'കുട്ടികൾക്കായുള്ള ഉത്പന്നങ്ങളിൽ പഞ്ചസാര ചേർക്കുന്നു;' ആരോപണത്തിന് പിന്നാലെ നെസ്‍ലെയുടെ ഓഹരി മൂല്യമിടിഞ്ഞു

'കുട്ടികൾക്കായുള്ള ഉത്പന്നങ്ങളിൽ പഞ്ചസാര ചേർക്കുന്നു;' ആരോപണത്തിന് പിന്നാലെ നെസ്‍ലെയുടെ ഓഹരി മൂല്യമിടിഞ്ഞു

സ്വിറ്റ്സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പബ്ലിക് ഐ എന്ന സംഘടനയാണ് നെസ്‍ലയ്ക്കെതിരായ റിപ്പോർട്ട് പുറത്തുവിട്ടത്

കുട്ടികൾക്കുള്ള പാൽ ഉത്പന്നങ്ങളിൽ പഞ്ചസാര ചേർക്കുന്നുവെന്ന ആരോപണത്തിന് പിന്നാലെ നെസ്‍ലെ ഇന്ത്യയുടെ ഓഹരി മൂല്യം ഇടിഞ്ഞു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നെസ്‍ലെയ്ക്ക് ഒരൊറ്റ ദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നെസ്‍ലെയുടെ ഓഹരി മൂല്യം 5.4 ശതമാനത്തോളം ഇടിഞ്ഞ് 2409.55 രൂപയിലെത്തി.

'കുട്ടികൾക്കായുള്ള ഉത്പന്നങ്ങളിൽ പഞ്ചസാര ചേർക്കുന്നു;' ആരോപണത്തിന് പിന്നാലെ നെസ്‍ലെയുടെ ഓഹരി മൂല്യമിടിഞ്ഞു
'സെറിലാക്കും നിഡോയും സേഫല്ല'; കുട്ടികള്‍ക്കുള്ള നെസ്‌ലെ ഉത്പന്നങ്ങളില്‍ പഞ്ചസാരയുടെ അളവ് കൂടുതലെന്ന് പഠനം

വികസ്വര- അവികസിത രാജ്യങ്ങളിൽ വിതരണം ചെയ്യുന്ന നെസ്‍ലെയുടെ ഉത്പന്നങ്ങളിൽ മാത്രം പഞ്ചസാര അമിതമായി ചേർക്കുന്നുവെന്ന പബ്ലിക് ഐ കമ്പനിയുടെ കണ്ടെത്തലാണ് സ്ഥാപനത്തിന് തിരിച്ചടിയായത്. സ്വിറ്റ്സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പബ്ലിക് ഐ എന്ന സംഘടനയാണ് നെസ്‍ലെയ്ക്കെതിരായ റിപ്പോർട്ട് പുറത്തുവിട്ടത്. ആറുമാസം മുതൽ രണ്ടുവയസുവരെയുള്ള കുട്ടികൾക്ക് നൽകുന്ന സെറിലാക്ക്, നിഡോ എന്നീ പാലുത്പന്നങ്ങളിലാണ് പ്രശ്നം കണ്ടെത്തിയത്. എന്നാൽ യു കെ, ജർമനി, ഫ്രാൻസ് പോലെയുള്ള വികസിത രാജ്യങ്ങളിലെ ഉത്പന്നങ്ങളിൽ ഇത്തരം അധിക ചേരുവകളില്ല എന്നതും ശ്രദ്ധേയമായിരുന്നു.

ശിശുക്കൾക്കായുള്ള ഉത്പന്നങ്ങളിൽ പഞ്ചസാര ചേർക്കുന്നത് അപകടകരവും ആസക്തി ഉണ്ടാക്കുന്നതുമാണെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്

ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിൽ വിപണനം ചെയ്യുന്ന കമ്പനിയുടെ ബേബി ഫുഡ് ഇനങ്ങളുടെ സാമ്പിളുകൾ ബെൽജിയത്തിലേക്ക് അയച്ചതിന് ശേഷമാണ് പബ്ലിക് ഐയും ഇൻ്റർനാഷണൽ ബേബി ഫുഡ് ആക്ഷൻ നെറ്റ്‌വർക്കും പഠനം നടത്തിയത്. അതുപ്രകാരം, നെസ്‌ലെ അവയുടെ ഉത്പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ, ധാതുക്കൾ, മറ്റ് പോഷകങ്ങൾ എന്നിവ കണ്ടെയ്നറുകളിൽ നൽകാറുണ്ടെങ്കിലും പഞ്ചസാരയുടെ കാര്യത്തിൽ അവ അതാര്യമാണ്.

ശിശുക്കൾക്കായുള്ള ഉത്പന്നങ്ങളിൽ പഞ്ചസാര ചേർക്കുന്നത് അപകടകരവും ആസക്തി ഉണ്ടാക്കുന്നതുമാണെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. അങ്ങനെ ശിശുക്കളിൽ ഉണ്ടാകുന്ന പഞ്ചസാരയോടുള്ള ആസക്തി അവരെ അമിത വണ്ണത്തിലേക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്കും തള്ളിവിടും. അതേസമയം, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നെസ്‌ലെ ഇന്ത്യ പുറത്തിറക്കുന്ന ഉത്പന്നങ്ങളിൽ ചേർക്കുന്ന പഞ്ചസാരയുടെ അളവ് 30 ശതമാനം വരെ കുറച്ചതായി കമ്പനി വക്താവ് പ്രതികരിച്ചു.

logo
The Fourth
www.thefourthnews.in