തേജസ്വി യാദവ് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ നിതീഷ് കുമാര്‍
തേജസ്വി യാദവ് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ നിതീഷ് കുമാര്‍

ഇഫ്താര്‍ വിരുന്നില്‍ തുടങ്ങി ജാതി സെന്‍സസ് വരെ; നിതീഷ് കുമാറിന്റെ ചുവട് മാറ്റത്തിന്റെ സൂചകങ്ങള്‍

മഹാസഖ്യവുമായി വീണ്ടും ഒന്നിക്കുമ്പോള്‍ 2017 മറന്ന് ഇനിയൊരു പുതിയ തുടക്കമാകാം എന്ന് ജെഡിയു കേന്ദ്രങ്ങള്‍ തന്നെ വ്യക്തമാക്കുന്നു

രാജ്യം ഭരിക്കുന്ന ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച് ബീഹാറില്‍ പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുകയാണ് ജെഡിയു നേതാവ് നിതീഷ് കുമാര്‍. മഹാരാഷ്ട്രയില്‍ ബിജെപി നടത്തിയ നീക്കങ്ങള്‍ ബിഹാറില്‍ നിതീഷ് കുമാര്‍ മുന്‍ കൂട്ടി പ്രതിരോധിച്ചിരിക്കുകയാണ് രാജിയിലൂടെ എന്നാണ് ഉയരുന്ന വാദം. മഹാരാഷ്ട്രയില്‍ ഏകനാഥ് ഷിന്‍ഡേയെ ഉയര്‍ത്തി ശിവസേനയെ പിളര്‍ത്തിയതിന് സമാനമായ നീക്കം ബിഹാറില്‍ പുരോഗമിക്കുന്നു എന്ന സംശയമാണ് നിതീഷ് കുമാറിനെ ഒരു മുഴം മുന്നേ എറിയാന്‍ പ്രേരിപ്പിച്ചത്.

ബിജെപിയുമായുള്ള അകല്‍ച്ച ഒരു ദിവസം കൊണ്ട് മാത്രം ഉണ്ടായതായിരുന്നില്ല. അടുത്തിടെ സുപ്രധാന രാഷ്ട്രീയ നീക്കങ്ങളില്‍ എന്‍ഡിഎ ക്യാപില്‍ ജെഡിയുവിന്റെ അസാന്നിധ്യം ഉണ്ടായിരുന്നു. രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഉള്‍പ്പെടെ ഇത് പ്രകടമാവുകയും ചെയ്തു. ഇക്കാലയളവില്‍ തന്നെ ആര്‍ജെഡിയുമായുള്‍പ്പെടെ നിതീഷ് ധാരണ ഉണ്ടാക്കിയിരുന്നു എന്ന് വേണം വിലയിരുത്താന്‍.

ബിഹാറില്‍ കോണ്‍ഗ്രസും ആര്‍ജെഡിയും ഉള്‍പ്പെടുന്ന മഹാസഖ്യവുമായുള്ള നിതീഷ് കുമാറിന്റെ കൂട്ടുകെട്ടിനും, ചുവട് മാറ്റത്തിനും വര്‍ഷങ്ങളുടെ ചരിത്രം തന്നെയുണ്ട്. അതുകൊണ്ട് തന്നെയാണ് ഇപ്പോഴത്തെ രാഷ്ട്രീയ നീക്കത്തിലൂടെ മഹാസഖ്യവുമായി വീണ്ടും ഒന്നിക്കുമ്പോള്‍ 2017 മറന്ന് പഴയ പങ്കാളികളുമായി ഇനിയൊരു പുതിയ തുടക്കമാകാം എന്ന് ജെഡിയു കേന്ദ്രങ്ങള്‍ തന്നെ വ്യക്തമാക്കുന്നത്.

2015 - 2017 കാലത്ത് ബിഹാറില്‍ ആര്‍ജെഡി, ജെഡിയു കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരായിരുന്നു ഭരണത്തില്‍. ഇതില്‍ നിന്നും 2017 ല്‍ നിതീഷ് കുമാര്‍ പിന്‍മാറി ബിജെപിയോട് ഒപ്പം ചേര്‍ന്നു. പിന്നീട് 2020 ല്‍ നടന്ന തെരഞ്ഞെടുപ്പിലും എന്‍ഡിഎ സഖ്യത്തില്‍ ബിഹാറില്‍ നിധീഷ് കുമാര്‍ ഭരണത്തിലെത്തി. ഈ സര്‍ക്കാര്‍ രണ്ടര വര്‍ഷം പിന്നിടുമ്പോഴാണ് 2017 ന് സമാനമായ ഒരു നീക്കത്തിലൂടെ ബിജെപിക്ക് നിതീഷ് പ്രതിരോധം തീര്‍ക്കുന്നത്.

ബിജെപിക്കുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു ഈ ഇഫ്താര്‍

ഇഫ്താര്‍ സംഗമത്തിലെ മഞ്ഞുരുക്കം

ഇക്കഴിഞ്ഞ റംസാന്‍ മാസത്തിലായിരുന്നു ബീഹാര്‍ രാഷ്ട്രീയത്തില്‍ ഇന്നുണ്ടായ സംഭവങ്ങളുടെ തുടക്കം. പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എത്തി. ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത നിതീഷ് കുമാറിന് അന്നവിടെ ലഭിച്ച സ്വീകാര്യത വലിയ മാധ്യമ ശ്രദ്ധ പിടിച്ച് പറ്റി. തന്റെ അടുത്ത നീക്കം എന്താണെന്ന് ബിജെപിക്കുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു ഈ ഇഫ്താര്‍.

ഈ സംഭവത്തിന് പിന്നാലെയായിരുന്നു ലാലു പ്രസാദ് യാദവിന് എതിരെ പുതിയ ഒരു അഴിമതി കേസ് രജിസ്റ്റര്‍ ചെയ്തത്. മറ്റൊരു അഴിമതി കേസില്‍ ജാമ്യം ലഭിച്ച് 74 കാരനായ ലാലു പ്രസാദ് യാദവ് ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയവെ ആയിരുന്നു കേന്ദ്രം പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്.

ഈ സംഭവത്തില്‍ ജെഡിയു നേതൃത്വം അവലംബിച്ച മൗനത്തിവും വലിയ അര്‍ത്ഥങ്ങള്‍ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാറുള്‍പ്പെടെ ഒരു നേതാക്കളും ഈ വിഷയത്തില്‍ പ്രതികരണത്തിന് മുതിര്‍ന്നിരുന്നില്ല.

ലാലു പ്രസാദ് യാദവിന് ഡല്‍ഹിയില്‍ ചികില്‍സയ്ക്കായി നിധീഷ് കുമാര്‍ പ്രത്യേക താല്‍പര്യമെടുത്ത് സൗകര്യങ്ങള്‍ ഒരുക്കി നല്‍കി

ജൂണിലെ നിയമസഭാ സമ്മേളനം

ബിഹാര്‍ നിയമ സഭയുടെ വര്‍ഷകാല സമ്മേളനം ഏറെ പ്രത്യേകത നിറഞ്ഞതായിരുന്നു. സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ തേജസ്വി യാദവിന്റെ പാര്‍ട്ടി നിതീഷ് കുമാര്‍ സര്‍ക്കാറിനെ വിമര്‍ശിക്കുന്ന ഒരു നിലപാടും സമ്മേളനത്തില്‍ സ്വീകരിച്ചില്ല. സര്‍ക്കാറിനെ വിമര്‍ശിക്കാന്‍ പോലും മുതിര്‍ന്നില്ലെന്നതും ശ്രദ്ധേയമായിരുന്നു.

ലാലു പ്രസാദ് യാദവിന് ഡല്‍ഹിയില്‍ ചികില്‍സയ്ക്കായി നിധീഷ് കുമാര്‍ പ്രത്യേക താല്‍പര്യമെടുത്ത് സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയെന്നതും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. യാത്ര സൗകര്യം ഉള്‍പ്പെടെയായിരുന്നു ഇത്തരത്തില്‍ ഒരുക്കിയത്.

വിലക്കയറ്റത്തിന് എതിരായ സമരം

ഓഗസ്റ്റ് ഏഴിന് തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ ആര്‍ജെഡി സംഘടിപ്പിച്ച വിലക്കയറ്റത്തിന് എതിരായ സമരം ഏറെ വ്യത്യസ്ഥമായിരുന്നു. പ്രതിപക്ഷ പാര്‍ട്ടിയുടെ സമരത്തിന് സര്‍ക്കാര്‍ നല്‍കിയ കരുതലായിരുന്നു ഇതില്‍ പ്രധാനം. സുപ്രധാന പാതകളില്‍ ഉള്‍പ്പെടെ നടന്ന പ്രതിഷേധ സമരത്തിന് നിതീഷ് കുമാറിന്റെ പിന്തുണയുണ്ടായിരുന്നു എന്നാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ നല്‍കുന്ന സൂചന.

ജാതി സെന്‍സസ്

ജാതി സെന്‍സസ് നടത്തേണ്ടതില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനോട് ബിഹാറില്‍ നിന്നുണ്ടായ പ്രതികരണം ഏറെ പ്രധാനമാണ്. കേന്ദ്ര നിലപാടിന് എതിരെ നിതീഷ് കുമാര്‍ സര്‍വകക്ഷിയോഗം വിളിച്ചു. സംസ്ഥാനത്ത് നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ജാതി സെന്‍സസ് ആവശ്യപ്പെട്ട് ബിഹാര്‍ നിയമസഭയും ലെജിസ്ലേറ്റീവ് കൗണ്‍സിലും പ്രമേയം പാസാക്കി.

ജാതി സെന്‍സസ് ആവശ്യപ്പെട്ട് ബിഹാറില്‍നിന്ന് ഡല്‍ഹിയിലേക്കു പദയാത്ര നടത്തുമെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് നിലപാട് എടുത്തതിന് പിന്നാലെയായിരുന്നു സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും പ്രതിപക്ഷത്തിനൊപ്പം നില്‍ക്കുന്ന നിലപാടുണ്ടായത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in