ബിഹാറിൽ വീണ്ടും എന്‍ഡിഎ സർക്കാർ?; നിതീഷ് തന്നെ മുഖ്യമന്ത്രി, ബിജെപിക്ക് രണ്ട് ഉപമുഖ്യമന്ത്രിമാർ

ബിഹാറിൽ വീണ്ടും എന്‍ഡിഎ സർക്കാർ?; നിതീഷ് തന്നെ മുഖ്യമന്ത്രി, ബിജെപിക്ക് രണ്ട് ഉപമുഖ്യമന്ത്രിമാർ

ജനുവരി 28-ാം തീയതി നിശ്ചയിച്ചിരിക്കുന്ന എല്ലാ പരിപാടികളും നിതീഷ് കുമാർ റദ്ദാക്കിയിട്ടുണ്ട്

ബിഹാറിലെ രാഷ്ട്രീയ കോളിളക്കങ്ങള്‍ അവസാന ലാപ്പിലേക്ക്. ബിജെപി പിന്തുണയോടെ നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബിജെപിക്ക് രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനവും ലഭിച്ചേക്കും. ഈ സമയത്ത് നിയമസഭ പിരിച്ചുവിടില്ലെന്നും തിരഞ്ഞെടുപ്പ് നടത്തില്ലെന്നും വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് റിപ്പോർട്ട് പറയുന്നു. അടുത്ത വർഷം ബിഹാറില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാലാണ് തീരുമാനം. ജനുവരി 28-ാം തീയതി നിശ്ചയിച്ചിരിക്കുന്ന എല്ലാ പരിപാടികളും നിതീഷ് കുമാർ റദ്ദാക്കിയിട്ടുണ്ട്.

നിതീഷ് കുമാര്‍ എന്‍ഡിഎ സഖ്യത്തിലേക്ക് മടങ്ങിയെത്തുന്നതില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. വാര്‍ത്തകള്‍ക്ക് പിന്നാലെ അദ്ദേഹത്തെ പുകഴ്ത്തി ബിജെപി നേതാവ് സുശീല്‍ മോദി രംഗത്തെത്തിയതും അഭ്യൂഹങ്ങള്‍ക്ക് ബലം നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസം നിതീഷ് കുമാര്‍ കുടുംബാധിപത്യ രാഷ്ട്രീയത്തെ വിമര്‍ശിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് സുശീല്‍ മോദിയുടെ പുകഴ്ത്തല്‍. ''നിതീഷ് കുമാര്‍ പരസ്യമായാണ് കുടുംബാധിപത്യത്തെ വിമര്‍ശിച്ചത്. ബിഹാര്‍ ഘടകം ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിലപാടിനൊപ്പം നില്‍ക്കും. എന്ത് തീരുമാനം ആയാലും സംസ്ഥാന നേതൃത്വം അംഗീകരിക്കും'' എന്നായിരുന്നു സുശീല്‍ മോദിയുടെ പ്രതികരണം.

ബിഹാറിൽ വീണ്ടും എന്‍ഡിഎ സർക്കാർ?; നിതീഷ് തന്നെ മുഖ്യമന്ത്രി, ബിജെപിക്ക് രണ്ട് ഉപമുഖ്യമന്ത്രിമാർ
മമതയെ വിശ്വസിച്ചു, നിതീഷിനെ വെറുപ്പിച്ചു; ഒടുവിൽ എല്ലാം നഷ്ടപ്പെട്ട് രാഹുൽ ഗാന്ധി

ആര്‍ജെഡി നേതാവും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവുമായി നിതീഷ് കുമാര്‍ നല്ല ബന്ധത്തിലല്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 'ഇന്ത്യ' മുന്നണിയില്‍ വേണ്ടത്ര പ്രാധാന്യം ലഭിക്കാത്തതിലും നിതീഷിന് അതൃപ്തിയുണ്ടായിരുന്നു. തേജസ്വി യാദവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ജെഡിയു നേതാവ് രാജീവ് രഞ്ജന്‍ സിങിനെ മാറ്റി പാര്‍ട്ടി അധ്യക്ഷ സ്ഥാനം നിതീഷ് ഏറ്റെടുത്തിരുന്നു. തുടര്‍ന്ന് പാര്‍ട്ടി നേതൃത്വത്തിലും നിതീഷ് അഴിച്ചുപണി നടത്തി.

2022-ലാണ് ബിജെപി ബന്ധം ഉപേക്ഷിച്ച് നിതീഷ് കുമാര്‍ ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യമായ മഹാസഖ്യത്തിനൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചത്. വീണ്ടും എന്‍ഡിഎ സഖ്യത്തില്‍ എത്തിയാല്‍ 2013 മുതല്‍ അഞ്ചാമത്തെ തവണയാകും നിതീഷ് കുമാര്‍ മുന്നണി മാറുന്നത്.

logo
The Fourth
www.thefourthnews.in