ശരദ് പവാർ
ശരദ് പവാർ

നാടകാന്തം രാജി പിൻവലിച്ചു; ശരദ് പവാർ എൻസിപി അധ്യക്ഷ സ്ഥാനത്ത് തുടരും

പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാൻ ചേർന്ന ഉന്നത സമിതി പവാറിന്റെ രാജി തള്ളിയതിന് പിന്നാലെയാണ് പവാറിന്റെ പ്രഖ്യാപനം.

എൻസിപി അധ്യക്ഷസ്ഥാനത്തുനിന്നുള്ള രാജി പിൻവലിച്ച് ശരദ് പവാർ. പാർട്ടി പ്രവർത്തകരുടെ വികാരത്തെ മാനിക്കാതിരിക്കാൻ ആവില്ലെന്ന് മുംബൈയിലെ വൈബി ചവാൻ സെന്ററിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പവാർ പറഞ്ഞു. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാൻ ചേർന്ന ഉന്നത സമിതി രാജി തള്ളിയതിന് പിന്നാലെയാണ് പവാറിന്റെ പ്രഖ്യാപനം.

ശരദ് പവാർ
അധ്യക്ഷ സ്ഥാനത്ത് തുടരണം; ശരദ് പവാറിന്റെ രാജി അംഗീകരിക്കാതെ എൻസിപി സമിതി

"എനിക്ക് നിങ്ങളുടെ വികാരത്തെ മാനിക്കാതിരിക്കാൻ ആവില്ല. രാജി പിൻവലിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള മുതിർന്ന എൻ സി പി നേതാക്കളുടെ പ്രമേയം നിങ്ങളുടെ സ്നേഹം കണക്കിലെടുത്ത് ഞാൻ അംഗീകരിക്കുകയാണ്" വാർത്ത സമ്മേളനത്തിൽ പവാർ പറഞ്ഞു.

എല്ലാ ഘടകങ്ങളും പരിഗണിച്ച് പാർട്ടി അധ്യക്ഷ സ്ഥാനത്ത് തന്നെ തുടരും. മുൻപെടുത്ത തീരുമാനം പിൻവലിക്കുന്നുവെന്നും പവാർ പറഞ്ഞു. പവാർ രാജിവയ്ക്കുകയാണെന്ന് ചൊവ്വാഴ്ച അറിയിച്ചതിന് പിന്നാലെ മഹാരാഷ്ട്രയിലെ പ്രവർത്തകർ ഒന്നടങ്കം തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. നിരവധി പ്രതിപക്ഷ പാർട്ടികളും സ്ഥാനത്ത് തുടരമമെന്ന് പവാറിനോട് അഭ്യർഥിച്ചു.

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വിരുദ്ധ പക്ഷത്തെ ഒന്നിപ്പിക്കുന്ന ദൗത്യം പുനരാരംഭിക്കുമെന്നും പവാർ മാധ്യമങ്ങളോട് പറഞ്ഞു. അപ്രതീക്ഷിതമായൊരു പ്രഖ്യാപനത്തിനാണ് ഇതോടുകൂടി അന്ത്യമായിരിക്കുന്നത്. അനന്തരവനും പാർട്ടി നേതാവുമായ അജിത് പവാർ, ബിജെപി സഖ്യത്തിലേക്ക് പോകുന്നുവെന്ന അഭ്യൂഹം പരന്നതിന് പിന്നാലെയായിരുന്നു ശരദ് പവാറിന്റെ പ്രഖ്യാപനം. അതേസമയം വെള്ളിയാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ അജിത് പവാർ പങ്കെടുത്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ശരദ് പവാർ
നിർണായക നീക്കങ്ങൾ ലക്ഷ്യമിട്ട വിരമിക്കൽ പ്രഖ്യാപനം; ശരദ് പവാറിന്റെ തീരുമാനം എൻസിപിക്ക് വഴിത്തിരിവാകും

"എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഒരുമിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. രാഹുൽ ഗാന്ധി മുതൽ സിപിഎമ്മിന്റെ സീതാറാം യെച്ചൂരി വരെ എല്ലാവരും എന്നെ വിളിച്ച് തുടരാൻ ആവശ്യപ്പെട്ടിരുന്നു" പവാർ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ പ്രഫുൽ പട്ടേലിന്റെ നേതൃത്വത്തിലുള്ള സമിതി രാജി തള്ളുകയും പ്രവർത്തകരുടെ അഭ്യർത്ഥന മാനിച്ച്‌ തീരുമാനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. രാജിക്ക് പിന്നാലെ പാർട്ടി അധ്യക്ഷ സ്ഥാനം മകൾ സുപ്രിയ സുലെയ്ക്കാകുമെന്നും അജിത് പവാർ മഹാരാഷ്ട്രയിലെ പാർട്ടി നേതൃപദവിയിലേക്കെത്തുമെന്നുമാണ് കരുതിയിരുന്നത്. ഈ അഭ്യൂഹങ്ങള്‍ക്ക് കൂടിയാണ് വിരാമമാകുന്നത്.

logo
The Fourth
www.thefourthnews.in