'9 സാൽ 9 സവാൽ', പ്രധാനമന്ത്രി ഉത്തരം പറയണം, കേന്ദ്ര സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികത്തില്‍ ചോദ്യങ്ങളുമായി കോൺഗ്രസ്

'9 സാൽ 9 സവാൽ', പ്രധാനമന്ത്രി ഉത്തരം പറയണം, കേന്ദ്ര സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികത്തില്‍ ചോദ്യങ്ങളുമായി കോൺഗ്രസ്

സാമ്പത്തികം, കൃഷി, ചൈനയും ദേശീയ സുരക്ഷ തുടങ്ങിയ വിഷയങ്ങളിലാണ് ചോദ്യങ്ങൾ തയ്യാറാക്കിയിരിക്കുന്നത്

ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഒമ്പതാം വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങവെ ഒമ്പത് ചോദ്യങ്ങളുമായി പ്രതിപക്ഷം. സാമ്പത്തികം, അഴിമതി, കോവിഡ് 19, സാമൂഹ്യ നീതി ഉള്‍പ്പെടെയുള്ള വിഷയങ്ങളിലുള്ള '9 സാല്‍ 9 സവാല്‍' പേരിലാണ് ചോദ്യങ്ങളുടെ പട്ടിക കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. സര്‍ക്കാരിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ട് ബിജെപി ആഘോഷം ആരംഭിക്കുന്നതിന് മുമ്പായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ഒമ്പത് ചോദ്യങ്ങള്‍ക്ക് മറുപടി പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന പത്ര സമ്മേളനത്തില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശിന്റെ നേതൃത്വത്തിലാണ് പട്ടിക പുറത്തുവിട്ടത്.

ചോദ്യങ്ങള്‍ ഇങ്ങനെ:

1. സാമ്പത്തികം:

എന്ത് കൊണ്ടാണ് പണപ്പെരുപ്പവും തൊഴിലില്ലായ്മയും ഇന്ത്യയില്‍ കുത്തനെ ഉയരുന്നത്?

എന്ത് കൊണ്ടാണ് കാശുകാര്‍ വീണ്ടും കാശുക്കാരാകുന്നതും പാവപ്പെട്ടവന്‍ വീണ്ടും പാവപ്പെട്ടവരാകുന്നതും?

സാമ്പത്തിക അസമത്വങ്ങള്‍ വര്‍ധിച്ചു കൊണ്ടിരുന്നിട്ടും എന്ത് കൊണ്ടാണ് പൊതു സ്വത്തുക്കള്‍ പ്രധാനമന്ത്രി മോദിയുടെ സുഹൃത്തുക്കള്‍ക്ക് വില്‍ക്കുന്നത്?

2. കൃഷിയും കര്‍ഷകരും:

മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുമ്പോള്‍ എന്ത് കൊണ്ടാണ് കൃഷിക്കാരുമായി ഉണ്ടാക്കിയ കരാറുകള്‍ മാനിക്കപ്പെടാത്തത്?

താങ്ങുവിലയ്ക്ക് നിയമപരമായി ഉറപ്പുനല്‍കാത്തത്?

എന്ത് കൊണ്ടാണ് കഴിഞ്ഞ ഒമ്പത് വര്‍ഷമായി കൃഷിക്കാരുടെ വരുമാനം ഇരട്ടിയാകാത്തത് ?

3. അഴിമതിയും ചങ്ങാത്തവും

നിങ്ങളുടെ സുഹൃത്ത് അദാനിയ്ക്ക് ലാഭമുണ്ടാക്കുന്നതിന് വേണ്ടി ജനങ്ങളുടെ കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം എല്‍ഐസിയിലും എസ്ബിഐയിലും നിക്ഷേിപിച്ച് അവയെ അപകടത്തിലാക്കുന്നത് എന്തിനാണ്?

എന്ത് കൊണ്ടാണ് കള്ളന്മാരെ നിങ്ങള്‍ രക്ഷപ്പെടാന്‍ അനുവദിക്കുന്നത്?

എന്ത് കൊണ്ടാണ് ബിജെപി ഭരണ സംസ്ഥാനങ്ങളിലെ വ്യാപകമായ അഴിമതിയെ കുറിച്ച് നിങ്ങള്‍ മൗനം പാലിക്കുന്നത്, പിന്നെ എന്തിനാണ് നിങ്ങള്‍ ഇന്ത്യക്കാരെ കഷ്‌ടപ്പെടാന്‍ അനുവദിക്കുന്നത്?

4. ചൈനയും ദേശീയ സുരക്ഷയും:

2020ല്‍ നിങ്ങള്‍ ചൈനയ്ക്ക് ക്ലീന്‍ ചീട്ട് നല്‍കിയിട്ടും എന്ത് കൊണ്ടാണ് അവര്‍ ഇന്ത്യന്‍ പ്രദേശം കൈവശപ്പെടുത്തുന്നത് തുടരുന്നത്?

ചൈനയുമായി 18 കൂടിക്കാഴ്ചകള്‍ നടത്തിയിട്ടും എന്ത് കൊണ്ടാണ് ഇന്ത്യന്‍ പ്രദേശം തിരിച്ച് തരാന്‍ അവര്‍ മടിക്കുകയും മറിച്ച് ആക്രമണങ്ങള്‍ തുടരുകയും ചെയ്യുന്നത്?

5. സാമൂഹിക സൗഹാര്‍ദ്ദം

തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി എന്തിനാണ് മനപൂര്‍വം നിങ്ങള്‍ വിദ്വേഷത്തിന്റെ രാഷ്ട്രീയം ഉപയോഗിക്കുന്നത്?

അങ്ങനെ സമൂഹത്തില്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നത്?

6. സാമൂഹ്യ നീതി

എന്ത് കൊണ്ടാണ് നിങ്ങളുടെ അടിച്ചമര്‍ത്തല്‍ സര്‍ക്കാര്‍ സാമൂഹ്യ നീതിയുടെ അടിത്തറ തകര്‍ക്കാന്‍ ആസൂത്രിതമായി നശിപ്പിക്കുന്നത്?

എന്ത് കൊണ്ടാണ് സ്ത്രീകള്‍ക്കും, ദളിതര്‍ക്കും, എസ്സി, എസ്ടി, ഒബിസി, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് എതിരെയുള്ള അക്രമങ്ങളില്‍ നിങ്ങള്‍ മൗനം പാലിക്കുന്നത്?

എന്ത് കൊണ്ടാണ് ജാതി സെന്‍സസ് എന്ന ആവശ്യം നിങ്ങള്‍ അവഗണിക്കുന്നത്?

7. ജനാധിപത്യവും ഫെഡറലിസവും

എന്തിനാണ് ഞങ്ങളുടെ ഭരണഘടനാ മൂല്യവും ജനാധിപത്യ സ്ഥാപനങ്ങളും കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളില്‍ ദുര്‍ബലപ്പെടുത്തിയത്?

എന്തു കൊണ്ടാണ് നിങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികളോടും നേതാക്കളോടും പ്രതികാരത്തിന്റെ രാഷ്ട്രീയം പ്രയോഗിക്കുന്നത്?

എന്തുകൊണ്ടാണ് നിങ്ങള്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ പണബലം ഉപയോഗിക്കുന്നത് ?

8. ക്ഷേമ പദ്ധതികള്‍

ബഡ്ജറ്റുകള്‍ വെട്ടിക്കുറച്ചും നിയന്ത്രണ നിയമങ്ങള്‍ കൊണ്ടുവന്നും പാവങ്ങളുടെയും ആവശ്യക്കാരുടെയും ആദിവാസികളുടെയും ക്ഷേമപദ്ധതികള്‍ നിങ്ങള്‍ ദുര്‍ബലപ്പെടുത്തിയത് എന്തു കൊണ്ടാണ് ?

9. കോവിഡ് 19

40 ലക്ഷത്തിലധികം ആളുകള്‍ കോവിഡ് 19 മൂലം ദാരുണമായി മരിച്ചിട്ടും അവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ മോദി സര്‍ക്കാര്‍ വിസമ്മതിക്കുന്നത് എന്ത് കൊണ്ടാണ് ?

ഒരു പിന്തണയും നല്‍കാതെ ലക്ഷകണക്കിന് തൊഴിലാളികളെ വീട്ടിലേയ്ക്ക് മടങ്ങാന്‍ നിര്‍ബന്ധിതരാക്കിയ ഒരു ലോക്ഡൗണ്‍ നിങ്ങള്‍ പെട്ടെന്ന് ഏര്‍പ്പെടുത്തിയത് എന്തിനാണ്?

logo
The Fourth
www.thefourthnews.in