ഗുർപത്വന്ത് സിങ് പന്നുന്‍
ഗുർപത്വന്ത് സിങ് പന്നുന്‍

പന്നുവിനെ വധിക്കാൻ ഗൂഢാലോചന: നിഖിൽ ഗുപ്തയ്‌ക്കെതിരായ തെളിവ് നൽകാൻ ആവശ്യപ്പെട്ട് അമേരിക്കൻ കോടതി

വാടകക്കൊലയാളിയെ ഏർപ്പാടാക്കുക, കൊലപാതകം നടത്താൻ ഗൂഢാലോചന എന്നിങ്ങനെ പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന വിവിധ വകുപ്പുകളാണ് നിഖിൽ ഗുപ്തയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്

ഖലിസ്ഥാനി തലവൻ ഗുർപത്വന്ത് സിങ് പന്നുനിനെ അമേരിക്കയിൽ വച്ച് കൊലപ്പെടുത്താൻ പദ്ധതിയിട്ട കേസിൽ കുറ്റാരോപിതനായ നിഖിൽ ഗുപ്തയ്ക്കെതിരെ തെളിവുകൾ ആവശ്യപ്പെട്ട് ന്യൂയോർക്ക് കോടതി. തെളിവുകൾ നൽകണമെന്ന നിഖിൽ ഗുപ്തയുടെ അഭിഭാഷകൻ സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. അമേരിക്കയുടെയും കാനഡയുടെയും ഇരട്ട പൗരത്വമുള്ള ഖലിസ്ഥാൻ വിഘടനവാദ നേതാവ് ഗുർപത്വന്ത് സിങ് പന്നൂനെ വധിക്കാനുള്ള ഗൂഢാലോചനയിൽ നിഖിൽ ഗുപ്ത ഇന്ത്യൻ സർക്കാർ ജീവനക്കാരനോടൊപ്പം പ്രവർത്തിച്ചതായാണ് യുഎസ് ഫെഡറൽ പ്രോസിക്യൂട്ടർമാർ ആരോപിക്കുന്നത്.

ചെക് റിപ്പബ്ലിക്കിൽ കസ്റ്റഡിയിൽ കഴിയുന്ന നിഖിൽ ഗുപ്തയെ കൈമാറാനുള്ള അപേക്ഷയിൽ ജനുവരി എട്ടിന് വാദം കേൾക്കുന്നതിനിടെയാണ് പ്രതിയുടെ കുറ്റങ്ങൾ തെളിയിക്കുന്ന കണ്ടെത്തലുകൾ ഹാജരാക്കാൻ പ്രോസിക്യൂട്ടർമാരോട് ആവശ്യപ്പെട്ടത്. മൂന്ന് ദിവസത്തിനുള്ളിൽ തെളിവുകൾ നൽകണമെന്നാണ് ഫെഡറൽ കോടതിയുടെ നിർദേശം.

അൻപത്തി രണ്ടുകാരനായ നിഖിൽ ഗുപ്തയ്‌ക്കെതിരെ വാടകക്കൊലയാളിയെ ഏർപ്പാടാക്കുക, കൊലപാതകം നടത്താൻ ഗൂഢാലോചന എന്നിങ്ങനെ പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന വിവിധ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അമേരിക്കയും ചെക്ക് റിപ്പബ്ലിക്കും തമ്മിലുള്ള ഉഭയകക്ഷി കൈമാറ്റ ഉടമ്പടി പ്രകാരം 2023 ജൂൺ 30ന് ചെക്ക് അധികൃതർ നിഖിൽ ഗുപ്തയെ അറസ്റ്റ് ചെയ്തിരുന്നു. അമേരിക്കയുടെ അഭ്യർത്ഥന പ്രകാരമായിരുന്നു ചെക്ക് അധികൃതരുടെ നടപടി.

ഗുർപത്വന്ത് സിങ് പന്നുന്‍
'ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ചില പാശ്ചാത്യ നഗരങ്ങളിൽനിന്ന് പുറത്താക്കി'; റിപ്പോർട്ട് പുറത്ത്

മേയിലാണ് സംഭവങ്ങൾ ആരംഭിക്കുന്നത്. ഖലിസ്ഥാൻ നേതാവായ പന്നുനിനെ കൊലപ്പെടുത്താനുള്ള ഇന്ത്യൻ സർക്കാരിലെ ഒരു ഉദ്യോഗസ്ഥന്റെ പദ്ധതിയിൽ ഇടനിലക്കാരനായിട്ടായിരുന്നു നിഖിൽ ഗുപ്തയുടെ പ്രവർത്തനം. ഇന്ത്യയിൽനിന്നുള്ള ഉദ്യോഗസ്ഥനുമായി ഫോണിലൂടെയുള്ള നിരന്തര ബന്ധപ്പെടലുകൾക്കുശേഷമാണ് പന്നുനിനെ കൊല്ലാൻ നിഖിൽ ഗുപ്ത വാടകക്കൊലയാളിയെ അമേരിക്കയിൽ ഏർപ്പാടാക്കുന്നത്. ഒരു ലക്ഷം ഡോളറായിരുന്നു ഗുപ്ത വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ ഗുപ്ത വാടകക്കൊലയാളിയെ സംഘടിപ്പിക്കാൻ ബന്ധപ്പെട്ട അമേരിക്കയിലെ വ്യക്തി, ഫെഡറൽ ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ കൈമാറിയതോടെയാണ് പദ്ധതി പൊളിയുന്നതും നിഖിൽ ഗുപ്ത ചെക് റിപ്പബ്ലിക്കിൽ പിടിയിലാകുന്നതും.

ഗുർപത്വന്ത് സിങ് പന്നുന്‍
'പന്നൂനെതിരായ വധശ്രമത്തിന്റെ ബുദ്ധികേന്ദ്രം ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍'; കുറ്റപത്രം തയാറാക്കി അമേരിക്ക

കുറ്റപത്രമനുസരിച്ച്, ഇന്ത്യയിലിരുന്ന് പന്നുനിനെ വധിക്കാൻ പദ്ധതിയിട്ട വ്യക്തി രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥനാണ്. സിസി- 1 എന്നടയാളപ്പെടുത്തിയിരിക്കുന്ന അദ്ദേഹമാണ് ഇന്ത്യയിൽനിന്ന് കൊലപാതക ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയതെന്നും സിആർപിഎഫിൽ ജോലി ചെയ്തിരുന്നതായും പറയുന്നു.

ഗുർപത്വന്ത് സിങ് പന്നുന്‍
നിജ്ജാറും പന്നുനും: യു എസിനോടും കാനഡയോടും ഇന്ത്യയുടെ പ്രതികരണങ്ങൾ വ്യത്യസ്തമാകുന്നത് എങ്ങനെ?

നിലവിൽ നിഖിൽ ഗുപ്തയുടെ ജീവന് ഭീഷണിയുണ്ടെന്ന് യുഎസ് ഏജൻസികൾ ചൂണ്ടിക്കാട്ടിയതിനാൽ അദ്ദേഹത്തെ ഏകാന്ത തടവിൽ പാർപ്പിച്ചിരിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ കുടുംബം അവകാശപ്പെടുന്നത്. ഗുപ്തയെ അനധികൃതമായി തടങ്കലിൽ വച്ചിരിക്കുകയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ആരോപിച്ചിരുന്നെങ്കിലും കോടതി ഇടപെടാൻ വിസമ്മതിച്ചിരുന്നു.

logo
The Fourth
www.thefourthnews.in