എയർ ഇന്ത്യക്ക് ഇനി പുതിയ മുഖം; 'വിസ്ത' ലോഗോ പ്രകാശനം ചെയ്തു

എയർ ഇന്ത്യക്ക് ഇനി പുതിയ മുഖം; 'വിസ്ത' ലോഗോ പ്രകാശനം ചെയ്തു

എയർ ഇന്ത്യയുടെ ഡിസംബർ മുതലുള്ള വിമാനങ്ങളിലാകും പുതിയ ലോഗോ ഉണ്ടായിരിക്കുക

എയർ ഇന്ത്യ പുതിയ ലോഗോയായ 'ദ വിസ്ത' പ്രകാശനം ചെയ്തു. പരിമിതികളില്ലാത്ത സാധ്യതയേയും പുരോഗമന സ്വഭാവത്തെയും, പുതിയ വീക്ഷണത്തെയുമാണ് ലോഗോ സൂചിപ്പിക്കുന്നതെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു. 70 ബില്യൺ ഡോളറിന് 470 വിമാനങ്ങൾ സ്വന്തമാക്കിയതിന് പിന്നാലെയാണ് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ലോഗോ മാറ്റം. ഡിസംബർ മാസത്തെ സര്‍വീസുകള്‍ മുതലാകും പുതിയ ലോഗോ പതിച്ച് വിമാനങ്ങള്‍ പറന്നു തുടങ്ങുകയെന്നും എയർ ഇന്ത്യ വ്യക്തമാക്കി.

പുതിയ ലോഗോയിൽ എയർ ഇന്ത്യയുടെ മുഖമായിരുന്ന 'മഹാരാജ' ഇല്ല. എന്നാൽ 'മഹാരാജ'യെ ഒഴിവാക്കിയതല്ലെന്നും കമ്പനിയുടെ പുതിയ പദ്ധതികളിൽ ഉൾപ്പെടുത്തുമെന്നും എയർ ഇന്ത്യ സിഇഒ കാംപെൽ വിത്സൺ പറഞ്ഞു. സ്വർണ നിറമുള്ള വിൻഡോ ഫ്രെയിമിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ലോഗോയുടെ രൂപകല്പനയെന്ന് എയർ ഇന്ത്യ വെളിപ്പെടുത്തി. വിവിധ നിറങ്ങൾ കൂടിച്ചേരുന്ന ലിവെറിയും എയർ ഇന്ത്യ അവതരിപ്പിച്ചിട്ടുണ്ട്.

എയർ ഇന്ത്യ വാങ്ങുന്ന വിമാനങ്ങളിൽ ആദ്യം ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാകുന്ന എയർബസ് 350 ലാകും പുതിയ ലോഗോ അവതരിപ്പിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. എയർബസും, ബോയിങ്ങുമായിട്ടാണ് പുതിയ വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാർ എയർ ഇന്ത്യ നടത്തിയിരിക്കുന്നത്. നവംബർ മുതൽ വിമാനങ്ങൾ ലഭിച്ചു തുടങ്ങും.

logo
The Fourth
www.thefourthnews.in