനത്തില്‍ വ്യക്തമാണ്'.

logo
The Fourth
www.thefourthnews.in