അലോപ്പതി-ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് തുല്യവേതനം വേണ്ട; റിവ്യൂ ഹര്‍ജിയും തള്ളി

അലോപ്പതി-ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് തുല്യവേതനം വേണ്ട; റിവ്യൂ ഹര്‍ജിയും തള്ളി

ഏതെങ്കിലുമൊരു ചികിത്സാ രീതിയെ തള്ളി പറയാന്‍ കഴിയില്ലെന്നും എന്നാല്‍ അലോപ്പതി ഡോക്ടര്‍മാര്‍ ചെയ്യുന്ന പോലെ സങ്കീര്‍ണ്ണ ശസ്ത്രക്രിയകള്‍ നടത്താന്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് സാധിക്കില്ലെന്നും കോടതി

അലോപ്പതി ഡോക്ടര്‍മാര്‍ക്കും ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും തുല്യ വേതനം വേണ്ടെന്ന നിലപാടില്‍ ഉറച്ച് സുപ്രീംകോടതി. എംബിബിഎസ് ബിരുദധാരികള്‍ ചെയ്യുന്നതിന് തുല്യമായ ജോലിയല്ല ആയുര്‍വേദ ഡോക്ടര്‍മാര്‍ ചെയ്യുന്നതെന്നും അതിനാല്‍ തുല്യവേതനത്തിന് അര്‍ഹതയില്ലെന്നുമുള്ള സുപ്രീംകോടതിയുടെ നേരത്തെയുള്ള വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച റിവ്യൂ ഹര്‍ജിയും തള്ളി.

ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയഷന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് ജസ്റ്റിസ് രാമസുബ്രമണ്യന്‍, ജസ്റ്റിസ് പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ബെഞ്ച് നേരത്തത്തെ വിധി ശരിവച്ചു. ഏതെങ്കിലുമൊരു ചികിത്സാ രീതിയെ തള്ളി പറയാന്‍ കഴിയില്ലെന്നും എന്നാല്‍ അലോപ്പതി ഡോക്ടര്‍മാര്‍ ചെയ്യുന്ന പോലെ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ നടത്താന്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് സാധിക്കില്ലെന്നും ആയുര്‍വേദത്തിലെ പഠനങ്ങള്‍ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ട ചികിത്സാ രീതികള്‍ ചെയ്യാന്‍ അവരെ അനുവദിക്കുന്നില്ല. അവരുടെ ചികിത്സാരീതി അനുവദിക്കുന്നില്ലെന്നും നിരീക്ഷിച്ച ബെഞ്ച് ഇരുകൂട്ടരും ഒരേ ജോലിയല്ല ചെയ്യുന്നതെന്നു വ്യക്തമാക്കിയാണ് തുല്യവേതനം അനുവദിക്കാനാകില്ലെന്ന വിധി ശരിവച്ചത്.

എംബിബിഎസ് ബിരുദമുള്ള ഡോക്ടര്‍മാര്‍ക്ക് തുല്യമായി ആയുര്‍വേദ ചികിത്സകര്‍ക്ക് അര്‍ഹതയുണ്ടെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ 2012ലെ ഉത്തരവിനെ ചോദ്യം ചെയ്തുള്ള അപ്പീല്‍ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. ആ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ഡിവിഷന്‍ ബെഞ്ചില്‍ റിവ്യൂ പെറ്റീഷന്‍ സമര്‍പ്പിച്ചത്.

ദിവസവും നൂറുകണക്കിന് രോഗികളേയാണ് അലോപ്പതി ഡോക്ടര്‍മാര്‍ ചികിത്സിക്കുന്നത്. ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കെന്നാല്‍ ആ സ്ഥിതിയില്ല. അലോപ്പതി ഡോക്ടര്‍മാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന അടിയന്തര വൈദ്യ സഹായവും ട്രോമ കെയറും, ശസ്ത്രക്രിയകളും ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ചെയ്യാന്‍ കഴിയില്ലന്നു വ്യക്തമാക്കിയ കോടതി ആയുര്‍വേദ പ്രാക്ടീഷണര്‍മാരുടെ പ്രാധാന്യവും ബദല്‍ അല്ലെങ്കില്‍ തദ്ദേശീയ ചികിത്സാ സമ്പ്രദായങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയിന്നുണ്ടെന്നും പറഞ്ഞു. എന്നാല്‍ രണ്ട് വിഭാഗം ഡോക്ടര്‍മാരും തുല്യ ജോലിയല്ല ചെയ്യുന്നത് എന്ന വസ്തുത മറക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in