ഡല്‍ഹി അധികാരത്തർക്കം: എൻസിപിയുടെ പിന്തുണ ഉറപ്പിച്ച് കെജ്‍രിവാള്‍
ഭരണപരമായ അധികാരം ഡല്‍ഹി സര്‍ക്കാരിനാണെന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെ കേന്ദ്രം കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെതിരെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ പിന്തുണ ഉറപ്പാക്കി അരവിന്ദ് കെജ്‍രിവാള്‍. ഇത് പ്രതിപക്ഷത്തിന്റെ പ്രശ്‌നം മാത്രമല്ലെന്നും രാജ്യത്തിന്റെ പ്രശ്‌നമാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം കെജ്‍രിവാള്‍ പറഞ്ഞു. ബിജെപിയുടെ പദ്ധതികളെല്ലാം രാജ്യത്ത് വളരെ അപകടകരമായ സാഹചര്യം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രസര്‍ക്കാര്‍ ബില്ലുമായി പാർലമെന്റിലെത്തുമ്പോള്‍ അംഗീകാരം കിട്ടാതിരിക്കാനുള്ള തീവ്രശ്രമത്തിന്റെ ഭാഗമായിട്ടാണ് കെജ്‍രിവാള്‍ നേതാക്കളെ സന്ദര്‍ശിക്കുന്നത്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന താക്കറെ വിഭാഗം നേതാവുമായ ഉദ്ധവ് താക്കറെയുടെയും കെജ്‍രിവാള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

'പ്രതിപക്ഷ പാളയത്തിലെ ഏറ്റവും ആദരണീയനും പരിചയ സമ്പന്നനുമായ രാഷ്ട്രീയ നേതാക്കളിലൊരാളാണ് ശരദ് പവാര്‍. അതിനാല്‍ രാജ്യസഭയില്‍ എന്‍സിപിയിലെ നാല് എന്‍സിപി എംപിമാര്‍ക്ക് പുറമേ മറ്റുള്ളവരിലും സ്വാധീനമുണ്ടാക്കാന്‍ ശരദ് പവാറിന് കഴിഞ്ഞേക്കും. ശരദ് പവാര്‍ ഇന്ന് രാജ്യത്തെ ഏറ്റവും വലിയ നേതാക്കളിലൊരാളാണ്. രാജ്യത്തെ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കാന്‍ സഹായിക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്'. അരവിന്ദ് കെജ്‍രിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശരദ് പവാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളും ഒപ്പമുണ്ടായിരുന്നു.
കെജ്‍രിവാള്‍ നയിക്കുന്ന ആംആദ്മി പാര്‍ട്ടി നേതാക്കളുമായി ഡല്‍ഹി കോണ്‍ഗ്രസ് തര്‍ക്കത്തിലാണ്. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമേ വിഷയത്തില്‍ നിലപാട് വ്യക്തമാക്കൂ എന്നാണ് ഇതില്‍ കോണ്‍ഗ്രസിന്റെ നിലപാട്. എന്നാല്‍ രാജ്യസഭയില്‍ ബില്‍ പാസാക്കാതിരിക്കണമെങ്കില്‍ കോണ്‍ഗ്രസിനെ രംഗത്തിറക്കേണ്ടത് അനിവാര്യമാണ്.
സഭയില്‍ കോണ്‍ഗ്രസിന് 31 എംപിമാരാണ് ഉള്ളത്. തൃണമൂല്‍ കോണ്‍ഗ്രസിന് 12, എന്‍സിപിക്ക് നാല്, ശിവസേനയ്ക്ക്(ഉദ്ധവ് താക്കറെ പക്ഷം) മൂന്നും എഎപിക്ക് 10 എംപിമാരുമാണ് ഉള്ളത്. മണ്‍സൂണ്‍ സമ്മേളനത്തില്‍ ഇതു സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബില്‍ ഇരുസഭകളിലും പാസാക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി.
എന്‍ഡിഎക്ക് നിലവില്‍ 110 സീറ്റുകളാണ് രാജ്യസഭയിലുള്ളത്. ഭൂരിപക്ഷം തെളിയിക്കാന്‍ 119 സീറ്റാണ് വേണ്ടത്. പ്രതിപക്ഷത്തിനും 110 സീറ്റുകളുണ്ട്. എല്ലാ പാര്‍ട്ടികളും എതിരായി വോട്ട് ചെയ്താല്‍ മാത്രമേ ബില്‍ പാസാകാതെയിരിക്കുകയുള്ളു. പക്ഷേ നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാദള്‍, ആന്ധ്രാപ്രദേശിലെ ഭരണകക്ഷിയായ വൈഎസ്ആര്‍ തുടങ്ങിയവരുടെ പിന്തുണയും നിര്‍ണായകമാകും.