ബിഹാറില്‍ വീണ്ടും അധികാരമേറ്റ് നിതീഷ് കുമാര്‍; ഒപ്പം രണ്ട് ഉപമുഖ്യമന്ത്രിമാരടക്കം ആറ് മന്ത്രിമാരും

ബിഹാറില്‍ വീണ്ടും അധികാരമേറ്റ് നിതീഷ് കുമാര്‍; ഒപ്പം രണ്ട് ഉപമുഖ്യമന്ത്രിമാരടക്കം ആറ് മന്ത്രിമാരും

ഇന്നുരാവിലെ ബിഹാറിലെ മഹാസഖധ്യ സര്‍ക്കാരിനെ വീഴ്ത്തി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ നിതീഷ് എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്നാണ് പുതിയ സര്‍ക്കാര്‍ രൂപീകരിച്ചത്

ബിഹാര്‍ മുഖ്യമന്ത്രിയായി ഒമ്പതാം തവണയും നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്നുരാവിലെ ബിഹാറിലെ മഹാസഖ്യ സര്‍ക്കാരിനെ വീഴ്ത്തി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ നിതീഷ് എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്നാണ് പുതിയ സര്‍ക്കാര്‍ രൂപീകരിച്ചത്. വൈകിട്ട് അഞ്ച് മണിക്ക് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ നിതീഷിനൊപ്പം ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി, വിജയ് സിന്‍ഹ എന്നിവരും മറ്റ് ആറു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.

ഇന്നുരാവിലെ രാജ് ഭവനില്‍ നേരിട്ടെത്തിയാണ് ഗവർണർക്ക് രാജി കൈമാറിയത്. ആർജെഡി-കോൺഗ്രസ് സഖ്യം ഉപേക്ഷിച്ച് തന്റെ പഴയ മുന്നണിയായ എൻഡിഎയിലേക്ക് നിതീഷ് തിരികെ പോകുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. അതിനിടെയായിരുന്നു അദ്ദേഹം ഗവർണറെ കാണാൻ സമയം തേടിയത്.

പിന്നീട് മുന്നണി മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ ജെഡിയു എംപിമാരുടെയും എംഎല്‍എമാരുടെയും സംയുക്ത യോഗം ചേര്‍ന്ന് നിതീഷിനെ വീണ്ടും നിയസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് നിതീഷിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ഇന്നുതന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ബിഹാറിലെ ഏറ്റവും പുതിയ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചുള്ള ചർച്ചകൾക്കായി ബിജെപി എംഎൽഎമാരും എംപിമാരും ഞായറാഴ്ച രാവിലെ പത്ത് മണിക്ക് പട്‌നയിലെ പാർട്ടി ഓഫീസിൽ യോഗം ചേർന്നിരുന്നു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയും മറ്റ് ചില ബിജെപി നേതാക്കളും ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പ്രത്യേക ചാർട്ടർ വിമാനത്തിൽ പട്‌നയിലെത്തിയിരുന്നു. ഇവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. ബിജെപിക്ക് രണ്ട് ഉപമുഖ്യമന്ത്രിമാരും സ്പീക്കര്‍ പദവിയുമെന്നതാണ് പുതിയ സഖ്യത്തിലെ ധാരണയെന്നാണ് ലഭിക്കുന്ന വിവരം.

logo
The Fourth
www.thefourthnews.in