എന്‍ഡിഎ vs പ്രതിപക്ഷ ഐക്യം; തന്ത്രങ്ങളും മറുതന്ത്രങ്ങളും മെനയുന്ന  ശക്തിപ്രകടനം

എന്‍ഡിഎ vs പ്രതിപക്ഷ ഐക്യം; തന്ത്രങ്ങളും മറുതന്ത്രങ്ങളും മെനയുന്ന ശക്തിപ്രകടനം

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ബെംഗളൂരുവില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം; ചൊവ്വാഴ്ച എൻഡിഎ വിളിച്ചുചേർത്ത യോഗം

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഭരണകക്ഷിയും പ്രതിപക്ഷവും. വരും ദിവസങ്ങളിൽ രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നതും തന്ത്രങ്ങളും മറുതന്ത്രങ്ങളും ഒരുക്കുന്ന രാഷ്ട്രീയ യോഗങ്ങളിലൂടെയുള്ള ശക്തിപ്രകടനത്തിനാണ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ബെംഗളൂരുവില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേരും. അതിനിടയിൽതന്നെ വിശാല മുന്നണി യോഗം ഡല്‍ഹിയില്‍ വിളിച്ച് ചേര്‍ത്തിരിക്കുകയാണ് എന്‍ഡിഎ.

എന്‍ഡിഎ vs പ്രതിപക്ഷ ഐക്യം; തന്ത്രങ്ങളും മറുതന്ത്രങ്ങളും മെനയുന്ന  ശക്തിപ്രകടനം
വിശാല പ്രതിപക്ഷ യോഗത്തിൽ പങ്കെടുക്കുമെന്ന് ആം ആദ്മി പാർട്ടി; തീരുമാനം ഡൽഹി ഓർഡിനൻസിൽ കോൺഗ്രസ് നിലപാടറിയിച്ചതോടെ

ചൊവ്വാഴ്ചയാരംഭിക്കുന്ന എന്‍ഡിഎ യോഗത്തില്‍ 30 പാർട്ടികൾ പങ്കെടുക്കും. 26 പ്രതിപക്ഷ പാര്‍ട്ടികളാണ് ബെംഗളൂരുവിൽ ചേരുന്ന രണ്ടാം വിശാല പ്രതിപക്ഷ യോഗത്തിന്റെ ഭാഗമാകുന്നത്. ജൂലൈ 20ന് ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായാണ് ഇരുകൂട്ടരും തന്ത്രങ്ങൾ മെനയുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുടേയും നേതൃത്വത്തിലായിരിക്കും എന്‍ഡിഎ യോഗം. ചൊവ്വാഴ്ച വൈകിട്ട് ഡല്‍ഹിയിലെ അശോക് ഹോട്ടലില്‍ ചേരുന്ന യോഗത്തിലേക്ക് സഖ്യകക്ഷികളെ കൂടാതെ വിവിധ പാർട്ടികളേയും സഖ്യത്തിലെ മുൻ അംഗങ്ങളേയും ബിജെപി നേതൃത്വം ക്ഷണിച്ചിട്ടുണ്ട്. പാര്‍ലമെന്റില്‍ അംഗങ്ങളില്ലാത്ത എന്‍ഡിഎയുടെ സഖ്യകക്ഷികള്‍ക്കും ക്ഷണമുണ്ട്.

ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സോണിയ ഗാന്ധി ഒരുക്കുന്ന അത്താഴ വിരുന്നോടെയാണ് വിശാല പ്രതിപക്ഷ യോഗത്തിന് തുടക്കമാവുക. പട്ന യോഗത്തില്‍ ദേശീയ പാര്‍ട്ടികള്‍ക്ക് മാത്രമായിരുന്നു ക്ഷണമെങ്കില്‍, ഇത്തവണ പ്രാദേശിക പാര്‍ട്ടികളെയുൾപ്പെടെ ക്ഷണിച്ചിട്ടുണ്ട്.

ചിരാഗ് പാസ്വാന്റെ എൽജെപി, ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച, ഉപേന്ദ്ര സിങ് കുശ്വാഹയുടെ രാഷ്ട്രീയ ലോക് സമത, മുകേഷ് സഹാനിയുടെ വികാസ്ശീൽ ഇന്‍സാന്‍ പാര്‍ട്ടി എന്നിങ്ങനെ നാല് പാർട്ടികൾ ബിഹാറിൽനിന്ന് എൻഡിഎ വിളിച്ച യോഗത്തിനെത്തും. ഇവർ എൻഡിഎ സഖ്യത്തിലേക്ക് ചേരും. അഖിലേഷ് യാദവിന്റെ മുൻ സഖ്യകക്ഷിയായ ഓം പ്രകാശ് രാജ്ഭറിന്റെ സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയും എൻഡിഎയിൽ ചേരുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.

എന്‍ഡിഎ vs പ്രതിപക്ഷ ഐക്യം; തന്ത്രങ്ങളും മറുതന്ത്രങ്ങളും മെനയുന്ന  ശക്തിപ്രകടനം
ചിരാഗ് പസ്വാന് എൻഡിഎ യോഗത്തിൽ ക്ഷണം; പാർട്ടി നേതാക്കളുമായി ആലോചിച്ച ശേഷം തീരുമാനമെന്ന് മറുപടി

ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടിയും ബാദല്‍ കുടുംബം നയിക്കുന്ന ശിരോമണി അകാലിദളും എൻഡിയിലേക്കെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഇവരെ ഇപ്പോൾ സഖ്യത്തിന്റെ ഭാഗമാക്കേണ്ടെന്നാണ് എൻഡിഎ തീരുമാനം. അതേസമയം, ആന്ധ്രപ്രദേശിൽ പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാൻ എന്‍ഡിഎ പദ്ധതിയിടുന്നുണ്ട്. പഞ്ചാബിൽ ഒറ്റയ്ക്ക് നിൽക്കാനാണ് തീരുമാനം.

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ബെംഗളൂരുവില്‍ ചേരുന്ന വിശാല പ്രതിപക്ഷ യോഗത്തില്‍ ആംആദ്മി പാർട്ടി പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. പ്രതിപക്ഷത്തെ ദേശീയ പാർട്ടികൾക്ക് പുറമെ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്( ജേക്കബ് ), ആര്‍എസ്പി , വൈകോയുടെ എംഡിഎംകെ, ഫോര്‍വേർഡ് ബ്ലോക്ക്, കൊങ്കുനാട് മക്കള്‍ ദേശീയ കക്ഷി, വിടുതലൈ ചിരുതൈകള്‍ കക്ഷി, മുസ്ലിം ലീഗ് എന്നീ പ്രാദേശിക കക്ഷികളെയാണ് യോഗത്തിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ക്ഷണിച്ചിരിക്കുന്നത്.

logo
The Fourth
www.thefourthnews.in