നീറ്റ്-നെറ്റ് പരീക്ഷാ തട്ടിപ്പ്; നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയെ അഴിച്ചുപണിയാന്‍ ഉന്നതസമിതി രൂപീകരിച്ച് കേന്ദ്രം

നീറ്റ്-നെറ്റ് പരീക്ഷാ തട്ടിപ്പ്; നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയെ അഴിച്ചുപണിയാന്‍ ഉന്നതസമിതി രൂപീകരിച്ച് കേന്ദ്രം

പൊതുപരീക്ഷ ക്രമക്കേട് നിയമത്തിന്റെ വിജ്ഞാപനം പുറത്തിറക്കിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ അടുത്ത നീക്കം

നീറ്റ്- നെറ്റ് പരീക്ഷാ തട്ടിപ്പ് വിവാദങ്ങള്‍ക്ക് പിന്നാലെ, നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നത സമിതിയെ നിയമിച്ച് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഏഴംഗ സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്. പരീക്ഷാ നടത്തിപ്പില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ഉള്‍പ്പെടെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങളില്‍ വേണ്ട മാറ്റങ്ങളെ കുറിച്ച് സമിതി ശിപാര്‍ശ നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ടിഎ പ്രവര്‍ത്തനങ്ങളില്‍ മാറ്റങ്ങളുണ്ടാകും.

ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊ. ബി ജെ റാവു, ഡല്‍ഹി എയിംസ് മുന്‍ ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ എന്നിവരും സമിതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. രണ്ട് മാസങ്ങള്‍ക്കുള്ളില്‍ സമിതി റിപ്പോര്‍ട്ട് നല്‍കണം എന്നാണ് നിര്‍ദേശം.

പൊതുപരീക്ഷ ക്രമക്കേട് നിയമത്തിന്റെ വിജ്ഞാപനം പുറത്തിറക്കിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ അടുത്ത നീക്കം. 2024 ഫെബ്രുവരിയില്‍ പാസാക്കിയ നിയമം വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതായി സര്‍ക്കാര്‍ അറിയിച്ചു. പേപ്പര്‍ ചോര്‍ത്തുക, ഉത്തരക്കടലാസില്‍ കൃത്രിമം കാണിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് പത്ത് ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ പിഴയും പരമാവധി അഞ്ചുവര്‍ഷം തടവുമാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്.

നീറ്റ്-നെറ്റ് പരീക്ഷാ തട്ടിപ്പ്; നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയെ അഴിച്ചുപണിയാന്‍ ഉന്നതസമിതി രൂപീകരിച്ച് കേന്ദ്രം
നീറ്റ് പരീക്ഷ ചോര്‍ച്ച: ചോദ്യപ്പേപ്പറിന് ആവശ്യപ്പെട്ടത് 32 ലക്ഷം രൂപ, വെളിപ്പെടുത്തി വിദ്യാര്‍ഥി

'പൊതുപരീക്ഷ ക്രമക്കേട് തടയല്‍ നിയമം, 2024' ന്റെ പരിധിയില്‍ വരുന്ന എല്ലാ കുറ്റകൃത്യങ്ങളും ജാമ്യമില്ലാ കുറ്റങ്ങളായാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിയമം സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. നിയമം സംബന്ധിച്ച ചട്ടങ്ങള്‍ നിയമ മന്ത്രാലയത്തിന്റെ പരിഗണനയിലാന്നെന്നായിരുന്നു അന്ന് അദ്ദേഹം നല്‍കിയ വിശദീകരണം.

പൊതുപരീക്ഷകളിലെ സാധ്യമായ കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിട്ടും അത് റിപ്പോര്‍ട്ട് ചെയ്യാത്ത പരീക്ഷാ സേവന ദാതാക്കള്‍ക്ക് ഒരു കോടി രൂപ വരെ പിഴ ചുമത്താനും നിയമത്തില്‍ വകുപ്പുകളുണ്ട്. കൂടാതെ ഏതെങ്കിലും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കുറ്റം ചെയ്യാന്‍ അനുവദിക്കുകയോ അതില്‍ ഉള്‍പ്പെട്ടിരിക്കുകയോ ചെയ്തതായി തെളിഞ്ഞാല്‍, അയാള്‍ക്ക് കുറഞ്ഞത് മൂന്ന് വര്‍ഷം വരെ തടവും 10 വര്‍ഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും ലഭിക്കും.

നീറ്റ്-നെറ്റ് പരീക്ഷാ തട്ടിപ്പ്; നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയെ അഴിച്ചുപണിയാന്‍ ഉന്നതസമിതി രൂപീകരിച്ച് കേന്ദ്രം
48 മണിക്കൂർ മുമ്പ് നെറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർന്നു, ആറ് ലക്ഷം രൂപയ്ക്ക് വിറ്റു; ഗുരുതര കണ്ടെത്തലുകളുമായി സിബിഐ

വിജ്ഞാപനത്തില്‍ ഭാരതീയ ന്യായ സംഹിതയെ പരാമര്‍ശിക്കുന്നുണ്ടെങ്കിലും അത് നടപ്പാക്കുന്നത് വരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ തുടരുമെന്നും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഭാരതീയ സംഹിതയും മറ്റ് ക്രിമിനല്‍ നിയമങ്ങളും ജൂലൈ ഒന്നുമുതലാണ് പ്രാബല്യത്തില്‍ വരിക.

നീറ്റ്-നെറ്റ് പരീക്ഷാ തട്ടിപ്പ്; നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയെ അഴിച്ചുപണിയാന്‍ ഉന്നതസമിതി രൂപീകരിച്ച് കേന്ദ്രം
യുജിസി-നെറ്റ് പരീക്ഷ റദ്ദാക്കിയത് എന്തിന്? ഉദ്യോഗാർഥികളെ കാത്തിരിക്കുന്നത് എന്ത്?

യുജിസി നെറ്റ് പരീക്ഷ നടക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പരീക്ഷാ പേപ്പര്‍ ചോര്‍ന്നെന്നും ആറ് ലക്ഷം രൂപയ്ക്ക് ഡാര്‍ക്ക് വെബ്ബിലും സാമൂഹ്യ മാധ്യമങ്ങളിലും പരീക്ഷാ പേപ്പര്‍ വില്‍പനയ്ക്ക് വച്ചുവെന്നുമുള്ള സിബിഐ കണ്ടെത്തല്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കൂടാതെ മെയ് അഞ്ചിന് നടന്ന മെഡിക്കല്‍ കോഴ്‌സുകള്‍ക്കുള്ള പ്രവേശന പരീക്ഷയായ നീറ്റ് യു ജി പരീക്ഷകളുടെ ചോദ്യപേപ്പറും ചോര്‍ന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുന്ന ബിഹാര്‍ പോലീസിന്റെ പ്രത്യേക സംഘം വിദ്യാര്‍ഥികളെ ഉള്‍പ്പെടെ നിരവധി പേരെ അറസ്റ്റും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in