'5ജി സാങ്കേതിക വിദ്യ രാജ്യത്തിന്റെ സ്വന്തം ഉത്പന്നം'; മറ്റ് രാജ്യങ്ങള്‍ക്കും നല്‍കാമെന്ന് നിർമല സീതാരാമൻ

'5ജി സാങ്കേതിക വിദ്യ രാജ്യത്തിന്റെ സ്വന്തം ഉത്പന്നം'; മറ്റ് രാജ്യങ്ങള്‍ക്കും നല്‍കാമെന്ന് നിർമല സീതാരാമൻ

5ജി സാങ്കേതിക വിദ്യ പൂർണമായും തദ്ദേശീയമായി വികസിപ്പിച്ചതെന്ന് കേന്ദ്ര ധനമന്ത്രി

ഇന്ത്യ അവതരിപ്പിച്ച 5ജി സാങ്കേതിക വിദ്യ പൂർണമായും തദ്ദേശീയമായി വികസിപ്പിച്ചതെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്‍. രാജ്യത്തിന്റെ സ്വന്തം ഉത്പന്നമാണെങ്കിലും ഇക്കാര്യം വലിയ തോതില്‍ ജനങ്ങളിലേക്ക് എത്തിയിട്ടില്ല. ആവശ്യമുള്ള മറ്റുരാജ്യങ്ങള്‍ക്ക് സാങ്കേതിക വിദ്യ നല്‍കാന്‍ കഴിയുമെന്നും ധനമന്ത്രി പറഞ്ഞു. അമേരിക്കന്‍ സന്ദർശനത്തിനിടെ വാഷിംഗ്ടണിലെ ജോൺസ് ഹോപ്കിൻസ് സർവകലാശാലയിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി.

കൊറിയ പോലുള്ള രാജ്യങ്ങളില്‍ നിന്ന് ചില നിർണായക ഭാഗങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും 5ജിയുമായി ബന്ധപ്പെട്ട് മറ്റാരെയും ആശ്രയിച്ചിട്ടില്ല. 2024ല്‍ രാജ്യത്തിന്റെ ഭൂരിഭാഗം ആളുകള്‍ക്കും ലഭ്യമാകും വിധം 5ജി വിതരണം ചെയ്യാനാകുമെന്ന് സ്വാകാര്യ കമ്പനികള്‍ അറിയിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

കൊറിയ പോലുള്ള രാജ്യങ്ങളില്‍ നിന്ന് ചില നിർണായക ഭാഗങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും 5ജിയുമായി ബന്ധപ്പെട്ട് മറ്റാരെയും ആശ്രയിച്ചിട്ടില്ല
നിർമല സീതാരാമൻ

ഒക്ടോബർ ഒന്നിനാണ് 5ജി സേവനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചത്. അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡീഗഢ്, ചെന്നൈ, ഡല്‍ഹി, ഗാന്ധിനഗര്‍, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗര്‍, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ, പുനെ എന്നീ പതിമൂന്ന് നഗരങ്ങളിലായിരിക്കും ആദ്യഘട്ടത്തിൽ 5 ജി ലഭ്യമാക്കുക. ദീപാവലിക്ക് ശേഷം ഈ നഗരങ്ങളിൽ 5ജി ലഭ്യമാകും. 2ജി, 3ജി, 4ജി സാങ്കേതിക വിദ്യ രാജ്യത്ത് കൊണ്ടുവരുന്നതിനായി ഇന്ത്യ മറ്റ് രാഷ്ട്രങ്ങളെ ആശ്രയിച്ചിരുന്നുവെന്നും എന്നാൽ, 5ജിയിലൂടെ ഇന്ത്യ ചരിത്രം സൃഷ്ടിച്ചുവെന്നുമായിരുന്നു ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി പറഞ്ഞത്.

4ജിയേക്കാള്‍ 100 ഇരട്ടി വേഗതയിലായിരിക്കും 5 ജി സേവനങ്ങള്‍ ലഭ്യമാകുക. ബഫറിങ് ഇല്ലാതെ തന്നെ വീഡിയോകള്‍ കാണുന്നതിനും ദൈര്‍ഘ്യമേറിയ വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനും സാധിക്കുമെന്നതാണ് പ്രത്യേകത. എട്ട് പ്രധാന നഗരങ്ങളില്‍ സേവനം ആരംഭിച്ചെന്ന് എയർടെല്‍ അറിയിച്ചിരുന്നു. ആദ്യഘട്ടത്തിൽ ഡൽഹി, മുംബൈ, ചെന്നൈ എന്നീ മൂന്ന് നഗരങ്ങളിൽ സേവനം ലഭ്യമാക്കുമെന്ന് ജിയോയും വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത വർഷം ഡിസംബറിനകം രാജ്യത്തെ എല്ലാ നഗരങ്ങളിലും 5ജി സേവനം എത്തിക്കുമെന്നാണ് ജിയോയുടെ വാഗ്ദാനം.

logo
The Fourth
www.thefourthnews.in