സാമ്പത്തിക സംവരണം: സുപ്രീംകോടതി വിധി ന്യായമെന്ന് നിതീഷ് കുമാർ; 
ജാതി സെൻസസും നടത്തണം

സാമ്പത്തിക സംവരണം: സുപ്രീംകോടതി വിധി ന്യായമെന്ന് നിതീഷ് കുമാർ; ജാതി സെൻസസും നടത്തണം

രാഷ്ട്രീയ ജനതാദൾ നേതാവ് ലാലു പ്രസാദ് യാദവാണ് 50% പരിധി ഒഴിവാക്കണമെന്ന ആവശ്യം ആദ്യമായി ഉന്നയിച്ചത്.

മുന്നാക്ക സമുദായത്തിനുള്ള സാമ്പത്തിക സംവരണം, സുപ്രീംകോടതി ശരിവെച്ച വിധിക്ക് പിന്നാലെ ജാതി സെൻസസ് നടത്തണെമെന്ന ആവശ്യം വീണ്ടുമുന്നയിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. സുപ്രീംകോടതി വിധി ന്യായമാണെന്ന് ചൂണ്ടിക്കാട്ടി നിതീഷ് കുമാർ സംവരണത്തിനുള്ള 50% എന്ന മേൽപരിധി ഒഴിവാക്കേണ്ട സമയം അതിക്രമിച്ചിരുന്നു എന്നും ചൂണ്ടിക്കാട്ടി.

ദേശീയാടിസ്ഥാനത്തിൽ ജാതി സെൻസസ് നടത്തുകയും പിന്നാക്ക വിഭാഗങ്ങൾ (ഒബിസി) അങ്ങേയറ്റം പിന്നാക്കമായ വിഭാഗങ്ങൾ (ഈബിഎസ്) എന്നിവർക്ക് ജനസംഖ്യാനുപാതികമായ സംവരണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒബിസി - ഇബിഎസ് വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായ സംവരണം നൽകണം

നിതീഷ് കുമാർ

"സുപ്രീംകോടതിയുടെ വിധി ശരിയാണ്. മുന്നാക്ക വിഭാഗങ്ങളുടെ സംവരണത്തിന് ഞാനെന്നും അനുകൂലമായിരുന്നു. 50% എന്ന പരിധി മാറ്റേണ്ട സമയം എന്നേ അതിക്രമിച്ചിരിക്കുന്നു. ഒബിസി, ഈബിസി വിഭാഗങ്ങളുടെ അവസരത്തിന് വിലങ്ങ് തടിയായിരുന്നു മേൽപരിധി" നിതീഷ് പറഞ്ഞു.

ഇന്നത്തെ സാഹചര്യത്തില്‍ വിവിധ സാമൂഹിക വിഭാഗങ്ങളുടെ കണക്കുകൾ പുതിയതായി രേഖപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാനാടിസ്ഥാനത്തിൽ നടത്താനാണ് പ്രധാനമന്ത്രി പറഞ്ഞത്. സംസ്ഥാന തലത്തിൽ മാത്രമല്ല ദേശവ്യാപകമായും നടത്തേണ്ടതുണ്ട്. കൂടാതെ ജാതി സെൻസസ് വിഷയത്തിൽ പുനർവിചിന്തനം നടത്തണമെന്നും ബിഹാർ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രാഷ്ട്രീയ ജനതാദൾ നേതാവ് ലാലു പ്രസാദ് യാദവാണ് 50% പരിധി ഒഴിവാക്കണമെന്ന ആവശ്യം ആദ്യമായി ഉന്നയിച്ചത്.

സാമ്പത്തിക സംവരണ വിഷയത്തില്‍ പ്രതിപക്ഷ നിരയില്‍ ഭിന്നത

അതേസമയം, സാമ്പത്തിക സംവരണ വിഷയത്തില്‍ പ്രതിപക്ഷ നിരയിലും ഭിന്നതയുണ്ട്. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷ ഐക്യത്തിന് നിതീഷ് കുമാറിന് ഒപ്പം നില്‍ക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് വിഷയത്തില്‍ വിരുദ്ധമായ നിലപാടാണുള്ളത്. സുപ്രീംകോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നിലപാട്.

ഭരണഘടന അനുശാസിക്കുന്ന സമത്വമെന്ന ആശയത്തെ തകർക്കുന്നതാണ് വിധിയെന്ന് ഡിഎംകെ പറഞ്ഞു. സാമ്പത്തിക സംവരണം സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണ് എന്നും നൂറ്റാണ്ട് പഴക്കമുള്ള പോരാട്ടത്തിനേറ്റ തിരിച്ചടിയാണ്. തീരുമാനത്തിന് എതിരെ പാർട്ടിയായ ഡിഎംകെ പുനഃപരിശോധന ഹർജി നൽകുമെന്നും പാര്‍ട്ടി കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ നിതീഷ് കുമാറിന്റെ അഭിപ്രായത്തെ പരിഹസിക്കുകയാണി ബിജെപി. സാമ്പത്തിക സംവരണത്തെ ശരിവെച്ച സുപ്രീം കോടതി വിധിയിൽ അദ്ദേഹം എന്തുതന്നെ ആയാലും അസന്തുഷ്ടനായിരിക്കുമെന്നും ബിജെപി പറയുന്നു.

logo
The Fourth
www.thefourthnews.in