ഗാന്ധിയും തിരുവള്ളുവരും മതി; കോടതികളിൽ അംബേദ്കറുടെ ചിത്രം സ്ഥാപിക്കണമെന്ന ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി

ഗാന്ധിയും തിരുവള്ളുവരും മതി; കോടതികളിൽ അംബേദ്കറുടെ ചിത്രം സ്ഥാപിക്കണമെന്ന ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി

മദ്രാസ് ഹൈക്കോടതി രജിസ്ട്രാർ എല്ലാ ജില്ലാ കോടതികൾക്കും സർക്കുലർ അയച്ചു

മഹാത്മാഗാന്ധിയുടെയും തിരുവള്ളുവരുടെയും ഛായാചിത്രങ്ങൾ മാത്രം കോടതി വളപ്പിൽ പ്രദർശിപ്പിച്ചാൽ മതിയെന്ന് സംസ്ഥാനത്തെ എല്ലാ കോടതികൾക്കും നിർദേശം നൽകി മദ്രാസ് ഹൈക്കോടതി. ഇതുസംബന്ധിച്ച് മദ്രാസ് ഹൈക്കോടതി രജിസ്ട്രാർ എല്ലാ ജില്ലാ കോടതികൾക്കും സർക്കുലർ അയച്ചു. കോടതികളിൽ അംബേദ്കറുടെയും മറ്റ് ചില മുതിർന്ന അഭിഭാഷകരുടെയും ചിത്രങ്ങൾ വയ്ക്കാൻ അനുമതി തേടിക്കൊണ്ട് നിരവധി അഭിഭാഷക സംഘടനകൾ കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

എല്ലാ ജില്ലാ കോടതികൾക്കും അയച്ച സർക്കുലറിൽ, പുതുതായി നിർമിച്ച സംയുക്ത കോടതി സമുച്ചയത്തിന്റെ പ്രവേശന ഹാളിൽ നിന്ന് ബി ആർ അംബേദ്കറുടെ ഛായാചിത്രങ്ങൾ നീക്കം ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്. ജൂലൈ 7 ലെ സർക്കുലറിൽ, ഹൈക്കോടതിയുടെ ഫുൾ കോടതി ഇക്കാര്യത്തിൽ ഒന്നിലധികം തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും മദ്രാസ് ഹൈക്കോടതി ആവർത്തിച്ചു. ജില്ലാ കോടതികൾ തീരുമാനത്തിൽ ഉറച്ചു നിൽക്കണമെന്നും എന്തെങ്കിലും വ്യതിചലനമുണ്ടായാൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നും സർക്കുലറിൽ പറയുന്നു.

ഇതുമായി ബന്ധപ്പെട്ട് ഫുള്‍ കോടതി യോഗം പാസാക്കിയ വിവിധ പ്രമേയങ്ങള്‍ പട്ടികപ്പെടുത്തിയ സര്‍ക്കുലറില്‍, ദേശീയ നേതാക്കളുടെ പ്രതിമകള്‍ക്ക് കേടുപാടുകള്‍ വരുത്തിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും, ഇത് വിവിധ സ്ഥലങ്ങളില്‍ സംഘര്‍ഷത്തിനും ക്രമസമാധാന നിലതകരാനും കാരണമായിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ കോടതി പരിസരത്ത് ഇനി കൂടുതല്‍ പ്രതിമകള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് കോടതി തീരുമാനിച്ചു.

2013 ഏപ്രില്‍ 27-ന് അംബേദ്കറുടെ ഛായാചിത്രം നീക്കം ചെയ്യാന്‍ ആലന്തൂര്‍ കോടതി ലോയേഴ്സ് അസോസിയേഷനോട് ആവശ്യപ്പെടണമെന്ന് കാഞ്ചീപുരം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയോട് ഹൈകോടതി നിര്‍ദേശിച്ചിരുന്നു. കൂടാതെ പുതുതായി രൂപീകരിച്ച പ്രത്യേക കോടതികളില്‍ അംബേദ്കറുടെ ചിത്രം പ്രദര്‍ശിപ്പിക്കണമെന്ന കടലൂര്‍ ബാറിന്റെ അഭ്യര്‍ത്ഥന നിരസിക്കുകയും ചെയ്തു.

അടുത്തിടെ, ഏപ്രില്‍ 11ന് സമാനമായ അഭ്യര്‍ത്ഥന പരിഗണിച്ച ഫുള്‍ കോടതി മുന്‍ പ്രമേയങ്ങള്‍ ആവര്‍ത്തിക്കുകയും ഗാന്ധിയുടെയും തിരുവള്ളുവരുടെയും പ്രതിമകളും ഛായാചിത്രങ്ങളും ഒഴികെ, മറ്റ് ഛായാചിത്രങ്ങളോ ഫോട്ടോകളൊ കോടതി വളപ്പില്‍ എവിടെയും പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് ഏകകണ്ഠമായി തീരുമാനിക്കുകയും ചെയ്തതായി സര്‍ക്കുലറില്‍ പറയുന്നു. കോടതിയിൽ ഗാന്ധിജിയുടെയും തിരുവള്ളുവരുടെയും പ്രതിമയും ചിത്രവും മതിയെന്ന് നേരത്തേ തീരുമാനിച്ചിട്ടുള്ളതാണെന്നും ഏപ്രിൽ ഒന്നിന് ചേർന്ന് ഹൈക്കോടതി ഫുൾകോർട്ട് ഈ തീരുമാനം ശരിവയ്ക്കുകയും ചെയ്തതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അംബേദ്കറുടെ ചിത്രം വയ്ക്കാൻ അനുവദിക്കണമെന്ന് അഭിഭാഷക സംഘടനകൾ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഇക്കാര്യം വീണ്ടുംചർച്ച ചെയ്തതെന്നും പഴയ തീരുമാനത്തിൽ മാറ്റമില്ലെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

logo
The Fourth
www.thefourthnews.in