നിഖിലിനെ തുണയ്ക്കുമോ പട്ടുനൂൽ പട്ടണം?
ത്രികോണ മത്സരച്ചൂടിൽ രാമനഗര

നിഖിലിനെ തുണയ്ക്കുമോ പട്ടുനൂൽ പട്ടണം? ത്രികോണ മത്സരച്ചൂടിൽ രാമനഗര

കുമാരസ്വാമിയുടെ മകന് നിയമസഭയിലേക്ക് കന്നി അങ്കം

കർണാടകയുടെ പട്ടുനൂൽ പട്ടണമായ രാമനഗരയുടെ മുക്കിലും മൂലയിലും എത്തുകയാണ് ജനതാദൾ എസ് സ്ഥാനാർഥി നിഖിൽ കുമാരസ്വാമിയുടെ  തിരഞ്ഞെടുപ്പ് പ്രചാരണ വാഹനം . ‌ രാമനഗരയിലെ സ്ഥാനാർഥിത്വം ജെഡിഎസ് നേരത്തെ തന്നെ ഉറപ്പാക്കിയതിനാൽ ഇതിനോടകം  നിഖിൽ ആദ്യഘട്ട  മണ്ഡല പര്യടനം ഏറെക്കുറെ പൂർത്തിയാക്കി കഴിഞ്ഞു . 

നിഖിലിന്റെ രണ്ടാമത്തെ തിരഞ്ഞെടുപ്പ് അങ്കം   

നിയമസഭയിലേക്കിത് കന്നി അങ്കമാണെങ്കിലും 2019ൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച അനുഭവ സമ്പത്തുമായാണ് ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന രാമനഗരയിൽ നിഖിൽ പോരാട്ടത്തിന് ഇറങ്ങുന്നത് . അമ്മ അനിത കുമാരി സ്വാമിയുടെ സിറ്റിങ് സീറ്റാണ് രാമനഗര. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രാമനഗരയിൽ നിന്നും  ചന്ന പട്ടണയിൽ നിന്നും ജനവിധി തേടിയ  എച്ച് ഡി കുമാരസ്വാമി  രാജിവച്ച മണ്ഡലത്തിലായിരുന്നു ഉപതിരഞ്ഞെടുപ്പ്  ജയിച്ച്  ഭാര്യ അനിത എംഎൽഎയായത് . ഇത്തവണ അനിത കുമാരസ്വാമി മണ്ഡലം മകന് വിട്ടുനൽകി തെരഞ്ഞെടുപ്പ് അങ്കത്തിൽ നിന്ന് മാറി നിൽക്കുകയാണ് . 

സുമലതയോട് തോറ്റ് അരങ്ങേറ്റം 

2019ൽ മണ്ടിയ ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ചായിരുന്നു നിഖിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്  തുടക്കമിട്ടത് . ജെഡിഎസിന്റെ ഉറച്ച കോട്ടയായ ഓൾഡ് മൈസൂർ മേഖലയിലെ മണ്ടിയ എളുപ്പത്തിൽ കൈപിടിയിലാക്കാം എന്ന ആത്മവിശ്വാസത്തിലായിരുന്നു നിഖിൽ അന്ന് കളത്തിലിറങ്ങിയത് . എന്നാൽ  അന്തരിച്ച കോൺഗ്രസ് നേതാവും നടനുമായ എം എച്ച് അംബരീഷിന്റെ ഭാര്യ സുമലത അംബരീഷ് മത്സര രംഗത്തിറങ്ങിയതോടെ നിഖിൽ വിയർത്തു . സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സുമലതയെ രഹസ്യമായും പരസ്യമായും കോൺഗ്രസ് പാർട്ടിയും സ്ഥാനാർഥിയെ നിർത്താതെ ബിജെപിയും പിന്തുണച്ചതോടെ നിഖിലിന്റെ പരാജയം ഉറപ്പായി. പരാജയത്തിന് ശേഷം പാർട്ടി സംഘാടനത്തിലും സിനിമയിലും ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു അദ്ദേഹം. 

നിഖിലിന് അനുകൂലമാകുന്ന ഘടകങ്ങൾ 

രാമനഗര ജെഡിഎസിന്റെ ഉരുക്കുകോട്ടയാണ് . മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവെഗൗഡയുടെ പൗത്രൻ , മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകൻ , ഗൗഡപരിവാർ പ്രതിനിധാനം ചെയ്യുന്ന വൊക്കലിഗ സമുദായത്തിന്റെ സ്വാധീന മേഖലയിലെ പോരാട്ടം, അമ്മ അനിത കുമാര സ്വാമിയുടെ സിറ്റിങ് സീറ്റാണെന്ന സുരക്ഷിതത്വം , ബെംഗളൂരു - മൈസൂരു അതിവേഗ പാതയിലെ ടോൾ പിരിവിനെതിരെ കർഷക സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചത്. നിഖിലിന് അനുകൂലമാകുന്ന ഘടകങ്ങൾ നിരവധിയാണ് . തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ  ബഹുദൂരം മുന്നിലാണ് നിഖിൽ കുമാരസ്വാമി . 

ത്രികോണ മത്സരം മുറുകും 

രാമനഗര മണ്ഡലത്തിൽ നിഖിലിന്റെ പരാജയം ഉറപ്പാക്കാൻ കോൺഗ്രസ് ഇറക്കുന്നത്  ഇഖ്ബാൽ ഹുസൈനെയാണ് . മണ്ഡലത്തിലെ മുസ്ലിം ന്യൂനപക്ഷ വോട്ടുകൾ ജെഡിഎസിലേക്കു പോകാതെ നോക്കിയാൽ വിജയമുറപ്പിക്കാമെന്ന  കണക്കു കൂട്ടലിലാണ് ഇഖ്ബാൽ ഹുസൈനെ ഇറക്കിയിരിക്കുന്നത് . കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറും സഹോദരനും ബെംഗളൂരു റൂറൽ എം പിയുമായ ഡികെ സുരേഷും ഇക്‌ബാൽ ഹുസൈനായി വോട്ട് അഭ്യർത്ഥിച്ച് മണ്ഡലത്തിൽ പര്യടനം നടത്തിയിരുന്നു . മണ്ഡലത്തിലെ കോൺഗ്രസിന്റെ വൊക്കലിഗ വോട്ടുകൾ ചോർന്നുപോകാതെ നോക്കലാണ് ലക്ഷ്യം . 

ബജറ്റ് വാഗ്ദാനമായ ദക്ഷിണ അയോദ്ധ്യ രാമക്ഷേത്രം ഉയര്‍ത്തിക്കാട്ടി ബിജെപി വോട്ടുപിടുത്തം

ബിജെപിയെ സംബന്ധിച്ചിടത്തോളം വേരൂന്നാനുള്ള അവസരമാണ് രാമനഗരയിലെ മത്സരം . ഇതുവരെ സ്‌ഥാനാർഥി പ്രഖ്യാപനം നടന്നിട്ടില്ലെങ്കിലും സിൽക്ക് ഡെവലപ്മെന്റ് ബോർഡ്  ചെയർമാൻ ഗൗതം ഗൗഡയുടെ പേരാണ് ഉയർന്നു കേൾക്കുന്നത് . ബൊമ്മെ സർക്കാരിന്റെ ബജറ്റ് വാഗ്ദാനമായ ദക്ഷിണ അയോദ്ധ്യയാക്കാൻ പോകുന്ന രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലമാണ് മണ്ഡലം. ക്ഷേത്രത്തിന്റെ പേര് പറഞ്ഞാകും ബിജെപിയുടെ വോട്ടുപിടുത്തം . കേന്ദ്ര പദ്ധതിയായ ബെംഗളൂരു - മൈസൂരു അതിവേഗ പാതയുടെ അശാസ്ത്രീയ നിർമാണത്തെ ചൊല്ലി പ്രദേശത്തെ കർഷകർ സമരത്തിലാണെന്നത് ബിജെപിക്ക് തിരിച്ചടിയാണ് . എന്നിരുന്നാലും ലിംഗായത് - ദളിത് വോട്ടുകൾ തുണയ്ക്കുമെന്നതാണ് ആത്മവിശ്വാസം കൂട്ടുന്ന കാര്യം. 

രാമനഗരയിൽ ഡി കെ ശിവകുമാർ കോൺഗ്രസ് പ്രചാരണത്തിനിറങ്ങിയതോടെ കുടുംബ സമേതം നിഖിലിന് വേണ്ടി കളത്തിലിറങ്ങുകയാണ്  കുമാരസ്വാമി

നിഖിൽ കുമാരസ്വാമിയെ പരാജയപ്പെടുത്താൻ കോൺഗ്രസും ബിജെപിയും കൈകോർക്കുമോ എന്നതാണ് ഗൗഡ കുടുംബത്തെ അലട്ടുന്ന പ്രശ്നം . 2018ലെ സഖ്യസർക്കാർ നിലം പൊത്തിയതിന് ശേഷം കോൺഗ്രസും ജെഡിഎസും കീരിയും പാമ്പും പോലെയാണ് . പ്രത്യേകിച്ച്  കുമാരസ്വാമിയും ഡി കെ ശിവകുമാറും. രാമനഗരയിൽ ഡി കെ ശിവകുമാർ കോൺഗ്രസ് പ്രചാരണത്തിനിറങ്ങിയതോടെ കുടുംബ സമേതം നിഖിലിന് വേണ്ടി കളത്തിലിറങ്ങുകയാണ്  കുമാരസ്വാമി . 

logo
The Fourth
www.thefourthnews.in