രാംനാഥ് കോവിന്ദ്
രാംനാഥ് കോവിന്ദ്

'രാംനാഥ് കോവിന്ദിന്റെ കാലയളവിൽ പുനഃപരിശോധിക്കാന്‍ മടക്കിയ മന്ത്രിസഭാ തീരുമാനങ്ങളുടെ വിവരങ്ങള്‍ ലഭ്യമല്ല'-രാഷ്ട്രപതി ഭവൻ

ചെന്നൈയിൽ കോളേജ് വിദ്യാര്‍ഥിയായ യുവൻ മിത്രനാണ് വിവരാകാശം നൽകിയത്

കേന്ദ്ര മന്ത്രിസഭ അയച്ച തീരുമാനങ്ങളില്‍ എത്രയെണ്ണം പുനഃപരിശോധനയ്ക്കായി മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് മടക്കിയെന്നതിന് വിവരങ്ങള്‍ ലഭ്യമല്ലെന്ന് രാഷ്‌ട്രപതി ഭവൻ. മന്ത്രിസഭയും പാർലമെന്റും മറ്റ് കേന്ദ്ര മന്ത്രാലയങ്ങളും എടുത്ത തീരുമാനങ്ങളിൽ എത്രയെണ്ണം രാംനാഥ് കോവിന്ദ് തിരിച്ചയച്ചിട്ടുണ്ടെന്നറിയാൻ വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിനാണ് രാഷ്‌ട്രപതി ഭവന്റെ മറുപടി. "അത്തരത്തിലുള്ള വിവരങ്ങൾ ഒന്നും ലഭ്യമല്ല" എന്നതായിരുന്നു ചോദ്യത്തിന് ലഭിച്ച മറുപടി. ചെന്നൈയിൽ കോളേജ് വിദ്യാര്‍ഥിയായ യുവൻ മിത്രനാണ് വിവരാകാശം നൽകിയത്.

മറുപടിയിൽ വ്യക്തതയില്ലാതിരുന്നതിനാൽ യുവൻ മിത്രൻ, ഫസ്റ്റ് അപ്പലേറ്റ് അതോറിറ്റിക്ക് മുൻപാകെ അപ്പീൽ നൽകി. രാം നാഥ് കോവിന്ദ് പുനഃപരിശോധനയ്ക്കായി തിരിച്ചയച്ച തീരുമാനങ്ങളുടെ രേഖകൾ ലഭ്യമല്ലെന്നാണോ അതോ ഒരു തവണ പോലും തിരിച്ചയച്ചിട്ടില്ല എന്നാണോ മറുപടിയിൽ ഉദ്ദേശിച്ചിരിക്കുന്നത് എന്ന് തിരക്കിയായിരുന്നു രണ്ടാമത് വിവരാവകാശം നൽകിയത്. എന്നാൽ 'വിവരങ്ങൾ ഒന്നും ഓഫീസിൽ ലഭ്യമല്ല' എന്ന ആദ്യ മറുപടി തന്നെ അപ്പലേറ്റ് അതോറിറ്റിയും ആവർത്തിച്ചു.

"വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യത്തിനും വിശദീകരണം ആവശ്യപ്പെട്ട അപ്പീലിനും വ്യക്തവും തൃപ്തികരവുമായ മറുപടി നൽകാതെ രാഷ്ട്രപതിയുടെ സെക്രട്ടറിയേറ്റ് ഒഴിഞ്ഞു മാറിയതായിട്ടാണ് തോന്നുന്നത്" യുവൻ മിത്രന്റെ ക്രിമിനോളജി പ്രൊഫസറായ രാജ് കപിൽ പറഞ്ഞു.

മന്ത്രിസഭാ യോഗങ്ങൾ ചേർന്നെടുത്ത തീരുമാനങ്ങൾ പുനഃപരിശോധനയ്ക്കായി തിരിച്ചയച്ചതിന്റെ വിവരങ്ങൾ രാഷ്ട്രപതി ഭവന്റെ പക്കൽ ഇല്ല എന്നത് ഞെട്ടിപ്പിക്കുന്ന വിവരമാണെന്ന് പ്രൊ. കപിൽ പറഞ്ഞു. തീരുമാനങ്ങൾ തിരിച്ചയയ്ക്കാൻ രാഷ്ട്രപതിയെ അനുവദിക്കുന്ന വീറ്റോ അധികാരം ഉപയോഗിക്കുന്നതും അതിന്റെ സുതാര്യതയും സംബന്ധിച്ച് ചോദ്യമുയർത്തുന്നതാണ് മറുപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജമ്മു കശ്മീര്‍ പുനഃസംഘടന നിയമം 2019, മുത്തലാഖ് ബില്‍, യുഎപിഎ ഭേദഗതി നിയമം 2019, പൗരത്വ ഭേദഗതി ബില്‍, മൂന്ന് ഫാം ബില്ലുകള്‍ എന്നിവയ്ക്ക് അംഗീകാരം നല്‍കിയത് രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായിരുന്ന കാലത്തായിരുന്നു.

logo
The Fourth
www.thefourthnews.in