ബംഗാൾ ഉൾക്കടലിൽ മാന്‍ദൗസ് ചുഴലിക്കാറ്റ്;ദുരന്തനിവാരണ സേനയും സൈന്യവും സജ്ജം

ബംഗാൾ ഉൾക്കടലിൽ മാന്‍ദൗസ് ചുഴലിക്കാറ്റ്;ദുരന്തനിവാരണ സേനയും സൈന്യവും സജ്ജം

കനത്തമഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുന്നതിനാൽ തമിഴ്നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും ജാഗ്രതാ നിർദേശം. ചെന്നൈയിൽ നിന്ന് ഏകദേശം 900 കിലോമീറ്റർ തെക്കുകിഴക്കായി ബംഗാൾ ഉൾക്കടലിലാണ് ന്യൂനമർദം കേന്ദ്രീകരിക്കുന്നതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി . മേഖലയില്‍ അടിയന്തരസാഹചര്യം രൂപപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് എൻഡിആർഎഫ് , കരസേന, നാവികസേനാ വിഭാഗങ്ങളെ വിന്യസിച്ചു.

ഡിസംബർ 6 ന് രാത്രി 11:30ഓടെ കാരയ്ക്കലിൽ നിന്ന് ഏകദേശം 840 കിലോമീറ്റർ കിഴക്ക് തെക്കായും ചെന്നൈയിൽ നിന്ന് 900 കിലോമീറ്റർ തെക്കു കിഴക്കായും ബംഗാൾ ഉൾക്കടലിലാണ് ന്യൂനമർദം രൂപപ്പെട്ടത്. വൈകിട്ടോടെ ന്യൂനമർദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറും. നാളെ രാവിലെയോടെ തമിഴ്‌നാട് , പുതുച്ചേരി , തെക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളിൽ മാന്‍ദൗസ് എന്ന് പേരിട്ട ചുഴലിക്കാറ്റ് ആഞ്ഞുവീശും. ഈമേഖലയില്‍ അതിശക്തമായ മഴ മുന്നറിയിപ്പാണ് കാലാവസ്ഥാ വിഭാഗം പുറപ്പെടുവിച്ചിരിക്കുന്നത്. ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. തമിഴ്നാട്, ആന്ധ്ര, പുതുച്ചേരി എന്നിവിടങ്ങളിലായി 13 ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു.

ദേശീയ ദുരന്ത നിവാരണസേനയുടെ ആറ് ടീമുകളെ തമിഴ്നാട്ടില്‍ വിന്യസിച്ചു. നാഗപട്ടണം, തഞ്ചാവൂർ, തിരുവാരൂർ, കടലൂർ, മയിലാടുതുറൈ, ചെന്നൈ എന്നിവിടങ്ങളിൽ സൈന്യത്തെയും വിന്യസിച്ചു. കണ്‍ട്രോള്‍ റൂമുകളും ഹെല്‍ത്ത് കെയര്‍ സെന്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.കരസേനയുടെയും നാവികസേനയുടെയും ദുരിതാശ്വാസ സംഘങ്ങളും കപ്പലുകളും വിമാനങ്ങളും സജ്ജരായി നിലയുറപ്പിച്ചിട്ടുണ്ട്. തീരസംരക്ഷണ സേനയും സജ്ജമാണ്.

logo
The Fourth
www.thefourthnews.in